Skip to main content

geethu mohandasമലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ ആദ്യ ഫീച്ചര്‍ ചലച്ചിത്രം ലയേഴ്സ് ഡൈസ് 2015-ലെ ഓസ്കാര്‍ പുരസ്കാരങ്ങളില്‍ മികച്ച വിദേശ ചലച്ചിത്രത്തിനുള്ള മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഗീതാഞ്ജലി ഥാപ്പയ്ക്ക് മികച്ച അഭിനേത്രിയ്ക്കും ഗീതുവിന്റെ ഭര്‍ത്താവ് രാജീവ്‌ രവിയ്ക്ക് മികച്ച ഛായാഗ്രാഹകനുമുള്ള പുരസ്കാരങ്ങള്‍ ചിത്രം നേടിയിരുന്നു.

 

ഓസ്കാര്‍ പ്രതിനിധാനത്തിനായി ഇത്തവണ റെക്കോഡ് എണ്ണം കുറിച്ച് 30 ചിത്രങ്ങളാണ് അപേക്ഷ നല്‍കിയിരുന്നതെന്ന് ചിത്രം തെരഞ്ഞെടുത്ത ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ സുപര്‍ണ്ണ സെന്‍ അറിയിച്ചു.

 

ഇന്ത്യ-തിബത്ത് അതിര്‍ത്തിയില്‍ നിന്ന്‍ ഡല്‍ഹിയിലേക്ക് തൊഴില്‍ തേടി പോയതിന് ശേഷം തിരികെ വരാത്ത ഭര്‍ത്താവിനെ തേടി പോകുന്ന ഗോത്ര വര്‍ഗ്ഗ യുവതിയുടെ സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. ഗീതാഞ്ജലി ഥാപ്പ അവതരിപ്പിച്ച ഈ യുവതിയ്ക്കും കുഞ്ഞിനുമൊപ്പം സൈന്യം വിട്ടുപോന്ന നവാസുദ്ദീന്‍ സിദ്ധിഖിയുടെ കഥാപാത്രവും ചേരുന്നു.

Liar's Dice

 

നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം സണ്‍ഡാന്‍സ് ചലച്ചിത്രോത്സവം, റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

യു.എസ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സസ് നല്‍കുന്ന ഓസ്കാര്‍ പുരസ്കാരങ്ങളില്‍ വിദേശ ചലച്ചിത്ര വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ഇതുവരെ പുരസ്കാരം ലഭിച്ചിട്ടില്ല. പുരസ്കാരത്തിനായുള്ള അഞ്ച് നാമനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ട അവസാന ചിത്രം അശുതോഷ് ഗോവാരിക്കറിന്റെ ലഗാന്‍ ആണ്. മദര്‍ ഇന്ത്യയും സലാം ബോംബെയുമാണ് സമാന നാമനിര്‍ദ്ദേശം ലഭിച്ചിട്ടുള്ള മറ്റ് ചിത്രങ്ങള്‍.