Skip to main content

inarittu

 

പ്രധാന വിഭാഗങ്ങളില്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ 87ാമത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അലെജാണ്ട്രോ ജി. ഇനാരിത്തുവിന്റെ ബേര്‍ഡ്മാന്‍ ആണ് മികച്ച ചിത്രം. മികച്ച സംവിധായകനും മികച്ച മൗലിക തിരക്കഥയ്ക്കും ഉള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ മെക്സിക്കന്‍ സ്വദേശിയായ ഇനാരിത്തു കരസ്ഥമാക്കി.

 

തന്റെ നാല് മുന്‍ചിത്രങ്ങള്‍ക്കും വ്യാപക നിരൂപക പ്രശംസ നേടിയ 51-കാരനായ ഇനാരിത്തുവിന്റെ ആദ്യ ഓസ്കാര്‍ പുരസ്‌കാരം ആണിത്. തിരിച്ചുവരവിന് ശ്രമിക്കുന്ന മുന്‍ സൂപ്പര്‍ഹീറോയിലൂടെ ചലച്ചിത്ര വ്യവസായത്തെ കുറിച്ചുള്ള കറുത്ത ആക്ഷേപഹാസ്യമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

 

മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ട എട്ടു ചിത്രങ്ങളും ഒരു പുരസ്കാരമെങ്കിലും നേടി. എന്നാല്‍, റിച്ചാര്‍ഡ് ലിങ്ക്ലേറ്ററുടെ ബോയ്‌ഹുഡിന് ആറു നാമനിര്‍ദ്ദേശങ്ങളില്‍ നിന്ന്‍ ഒരു പുരസ്കാരം മാത്രം ലഭിച്ചത് ആരാധകര്‍ക്ക് നിരാശയാകും. ഒരു ആണ്‍കുട്ടിയുടെ 12 വയസ്സ് വരെയുള്ള വളര്‍ച്ചയുടെ കഥ ഒരേ കഥാപാത്രങ്ങളെ ഉപയോഗിച്ച് ചിത്രീകരിച്ച ചലച്ചിത്രമാണിത്.    

 

ഓസ്കാര്‍ പുരസ്കാരങ്ങള്‍ തെരഞ്ഞെടുക്കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്സ് ആന്‍ഡ്‌ സയന്‍സസിലെ 6,100 അംഗങ്ങള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതി നേടിയത് വെസ് ആന്‍ഡേഴ്സണിന്റെ ദ ഗ്രാന്‍ഡ്‌ ബുഡാപേസ്റ്റ് ഹോട്ടല്‍ ആണ്. ഒന്‍പത് നാമനിര്‍ദ്ദേശങ്ങളില്‍ നാലെണ്ണം കരസ്ഥമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞു.

യുവസംവിധായകന്‍ ഡാമിയന്‍ ചസേലിന്റെ ചിത്രം വിപ് ലാഷ് മൂന്ന്‍ പുരസ്കാരങ്ങള്‍ നേടി.

 

പോളണ്ടില്‍ നിന്നുള്ള ഇഡ ആണ് മികച്ച വിദേശഭാഷാ ചലച്ചിത്രം. ആദ്യമായാണ് പോളണ്ടില്‍ നിന്ന്‍ ചിത്രത്തിന് ഓസ്കാര്‍ ലഭിക്കുന്നത്. താന്‍ ജൂതയായാണ്‌ ജനിച്ചതെന്ന് തിരിച്ചറിയുന്ന ഒരു കൃസ്ത്യന്‍ കന്യാസ്ത്രീയുടെ കഥയാണ് 1962 കാലഘട്ടം പശ്ചാത്തലമായി കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച പാവേല്‍ പവ്ളികൊവ്സ്കിയുടെ ഈ ചിത്രം പറയുന്നത്.   

 

സ്റ്റില്‍ ആലീസ് എന്ന ചിത്രത്തില്‍ അല്‍ഷിമേഴ്സ് രോഗബാധിതയാകുന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂലിയന്‍ മൂര്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. മുന്‍പ് അഞ്ച് തവണ മൂറിന് ഈ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുള്ള മൂറിന്റെ ആദ്യ ഓസ്കാര്‍ പുരസ്കാരമാണിത്. പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ കോളേജ് ജീവിതകഥ ചിത്രീകരിച്ച ദ തിയറി ഓഫ് എവരിതിങ്ങില്‍ ഹോക്കിങ്ങിനെ അവതരിപ്പിച്ച എഡ്ഢി റെഡ്മെയ്ന്‍ മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായി. ബോയ്‌ഹുഡിലെ അഭിനയത്തിന് പട്രിസിയ ആര്‍ക്വേറ്റ് മികച്ച സഹനടിയ്ക്കും വിപ് ലാഷിലെ പ്രകടനത്തിന് ജെ.കെ സിമ്മന്‍സ് മികച്ച സഹനടനുമുള്ള പുരസ്കാരങ്ങള്‍ കരസ്ഥമാക്കി.    

 

യു.എസ് രഹസ്യാന്വേഷണ ഏജന്‍സി എന്‍.എസ്.എ നടത്തുന്ന വിവരചോരണം പുറത്തുകൊണ്ടുവന്ന എഡ്വേര്‍ഡ് സ്നോഡനെ കുറിച്ച് ലോറ പോയ്‌ട്രാസ് ഒരുക്കിയ സിറ്റിസന്‍ഫോര്‍ മികച്ച ഡോകുമെന്ററിയ്ക്കുള്ള പുരസ്‌കാരം നേടി.