Skip to main content

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനമിടിച്ചുകയറ്റി നാല് കര്‍ഷകരടക്കം 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ലഖിംപൂര്‍ ഖേരിയില്‍ നടന്ന അപകടത്തില്‍ കഴിഞ്ഞ ദിവസം നാല് കര്‍ഷകരടക്കം എട്ട് പേര്‍ മരിച്ചിരുന്നു. പരിക്കേറ്റ ഒരു മാധ്യമപ്രവര്‍ത്തകന്‍കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ ഒമ്പതായി ഉയര്‍ന്നത്.

കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യു.പി പോലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ മകന്‍ ആശിഷ് മിശ്രയ്ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്ന കര്‍ഷകരുടെ ആരോപണം നിഷേധിച്ച് മന്ത്രി അജയ് മിശ്ര രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരത്തിനെതിരായി മിശ്ര നടത്തിയ പ്രസ്താവനകള്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മിശ്രയുടെ സന്ദര്‍ശനം തടയാനായി ഒത്തുകൂടുകയായിരുന്നു കര്‍ഷകര്‍. ഇവര്‍ക്കിടയിലേക്കാണ് മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയത്.

Tags
Ad Image