Skip to main content

കൊടകര കുഴല്‍പ്പണക്കേസിലെ കവര്‍ച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ നിഗൂഢമായ ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി പറയുന്നു. ചില പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്. കുഴല്‍പ്പണത്തിന്റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളിയ ഉത്തരവിലാണ് പരാമര്‍ശം. കേസില്‍ വെളിപ്പെടാത്ത നിരവധി കാര്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും ഹൈക്കോടതി പറയുന്നു. കൊടകരക്കേസ് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കാണിച്ച് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങവേ ആണ് പ്രതികളുടെ ജാമ്യ ഉത്തരവില്‍ ഇത്ര നിര്‍ണായകമായ നിരീക്ഷണങ്ങള്‍ നടത്തുന്നതെന്നതാണ് പ്രധാനം. 

കവര്‍ച്ചാ പണം മുഴുവന്‍ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബി.ജെ.പി നേതാക്കളില്‍ നിന്ന് കിട്ടിയിട്ടില്ല. അതിനാല്‍ ഇത് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (ജൃല്‌ലിശേീി ീള ങീില്യ ഘമൗിറലൃശിഴ അര)േ ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാകും സംസ്ഥാന പോലീസ് കോടതിയില്‍ ആവശ്യപ്പെടുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. 

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കളാരും പ്രതികളാകില്ല എന്നുറപ്പായിട്ടുണ്ട്. കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും. കേസില്‍ കുറ്റപത്രം ജൂലൈ 24-ന് സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കുറ്റപത്രത്തില്‍ ബി.ജെ.പി നേതാക്കളുടെ മൊഴികള്‍ ഉള്‍പ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രന്‍ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവര്‍ച്ചക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. 

കേസിന്റെ രാഷ്ട്രീയമാനം പൂര്‍ണമായും പോലീസ് അവസാനിപ്പിക്കുന്നു എന്ന് വേണം കണക്കാക്കാന്‍. ഇത് ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണ സംഘം പറഞ്ഞിരുന്നത്. ഇക്കാര്യം ഇരിഞ്ഞാലക്കുട കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാലിപ്പോള്‍ നേരേ കേസില്‍ യുടേണ്‍ തിരിച്ച് ഇതൊരു കവര്‍ച്ചാക്കേസായി മാത്രം അവസാനിപ്പിക്കവേ, സംസ്ഥാനസര്‍ക്കാര്‍ കേസ് വെളുപ്പിച്ച് ഒരു കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന്റെ രാഷ്ട്രീയമാനങ്ങള്‍ അതുകൊണ്ട് തന്നെ വലുതാകുകയും ചെയ്യും.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഇതിനോടകം ഇരുപത്തി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം  രൂപയും കണ്ടെടുത്തിരുന്നു. എന്നാല്‍ ബാക്കി പണം കണ്ടെത്തുക എങ്ങനെയാണ് എന്നതിലാണ് അന്വേഷണസംഘം വഴിമുട്ടി നിന്നത്.