Skip to main content

സംസ്ഥാനത്ത് കൊവിഡിനൊപ്പം സിക്ക വൈറസ് കൂടി സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. ഇതുവരെ 14 സിക്ക വൈറസ് കേസുകള്‍ ആണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും അയച്ച 17 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണ്. പാറശ്ശാല സ്വദേശിനിയായ ഗര്‍ഭിണിക്കാണ് സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ പാറശ്ശാലയിലും തിരുവനന്തപുരം നഗരസഭാ പരിധിയിലും ഉളള 17 പേരുടെ സാമ്പിളുകള്‍ ആണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ സിക്ക വൈറസ് ബാധ സംശയിക്കുന്ന പ്രദേശങ്ങളില്‍ നിന്നും പരിശോധനയ്ക്ക് അയക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

സിക്ക വൈറസ് ബാധയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് കേരളത്തിലെത്തും. സിക്ക പ്രതിരോധത്തിനായി കേരളത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര സംഘം ജില്ലയില്‍ രോഗബാധ സംശയിക്കുന്ന വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തും. സിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം നിര്‍ദേശങ്ങള്‍ കൈമാറും.

സംസ്ഥാനത്ത് സിക്ക വൈറസിനെ നേരിടാന്‍ ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.