അപമാനകാരണങ്ങളെ അഭിമാനമാക്കുന്ന വിവാദങ്ങൾ

Glint Staff
Mon, 02-06-2014 06:00:00 PM ;

smriti irani

 

വസ്തുതകളുടെ അഭാവത്തിലാണ് അവ്യക്തത ഉണ്ടാവുക. അവ്യക്തതയിൽ നിശ്ചയമില്ലായ്മയും. അപ്പോൾ പല അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ ഉണ്ടാകുന്നു. അതെല്ലാം നിരത്തപ്പെടുന്ന അവസ്ഥയ്ക്ക് മാദ്ധ്യമങ്ങൾ വിവാദമെന്ന് വിളിക്കുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ വസ്തുതകളുടെ അഭാവത്തിൽ സംഭവിക്കുന്നതാണ് വിവാദം. ഇന്ന് മാദ്ധ്യമങ്ങളുടെ കൂടുതൽ സമയവും സ്ഥലവും അപഹരിക്കുന്നത് വിവാദങ്ങളാണ്. വാർത്തയുടെ സ്ഥാനത്ത് വിവാദങ്ങൾ. എന്നുവെച്ചാൽ വാർത്തയ്ക്കു പകരം വാർത്തയില്ലായ്മ. മോദി മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങൾക്കകം വന്ന വിവാദമാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ളത്. മോദി മന്ത്രിസഭയിലെ പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന യുവതി. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ടെലിവിഷൻ താരം. രാഹുൽ ഗാന്ധിയെ അമേത്തിയിൽ നേരിട്ട് ദേശീയ ശ്രദ്ധ ആകർഷിച്ച യുവതി. അവരെ ചുറ്റിപ്പറ്റി എന്തെങ്കിലും വരുന്നത് മസാലാനുഭവം വേണ്ടുവോളം ലഭ്യമാക്കുന്നു. ആ മസാലാനുഭവം പ്രേക്ഷകർക്കും വായനക്കാർക്കും പകർന്നുകൊടുക്കുക എന്നത് മാത്രമാണ് വിവാദങ്ങൾ നിർവഹിക്കുന്ന പങ്ക്.

 

സ്മൃതി ഇറാനി തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോൾ നാമനിര്‍ദ്ദേശ പത്രികയില്‍ ഉൾപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയും യഥാർഥ യോഗ്യതയും തമ്മിൽ പൊരുത്തക്കേടുണ്ടെന്നുള്ളതാണ് വിഷയം. അത് വസ്തുതയാണ്. അത് വസ്തുതയായിരിക്കേ വിവാദത്തിന് സാദ്ധ്യതയില്ല. നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ അവാസ്തവമായ കാര്യം ഉൾപ്പെടുത്തിയതിനെ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്. ആരെങ്കിലും ഈ വിഷയത്തിൽ കോടതിയെ സമീപിച്ചെന്നുമിരിക്കും. അപ്പോൾ സ്മൃതിക്ക്  ഉത്തരം നൽകേണ്ടിയും വരും. കോടതി വസ്തുതകളുടെ വെളിച്ചത്തിൽ വിധിയും പ്രഖ്യാപിക്കും.

 

വിദ്യാഭ്യാസ യോഗ്യത കുറവുള്ള വ്യക്തി രാജ്യത്തിന്റെ വിദ്യാഭ്യാസ വിഷയങ്ങളും മാനവവിഭവ ശേഷിയുമൊക്കെ കൈകാര്യം ചെയ്യുന്നതിലെ അയുക്തി എടുത്തുകാട്ടിക്കൊണ്ടായിരുന്നു ആദ്യം സ്മൃതി ഇറാനിയെ ചുറ്റിപ്പറ്റി വിവാദമുണ്ടാക്കിയത്. പിന്നീടത് യോഗ്യത സംബന്ധിച്ച് കളവ് രേഖപ്പെടുത്തിയതിലേക്കു മാറി. തന്റെ വിദ്യാഭ്യാസ യോഗ്യതയിലേക്കു നോക്കേണ്ട, പ്രവൃത്തി നോക്കി തന്നെ വിലയിരുത്തൂ എന്ന് സ്മൃതി അഭ്യർഥിക്കുകയും ചെയ്തത് പരോക്ഷമായ കുറ്റസമ്മതം തന്നെയാണ്. അതോടെ അവരുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവാദം ഇല്ലാതാവുകയാണുണ്ടായത്.

