Skip to main content

കൊല്ലം ചാരുമ്മൂട്ടില്‍ വിവാഹിതരായ സതീഷ് സത്യന്‍-ശ്രുതി രാജ് ദമ്പതികള്‍ വിവാഹശേഷം ശ്രുതിക്ക് മാതാപിതാക്കള്‍ വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ തലത്തില്‍ വച്ച് തിരികെ നല്‍കി. ഇതു സ്ത്രീധനത്തിനെതിരെയുള്ള മാതൃകയല്ല. വാര്‍ത്തയിലിടം പിടിക്കാനുള്ള ചെപ്പടിവിദ്യ. അല്ലെങ്കില്‍ ലേഖകന്റെ സൂത്രപ്പണി. 'ഈ സ്വര്‍ണ്ണം തിരികെയെടുത്താലും' എന്ന പൈങ്കിളി തലവാചകത്തോടെ ഒന്നാം പേജില്‍ സചിത്ര വാര്‍ത്ത. സ്ത്രീധനകൊടുക്കല്‍-വാങ്ങല്‍ നിലനില്‍ക്കുന്നതിനേക്കാള്‍ അപകടകരമാണ് കാപട്യങ്ങളെ മാതൃകയായി പ്രതിഷ്ഠിക്കുന്നത്. അത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഇല്ലാതാക്കും. ഒപ്പം ഇപ്പോള്‍ത്തന്നെ പൂര്‍ണ്ണമായും പൈങ്കിളി വത്ക്കരിക്കപ്പെട്ട കേരളാന്തരീക്ഷത്തെ കൂടുതല്‍ ജീര്‍ണ്ണിപ്പിക്കും. പൈങ്കിളി സമൂഹത്തിന്റെ ഇക്കിളി സംതൃപ്തിദായകോപാധിയാണ് സ്ത്രീധനം.

സ്ത്രീധനവും സമ്മാനവും തമ്മിലുള്ള വ്യത്യാസത്തിന്റെ തിരിച്ചറിവ് മാധ്യമങ്ങള്‍ക്കുണ്ടാകണം. തിരസ്‌കരിക്കാനുള്ളതല്ല, ഹൃദയപൂര്‍വ്വം സ്വീകരിക്കാനുള്ളതാണ് സമ്മാനം. ഹൃദ്യമല്ലാതെ കൊടുക്കുന്നതും വാങ്ങുതുമാണ് സ്ത്രീധനം. 'താലത്തില്‍ ഇതുപോലെ സ്വര്‍ണ്ണം തിരിച്ചു നല്‍കാത്ത ദമ്പതിമാര്‍ സ്ത്രീധനം വാങ്ങുന്ന കുറ്റവാളികളാകാതിരിക്കട്ടെ. എന്തായാലും ഈ 'മാതൃകാ മാനദണ്ഡം' ശ്രുതിയുടെയും സതീഷിന്റെയും ജീവിതത്തെ നയിക്കാതിരിക്കട്ടെ.