Skip to main content
Kochi

kavya madhavan

നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍  ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസില്‍ പോലീസ് തന്നെ  പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്ന് പറഞ്ഞാണ് കാവ്യ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അറസ്റ്റ് മുന്നില്‍ കണ്ടാണ് കാവ്യയുടെ ഈ നടപടി.

 

 

തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നതായി കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. തന്നെ പ്രതിയാക്കാന്‍ പൊലീസ് ഗൂഢശ്രമം നടത്തുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പോലീസിനോട് പറയുകയും ചെയ്തതാണ്. കേസുമായി ബന്ധപ്പെട്ട് പോലീസുമായി തന്നാലാവുന്ന വിധം സഹകരിച്ചാണ് പോരുന്നത്.എന്നിട്ടും മനപ്പുര്‍വ്വം കേസില്‍പെടുത്താന്‍ പൊലീസ് നീക്കം നടത്തുകയാണ്. പലതവണ പോലീസ് കേസുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

 

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തനിക്ക് അറിയില്ല. മുന്‍പരിചയവുമില്ല. എന്നിട്ടും പള്‍സര്‍ തന്റെ ഡ്രൈവറാണെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമങ്ങള്‍ നടത്തുകയാണ്. കേസുമായി ബന്ധപ്പെട്ട് പോലീസ് തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നുണ്ടെന്നും കാവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു.

 

കേസിലെ മാഡം കാവ്യാ മാധവനാണെന്ന് നേരത്തെ പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു. നിരവധി തവണ കാവ്യയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തിയിരുന്നു.

കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.