മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണിയുടെ ഭൗതിക ദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിച്ചു. വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരം. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയ വൈദികരാണ് അന്ത്യ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. മൂന്ന് മണിയ്ക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നതെങ്കിലും അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ പാലായിലെ വീട്ടിലേക്ക് എത്തിയതോടെ സമയം നീളുകയായിരുന്നു.
ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കെ.എം.മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് പാലായിലെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കെ.എം മാണി കൊച്ചിയിലെ ലെക്ഷോര്‍ ആശുപത്രിയില്‍ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം മരുന്നുകളോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് നില മോശമാവുകയായിരുന്നു.