
രുചികരവും സമൃദ്ധവുമായി പാകം ചെയ്യാന്‍ കഴിയുന്ന വസ്തുക്കള്‍. നല്ല അടുക്കളയും അടുപ്പും. പക്ഷേ പാകം ചെയ്ത് വിളമ്പിയപ്പോള്‍ വായില്‍ വയ്ക്കാന്‍ കൊള്ളാത്തതായി. ഇതാണ് വിവേകിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം അതിരന്. ഒരുപക്ഷേ സായ് പല്ലവി എന്ന നടിയുടെ ഇതുവരെ ഇറങ്ങിയതും ഇറങ്ങാനിരിക്കുന്നതുമായ ചിത്രങ്ങളിലെ ഏറ്റവും മോശമായ പ്രകടനവും അതിരനിലേതാകാം.
നല്ല തിരക്കഥയും സംവിധാനവും ഇല്ലാത്തതിനാലാണ് കാണികള്‍ക്ക് പറഞ്ഞറിയിക്കാന്‍ വയ്യാത്ത വിധം ഈ സിനിമ അരോചകമായിപ്പോയത്. ഇംഗ്ലീഷ് സിനിമകളില്‍നിന്ന് കോപ്പിയടിച്ചുകൊണ്ടും അല്ലാതെയും ഒട്ടേറെ മലയാള സിനിമകള്‍ ഇറങ്ങുന്നുണ്ട്. ഉദാഹരണത്തിന് ജിത്തു ജോസഫിന്റെ 'മൈ ബോസ് ' 'ദൃശ്യം ' എന്നീ ചിത്രങ്ങള്‍. മനുഷ്യന്റെ യുക്തിയെ ചോദ്യം ചെയ്യാത്ത വിധത്തില്‍ മലയാളത്തിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞതിന്റെ മേന്മയാണ് അവയ്ക്ക് വന്‍ വിജയം നേടിക്കൊടുത്തത്. താന്‍ പറയുന്നത് എന്താണെന്ന് പോലും അറിയാന്‍ കഴിയാത്തതാണ് അതിരന്റെ സംവിധായകന് നേരിട്ട പ്രതിസന്ധി. ഇതില്‍ക്കൂടുതല്‍ ഒരു നിരൂപണം ഈ സിനിമ അര്‍ഹിക്കുന്നില്ല.
