Skip to main content

തൃശ്ശൂര്‍ മേയര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിര്‍ബന്ധപൂര്‍വ്വം പോലീസുകാര്‍ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം. പോലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്ന് പൊതു പ്രവര്‍ത്തകനായ അനന്തപുരി മണികണ്ഠന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് രംഗത്തെത്തിയതിന് പിന്നാലെയാണ് മേയര്‍ക്കെതിരെയും പരാതി ഉയര്‍ന്നത്. ഔദ്യോഗിക വാഹനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കാണ് എം.കെ വര്‍ഗീസ് പരാതി നല്‍കിയത്. 

പല തവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മേയറുടെ പരാതി ഡി.ജി.പി തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറി. മേയറുടെ പരാതിയില്‍ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് മേയറെ സല്യൂട്ട് ചെയ്യേണ്ടതുള്ളൂവെന്നാണ് പോലീസിന്റെ വിശദീകരണം.