 

വീണുകിട്ടിയ വിഷയം പരമാവധി കത്തിച്ച് നിർത്തി അടുത്ത വിഷയം വരും വരെ പ്രേക്ഷകരേയും വായനക്കാരേയും ഹരം കൊള്ളിപ്പിച്ച് നിർത്തുകയാണ് ഈ വാർത്ത കൈകാര്യം ചെയ്യുന്ന രീതിയിലൂടെ പ്രകടമാകുന്നത്. വിവാദത്തിലൂടെ അവരെ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെയ്പ്പിക്കുക എന്നത് മാദ്ധ്യമങ്ങളുടെ ആവശ്യമായി മാറാൻ പാടുള്ളതല്ല. വസ്തതയും ആ വസ്തുതയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളും വിമർശനങ്ങളും വിവിധ വശങ്ങളും യുക്തിയും അയുക്തിയും ഔചിത്യവും അനൗചിത്യവും ഒക്കെ മാദ്ധ്യമങ്ങൾക്ക് കൈകാര്യം ചെയ്യാവുന്ന വിഷയമാണ്. ചെയ്യേണ്ടതുമാണ്. മന്ത്രിയെ എങ്ങിനെയെങ്കിലും സമ്മർദ്ദത്തിലാക്കി രാജിവെയ്പ്പിക്കുകയോ വിഷമത്തിലാക്കുകയോ ചെയ്യുക എന്ന മാദ്ധ്യമലക്ഷ്യം വരുന്നതോടെ സംഭവിക്കുന്നത് വസ്തുത വിവാദത്തിൽ മുങ്ങുന്നു എന്നതാണ്. ആക്രമണവും പ്രതിരോധവുമായി കാര്യങ്ങൾ നീങ്ങുന്നു. വിവാദ സൃഷ്ടിയിലൂടെ വസ്തുത സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതിനാൽ വിവാദത്തിലുൾപ്പെട്ടവർക്ക് പ്രതിരോധിച്ചു നിൽക്കാൻ അനുകൂലമായ സാഹചര്യം ഉടലെടുക്കുന്നു. അവ്വിധം ആക്രമണവും പ്രതിരോധവും പ്രത്യാക്രമണവുമായി വിവാദം കൊഴുക്കുന്നു. യഥാർഥ വസ്തുത മുങ്ങുന്നു. അടുത്ത വിവാദത്തിന്റെ വരവോടെ പഴകിയ വിവാദം മറക്കപ്പെടുന്നു. കാര്യങ്ങൾ വീണ്ടും പഴയ പടി.

 

