പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാന്‍ സുപ്രീം കോടതി അയോഗ്യനാക്കി.പാനമ അഴിമതിക്കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്നും അതിനാല്‍ തല്‍ സ്ഥാനത്ത് തുടരാന്‍ ഷെരീഫിനര്‍ഹതയില്ലെന്നും ഉടന്‍ രാജി വയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. സുപ്രീംകോടതിയിലെഅഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സ്വത്തു സമ്പാദിച്ചിരുന്നു, ഇതു സംബന്ധിച്ച വിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാകഫോണ്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നായിരുന്നു ആരോപണം.
ഷെരീഫിനെതിരെ കേസെടുക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണ് കോടതിയെ സമീപിച്ചിരുന്നത്. പരാതിയെ തുടര്‍ന്ന് ഷെരീഫിന്റെ ലണ്ടനിലെ സ്വത്തുക്കള്‍ പരിശോധിക്കാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ സുപ്രീം കോടതി സംയുക്ത അന്വേഷണസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ മാസം പത്താംതീയതി സമിതി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

