Skip to main content

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം വേണമെന്ന് സഹോദരന്‍ ഹര്‍ജി നല്‍കിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയുമെല്ലാം അന്വേഷിച്ച കേസില്‍ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണ് എന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ മറ്റൊരു കൊലപാതക കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഫസല്‍ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണ് എന്ന് മൊഴി നല്‍കിയിരുന്നു. അന്വേഷണത്തെ തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ സ്വാഗതം ചെയ്തു. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണോ സി.പി.എം ആണോ എന്ന കാര്യത്തില്‍ പുതിയ അന്വേഷണത്തിലൂടെ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.

കൂത്തുപറമ്പില്‍ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണ് എന്നായിരുന്നു കുപ്പി സുബീഷ് പോലീസിന് നല്‍കിയ മൊഴി. കൂട്ടുപ്രതിയും ഇക്കാര്യം ശരിവച്ചിരുന്നു. എന്നാല്‍ ഈ മൊഴി പിന്നീസ് സുബീഷ് തിരുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫസലിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ഇവര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും കണ്ണൂരില്‍ പ്രവേശിക്കരുതെന്ന നിബന്ധനയുണ്ട്. ഫസലിനെ കൊലപ്പെടുത്തിയതില്‍ ബന്ധമില്ല എന്നാണ് സി.പി.എം നേരത്തെ വ്യക്തമാക്കിയത്. ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട വേളയിലും സി.പി.എം നേതൃത്വം ഇക്കാര്യം ആവര്‍ത്തിച്ചു.
നേരത്തെ കേസ് അന്വേഷിച്ച സി.ബി.ഐ സംഘം തന്നെയാണ് പുനരന്വേഷണം നടത്തുക. പുതിയ മൊഴിയിലെ കാര്യങ്ങള്‍ കൂടി പരിശോധിക്കും.

2006 ഒക്ടോബറിലാണ് പത്ര വിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്. സൈദാര്‍പള്ളിയിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്നു. പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ ദൃക്സാക്ഷികളുണ്ടായിരുന്നില്ല. രക്തം പുരണ്ട ടവ്വല്‍ ആര്‍.എസ്.എസ് ഓഫീസിന് മുമ്പില്‍ നിന്ന് ലഭിച്ചിരുന്നു. ഇതോടെ ആര്‍.എസ്.എസ് ആണ് സംഭവത്തിന് പിന്നിലെന്ന് പ്രചാരണമുണ്ടായി. എന്നാല്‍ അന്വേഷണം എത്തിയത് സി.പി.എമ്മിലേക്കാണ്. പോലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും കണ്ടെത്തിയത് സംഭവത്തിന് പിന്നില്‍ സി.പി.എം ആണ് എന്നായിരുന്നു. ഇടയ്ക്കിടെ അന്വേഷണ സംഘത്തെ മാറ്റിയ ഇടതു സര്‍ക്കാരിന്റെ നടപടിയും ഈ സംശയത്തിന് ബലമേകി.