സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റ നീക്കത്തിനെതിരെ ആയിരുന്നു ഗവര്‍ണ്ണര്‍ രംഗത്ത് വന്നത്. റൂള്‍സ് ഓഫ് ബിസിനസ്സ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും ഗവര്‍ണ്ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും നിയമമന്ത്രി എ.കെ.ബാലന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ആവശ്യമുളള സംഭവങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തില്‍ പറയുന്നത്. ഇപ്പോള്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം അല്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള പൂര്‍ണ്ണ അധികാരം സര്‍ക്കാരിനുണ്ട്. അത് മാത്രമാണ് ചെയ്തത്.
സര്‍ക്കാരിന്റെ നടപടി ചട്ടലംഘനമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നുമാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. വിശദീകരണം തേടിയാല്‍ നിയമവിദഗ്ദരുമായി ആലോചിച്ച് മറുപടി നല്‍കുമെന്നും നിയമമന്ത്രി പറഞ്ഞു.

