
പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഡിസംബര്‍ 6-ന് തിരുവനന്തപുരത്ത് തിരിതെളിയും. കനകക്കുന്നിലെ നിശാഗന്ധി ഉൾപ്പെടെ നഗരത്തിലെ 11 തിയേറ്ററുകളാണ് ചലച്ചിത്ര മേളക്ക് വേദിയാകുക. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥികളായി സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ സ്പാനിഷ് സംവിധായകന് കാര്‍ലോ സോറസ്, ഇന്ത്യന്‍ അഭിനേത്രി ശബാനാ ആസ്മി എന്നിവര്‍ പങ്കെടുക്കും. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ സാന്നിധ്യവുമുണ്ടാകും. സമാപന സമ്മേളനത്തില്‍ മലയാളി ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ വിഖ്യാത കൊറിയന്‍ സംവിധായകന് കിംകി ഡുക്കും മുഖ്യാതിഥിയായിരിക്കും.
ഉദ്ഘാടന ചിത്രമായി പ്രമുഖ ഇസ്രയേലി സംവിധായകന് അമോസ് ഗിദായിയുടെ ‘അന അറേബ്യ’ പ്രദര്‍ശിപ്പിക്കും. 56 രാജ്യങ്ങളിൽ നിന്ന് 16 വിഭാഗങ്ങളിലായി 209 ചിത്രങ്ങൾ മേളയിലുണ്ട്. 35 ചിത്രങ്ങൾ സംയുക്ത സംരംഭങ്ങളാണ്. ഇതില്‍ 12 സിനിമകളുടെ സംവിധായകർ വനിതകളാണ്. മത്സരവിഭാഗത്തിൽ രണ്ട് മലയാള സിനിമകൾ ഉൾപ്പെടെ പതിനാല് ചലച്ചിത്രങ്ങളുണ്ട്. കോൺ ഇച്ചിക്കാവ, മിസോഗുചി തുടങ്ങിയവരുടേതുൾപ്പെടെ ഏഴ് ചിത്രങ്ങൾ സമുറായ് വിഭാഗത്തിലുമുണ്ട്.
യുഗോസ്ലാവ് സംവിധായകനായ ഗറോൺ പാസ്കൽ ജെവിക്, ഇറ്റാലിയൻ സംവിധായകൻ മാർകോ ബലോചും, ജാപ്പനീസ് സംവിധായകൻ തക്കാഷി മൈക്ക് , ഫ്രഞ്ച് സംവിധായിക ക്ലേയർ ഡെനിസ് , ജർമൻ സംവിധായകൻ ഹാരുൺ ഫറോക്കി എന്നിവരുടെ 37 ചിത്രങ്ങൾ റെസ്ട്രോസ്പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
മലയാള സംവിധായകൻ ഹരിഹരന്റെ ആറ് ചിത്രങ്ങളും റിട്രോ വിഭാഗത്തിലുണ്ട്. ജൂറി ചിത്രങ്ങൾ രണ്ടെണ്ണമുണ്ട്. ബംഗാളി സംവിധായകന് ഋതുപർണഘോഷിന്റെ മൂന്ന് ചിത്രങ്ങൾ ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. അന്തരിച്ച മലയാള ചലച്ചിത്ര പ്രതിഭകളായ സുകുമാരി, കൊന്നനാട്ട്, രാഘവൻ മാസ്റ്റർ, ദക്ഷിണാമൂർത്തി എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്.
