ആകാശത്തിൽ പറന്നു നടക്കുകയാണീ പട്ടം. വർണങ്ങളും കാറ്റിലിളകുന്ന വാലുകളുമെല്ലാമായി കാണാനൊരു ചന്തമുണ്ട്. പക്ഷെ പട്ടം നിയന്ത്രിക്കുന്ന കയ്യിൽ നിന്ന് അത് വഴുതി പോയിരിക്കുന്നു. അത് എങ്ങോട്ടോ പോയി മൂക്കും കുത്തി വീഴുന്നു. അഴകപ്പൻ സംവിധാനം ചെയ്ത പട്ടം പോലെ കാണുമ്പോൾ തോന്നുന്ന ആദ്യ വികാരം അതാണ്.
അനിയത്തിപ്രാവിലും നിറത്തിലുമെല്ലാം നാം കണ്ട പ്രണയം തന്നെയാണ് പട്ടം പോലെയിലും. അത് പറയുന്ന രീതിക്കും വലിയ പുതുമയൊന്നുമില്ല. കഥയുടെ പോക്കും പ്രേക്ഷകർക്ക് ആദ്യമേ തന്നെ പിടികിട്ടും. അതുകൊണ്ട് തന്നെയാണീ സിനിമ പ്രേക്ഷകർ ആദ്യമേ തന്നെ കൈവിട്ടതും.
അഴകപ്പൻ ഈ കഥ കണ്ടെടുത്തത് തൊട്ടടുത്തെ വീട്ടിൽ നിന്നു തന്നെയാണ്. ഒളിച്ചോടിപോയ കമിതാക്കൾ ആ ഒളിച്ചോട്ടത്തിനിടയിൽ തന്നെ അടിച്ചു പിരിയുന്നു. വീട്ടിൽ തിരിച്ചെത്തിയ അവർ ബദ്ധശത്രുക്കളെ പോലെയാണ് പിന്നെ. പക്ഷെ അവരുടെ ഉള്ളിന്റെ ഉള്ളിൽ സ്നേഹം ഇല്ലേ? അതു കണ്ടെത്താനുള്ള സംവിധായകന്റെ ശ്രമമാണ് ഈ സിനിമ.
ദോഷം പറയരുതല്ലോ. അഴകപ്പൻ അഭ്രപാളികളിൽ കാഴ്ചയുടെ അഴകു വിരിയിക്കുന്നതിൽ പണ്ടേ സമർഥനാണല്ലോ? സ്വന്തമായി സംവിധാനം ചെയ്യുമ്പോൾ അത് ഒന്നു കൂടി പീലിവിടർത്തിയാടുന്നുണ്ട്. കൊച്ചു കൊച്ചു തമാശകളും, കുട്ടനാടിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ക്യാമറയും കാണാൻ ചേലുള്ള നായകനും നായികയും കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നടീനടൻമാരും ചേർന്ന് കുടുംബസമേതം കാണാൻ കൊള്ളാവുന്ന ഒരു സിനിമയുണ്ടാക്കിയിരിക്കുന്നു എന്നു പറയാം. എന്നാൽ ഇതു കണ്ടില്ലെങ്കിൽ എന്തെങ്കിലും നഷ്ടമുണ്ടോ എന്നു ചോദിച്ചാൽ അതു നിർമ്മാതാവിനു മാത്രമായിരിക്കും.