Skip to main content

സംരക്ഷിത വനമേഖലയില്‍ നിന്ന് വ്ളോഗര്‍ സുജിത് ഭക്തന്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് അനുമതിയില്ലാതെയെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അതേസമയം സുജിത് ഭക്തന്‍ സഞ്ചരിച്ച ഇടമലക്കുടി സംരക്ഷിത വനമേഖല അല്ലെന്നും സംരക്ഷിത വനമേഖലയായ ഇരവികുളം ഉദ്യാനത്തില്‍ നിന്നും സുജിത് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്. ഹരീന്ദ്രകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ഡി.എഫ്.ഒ പി.ആര്‍ സുരേഷിന് കൈമാറി.

ഡീന്‍ കുര്യാക്കോസ് എം.പിക്കൊപ്പമുള്ള സുജിത് ഭക്തന്റെ ഇടമലക്കുടി യാത്ര വലിയ വിവാദമായിരുന്നു. ഒരു കൊവിഡ് കേസുപോലുമില്ലാത്ത ഇടമലക്കുടിയില്‍ പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശിക്കുന്നതില്‍ വിലക്കുള്ള സാഹചര്യത്തിലാണ് സുജിത് ഭക്തന്റെ ഇടമലക്കുടി യാത്ര വിവാദമായത്. കൊവിഡ് മാനദണ്ഡം പാലിക്കാതെ ഇടമലക്കുടി പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തേക്ക് എം.പി ഉല്ലാസയാത്ര നടത്തിയെന്ന് സി.പി.ഐ ആരോപിച്ചിരുന്നു. ഇടുക്കി എം.പിക്കും വ്ളോഗര്‍ സുജിത് ഭക്തനും എതിരെ നടപടി ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പോലീസിലും പരാതി നല്‍കിയിരുന്നു. മാസ്‌ക് ധരിക്കാതെ എം.പി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം ഇടമലക്കുടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദിവാസി ഗ്രാമത്തിലേക്ക് പരിശോധന നടത്താതെയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും എം.പി യാത്ര നടത്തിയതില്‍ അന്വേഷണം വേണമെന്ന് സി.പി.ഐ പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എം.പിക്കൊപ്പം ഉല്ലാസയാത്രയെന്നാണ് സുജിത് ഭക്തന്‍ ടെക് ട്രാവല്‍ ഈറ്റ് എന്ന വ്ലോഗില്‍ ആദ്യം തലക്കെട്ട് നല്‍കിയതെന്നും വിവാദമായതോടെ തലക്കെട്ട് മാറ്റിയെന്നും ഇവര്‍ ആരോപിക്കുന്നു.