ഈ വിവാദകാലത്തിൽ പരാജയപ്പെടുന്നത്, ആംഗലേയത്തിൽ പറഞ്ഞാൽ കാഷ്വാല്‍റ്റിയാകുന്നത്, ഔചിത്യം, അവശ്യം പാലിക്കപ്പെടേണ്ട നിയമങ്ങൾ, ഭരണഘടനാ ബാദ്ധ്യതകൾ, പൊതുജീവിതത്തിലെ നിഷ്ടകൾ എന്നിവയാണ്. ഇവ ക്രമേണ ഈ രീതിയിൽ ചതഞ്ഞരഞ്ഞ് ഇപ്പോൾ വിവാദങ്ങൾക്ക് പഴയപടി എരിവും പുളിയുമില്ലാതെ പോകുന്നു. ഏത് സംഗതി വന്നാലും കുറച്ചുദിവസത്തേക്കു മാത്രം ആയുസ്സുള്ള കാര്യമാണിതെന്ന് ഇതിലുൾപ്പെടുന്നവർക്കുമറിയാം. വിവാദമായി നിലനിൽക്കുന്നതാണ് ഇതിലുൾപ്പെട്ടവർക്കും സൗകര്യം. കാരണം വസ്തുത വ്യക്തമായി പുറത്തുകാണാതെ അവശേഷിച്ചുകൊള്ളും. ഒടുവിൽ വിവാദത്തിലുൾപ്പെട്ടവർക്ക് അതിനെ വിജയകരമായി അതിജീവിച്ചതിന്റെ പേരിൽ നായികാ/നായക പരിവേഷം കിട്ടുകയും ചെയ്യും. ചിലപ്പോൾ അവർ ഉൾപ്പെട്ട വിഷയം വിവാദമുണ്ടാകുന്നതിനു മുൻപ് അപകീർത്തികരമായി പൊതുസമൂഹം കരുതിയിരുന്നതാണെങ്കിൽ വിവാദശേഷം അവർ നായകനോ നായികയോ ആവുന്നതോടെ അവരുടെ മുന്നിൽ ഓട്ടോഗ്രാഫ് വാങ്ങാൻ സാധാരണക്കാരായ ആരാധകർ ക്യൂ നിൽക്കുന്ന കാഴ്ചയും കാണാം. ആ ക്യൂ നിൽപ്പിൽ സംഭവിക്കുന്നത് അപമാനകരമായി അതുവരെ കരുതപ്പെട്ടുപോന്നത് അഭിമാനകരമായി മാറിയിരിക്കുന്നു എന്നുള്ളതാണ്. അപമാനകാരണത്തെ അഭിമാനകാരണമാക്കി മാറ്റുന്നത്  വിവാദപ്രിയ മാദ്ധ്യമപ്രവർത്തനമാണ്. ഇത് മാദ്ധ്യമ ധർമ്മമാണോ അതോ അധർമ്മമാണോ എന്നുള്ളതും വിവാദമാക്കാവുന്നതാണ്. അപ്പോഴും വസ്തുതയുടെ വെളിച്ചത്തിൽ നോക്കുകയാണെങ്കിൽ അതിൽ വിവാദം കാണാൻ കഴിയില്ല. ചില സംഗതികൾ പല കാരണങ്ങളാൽ ഉചിതമല്ല എന്ന കണ്ടെത്തലിന്റെ വെളിച്ചത്തിലാണ് ഇവയൊക്കെ ജനശ്രദ്ധയിൽ കൊണ്ടുവന്ന് വിവാദമാക്കുന്നത്. ഒരേ സ്വഭാവത്തിലുള്ള പല വിവാദങ്ങൾ അടുപ്പിച്ചു വന്നാൽ പിന്നീട് അവയ്ക്ക് വാർത്താമൂല്യം കുറഞ്ഞ് കുഞ്ഞുവാർത്തകളായി പരിണമിക്കുന്നതും കുറേക്കഴിയുമ്പോൾ അത്തരത്തിലുള്ളവ വാർത്തയല്ലാതായി മാറുന്നതും ആലോചിച്ചുനോക്കാവുന്നതാണ്.

 

വസ്തുതകളാണ് വാർത്തയുടെ ശക്തി. വാർത്തയുടെ ശക്തിക്കനുസൃതമാണ് മാദ്ധ്യമശക്തിയും. വസ്തുതയിൽ നിന്നകലുമ്പോൾ ആ ശക്തിക്ക് ക്ഷയമുണ്ടാകുന്നു. ആ ശക്തിക്ഷയത്തിന്റെ മൂർധന്യാവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ ഗതി. ദുർബലമാകുമ്പോൾ ആർക്കും തകർക്കാൻ എളുപ്പമാണ്. മന്ത്രിസ്ഥാനമേറ്റതിനു ശേഷം ആദ്യമായി വാർത്താവിതരണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ പങ്കെടുത്ത പൊതുപരിപാടിയായിരുന്നു ഗോവയിൽ നടന്ന ദ ഹിന്ദു ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശിൽപ്പശാല. അതിൽ അദ്ദേഹം പറഞ്ഞത് മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനൊപ്പം പാലിക്കേണ്ട ഉത്തരവാദിത്വത്തേക്കുറിച്ചാണ്.  അതിനർഥം മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ആ സൂചനയുടെ പിന്നിൽ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരുന്ന വിവാദവും ഉണ്ടാകാം. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ നിയന്ത്രണം കൊണ്ടുവരേണ്ടി വരും എന്നുള്ള വിദൂര സൂചനയും അതിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. അങ്ങിനെ വന്നാൽ അതിനു കാരണം ഇപ്പോൾ നിലനിൽക്കുന്ന മാദ്ധ്യമപ്രവർത്തനരീതി തന്നെ. ദുർബലമാകുമ്പോൾ ചൂഷണം ചെയ്യലും കീഴ്‌പ്പെടുത്തലും സ്വാഭാവികമാണ്. അതിൽ വിലപിച്ചിട്ട് കാര്യമില്ല. വിലപിക്കുന്തോറും ദൗർബല്യം വർധിക്കുകയും ചെയ്യും. ശക്തി ജീവനിലേക്കു നയിക്കുമ്പോൾ ദൗർബല്യം മരണത്തിലേക്കാണ് നീങ്ങുന്നതെന്ന സാധാരണ തത്വവും ഓർക്കാവുന്നതാണ്.

Tags: