Skip to main content

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ദുരൂഹതയേറുന്നു. മൊഴി കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെടുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക്(സി.ഡബ്ല്യൂ.സി) കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന പോലീസ് വാദം തള്ളി സി.ഡബ്ല്യൂ.സി രംഗത്തെത്തി. മൊഴിയുടെ ആധികാരിത തന്നെ സംശയ നിഴലിലായതോടെ ഭര്‍ത്താവ് കെട്ടിച്ചമച്ച പരാതിയാണ് ഇതെന്ന ആക്ഷേപം ബലപ്പെടുകയാണ്. പരാതി സത്യമാണോയെന്ന് ഉറപ്പിക്കാന്‍ പോലീസിന് ആവശ്യമെങ്കില്‍ വിശദമായ രണ്ടാം കൗണ്‍സിലിങ്ങാവാമെന്നും സി.ഡബ്ല്യൂ.സി പറയുന്നു. 

പോലീസിന്റെ ആവശ്യപ്രകാരം കുട്ടിയെ കൗണ്‍സലിംഗ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ശുപാര്‍ശകളോ നിഗമനങ്ങളോ ഇല്ലാതെ റിപ്പോര്‍ട്ട് നല്‍കുകയും അത് കുട്ടിയുടെ മൊഴി എന്ന രീതിയില്‍ പോലീസ് അമ്മയ്‌ക്കെതിരെ കുറ്റം ചുമത്തി ജയിലിലടച്ചതാവാം എന്ന സംശയവും ബലപ്പെടുന്നു. 

പിതാവിനെതിരെ വെളിപ്പെടുത്തലുമായി ഇളയ മകന്‍ രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. അമ്മയ്ക്കെതിരെയുള്ള മൊഴി അച്ഛന്‍ സഹോദരനെ മര്‍ദിച്ച് പറയിച്ചതാണെന്നും കേസില്‍ കുടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് ഇളയ മകന്റെ മൊഴി. വിവാഹ ബന്ധം വേര്‍പെടുത്താതെ യുവതിയുടെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരിലുണ്ടായ സംഭവങ്ങളാണ് ഇതിനെല്ലാം കാരണമായത് എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 

14കാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മകന്റെ പരാതിയില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.