കുറച്ച് ദിവസങ്ങള്‍ മാത്രമല്ല തന്റെ ജീവിതാവസാനം വരെ വയനാട്ടുകാര്‍ക്കൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. വയനാടും കേരളവും രാജ്യത്തിന് മാതൃകയാണ്. വിവിധ സമുദായങ്ങളിലുള്ളവര്‍, വ്യത്യസ്ത ആശയങ്ങളുള്ളവര്‍ സഹവര്‍ത്തിത്വത്തോടെ അധിവസിക്കുന്ന നാടാണ് വയനാട്. എന്നാല്‍ വയനാട് ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് എനിക്കറിയാം. പ്രധാനമായും വന്യ ജീവികളുടെ ആക്രമണം. സത്യത്തില്‍ ഇത് വികസനവും പ്രകൃതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. പക്ഷേ അത് പറഞ്ഞ് ഒഴിയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കും. അത് മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന വിധത്തിലാകില്ല, മറിച്ച് താഴെ തട്ടില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും രാഹുല്‍ ഗാന്ധി സുല്‍ത്താന്‍ ബത്തേരിയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു.
രാത്രിയാത്രാ നിരോധനത്തിനും വയനാടിന്റെ അരോഗ്യ പരിപാലന രംഗത്തെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം വാഗാദാനം നല്‍കി. രാവിലെ പത്തു മണിയോടെ തിരുനെല്ലിയിലെത്തിയ രാഹുല്‍ ഗാന്ധി, ക്ഷേത്ര ദര്‍ശനത്തിനും ബലിതര്‍പ്പണത്തിനും ശേഷമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.
