Skip to main content

 

കുട്ടികളുടെ പതിനെട്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, ആന്ധ്ര ഐ.ടി. മന്ത്രി ഡി.കെ. അരുണ, പ്രശസ്ത ഗസല്‍ ഗായകന്‍ ഗുല്‍സാര്‍ എന്നിവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ശിശുദിന ദിവസമായ നവംബര്‍ 14-ന് ആയിരക്കണക്കിന് കുട്ടികള്‍ നിറഞ്ഞ ലളിതകലാ തോരണത്തില്‍ വച്ചാണ് ചലച്ചിത്ര മാമാങ്കത്തിന് തിരി തെളിഞ്ഞത്. ജന്മനാ ഇരുകാലുകളും തളര്‍ന്ന വിദ്യാര്‍ഥിനി വനംവിനീല ചലച്ചിത്രോല്‍സവത്തിനു വിളക്കുകൊളുത്തി.

 

ആറുദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ 12 വേദികളിലായി 45 രാജ്യങ്ങളില്‍നിന്നുള്ള 203 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചിത്രമായി ശില്പ റനഡെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം -ഗോപി ഗവയ്യ ബഗ ബജായിയ പ്രദര്‍ശിപ്പിച്ചു. ഓസ്‌ട്രേലിയ, ചിലി, ക്യൂബ, ലെബനന്‍, ടുണീഷ്യ, മലേഷ്യ, ഉറുഗ്വേ, സോള്‍വേനിയ, സ്‌കോട്ട്‌ലന്‍ഡ് എന്നിങ്ങയുള്ള രാജ്യങ്ങളിലെ സിനിമകളും മത്സര വിഭാഗത്തിലുണ്ട്. അന്താരാഷ്ട്ര സിനിമ, ആനിമേഷന്‍, ഹ്രസ്വ സിനിമ, കുട്ടികള്‍ സംവിധാനം ചെയ്ത സിനിമ എന്നീ വിഭാഗങ്ങളിലായി 16 അവാര്‍ഡുകളാണ് നല്‍കുക. കുട്ടികളുടെ സിനിമ, കുട്ടികളുടെ ലോകം എന്നീ രണ്ടു വിഷയങ്ങളിലാണ് മത്സരം.

 

മികച്ച സിനിമയ്ക്ക് സുവര്‍ണ ഗജം പുരസ്‌കാരവും രണ്ടുലക്ഷം രൂപ സമ്മാനവും ലഭിക്കും. രണ്ടാമത്തെ സിനിമയ്ക്ക് ശില്പവും ഒരുലക്ഷം രൂപ സമ്മാനവും ലഭിക്കും. ഹണി ഇറാനി (ചെയര്‍പേഴ്‌സണ്‍ ഇന്ത്യ), ലയാലി ബാദര്‍(പലസ്തീന്‍), വിംബെകെ മൗസ്യ (ആഫ്രിക്ക), സിദ്ദിഖി ബര്‍മാക് (അഫ്ഗാനിസ്താന്‍), ഹൗ കെമിങ് (ചൈന) എന്നിവരാണ് ജൂറി അംഗങ്ങള്‍.