Representational Image
അമ്പതു ശതമാനത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് കേന്ദ്രം. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ അമ്പതു ശതമാനത്തോളം ജീവനക്കാര്‍ മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി. ബാക്കിയുള്ള 50%പേരും നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് പേഴ്‌സണല്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ ജോലി സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കൊറോണയുടെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനയാണ് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശത്തിലൂടെ മനസ്സിലാവുന്നത്.
കൊറോണവൈറസിന്റെ സമൂഹവ്യാപനം സംഭവിച്ച് കഴിഞ്ഞാല്‍ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാവും. ഈ സാഹചര്യത്തിലാണ് രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്. ഐ.സി.എം.ആര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 826ഓളം സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഇവയെല്ലാം നെഗറ്റീവാണ്. അതിനാല്‍ കൊറോണയുടെ മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐ.സി.എം.ആറിന്റെ വിലയിരുത്തല്‍.

