മാധ്യമങ്ങളും ബഞ്ച്മാർക്കിംഗും

Sat, 02-11-2013 03:15:00 PM ;

jb junction

 

മൂല്യം എന്നാൽ വില തന്നെ. അത് സാധനങ്ങളുടെ കാര്യത്തിലാവുമ്പോൾ നിശ്ചിത തുകയുടെ കാര്യത്തിൽ വ്യക്തതയുണ്ടാവും. എന്നാൽ സംസ്‌കാരത്തിന്റെ കാര്യത്തിൽ ഈ നിശ്ചിത വിലനിർണ്ണയം സാധ്യമല്ല. അതേ സമയം മൂല്യം തന്നെ കാര്യങ്ങൾ നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന് കുടുംബവും ബന്ധങ്ങളും ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിലനിന്നുപോകുന്ന സാംസ്‌കാരിക പ്രസ്ഥാനമാണ്. അതിന് വിലയിടിവ് വരുന്നതിനാലാണ് അസുഖകരമായ ഒട്ടേറെ സംഗതികൾ വാർത്താരൂപത്തിൽ നാം കാണേണ്ടിയും കേൾക്കേണ്ടിയും വരുന്നത്. സാധനങ്ങളുടെ കാര്യത്തിൽ വിലനിർണ്ണയത്തിൽ ബഞ്ച്മാർക്കിംഗ് എന്നൊരു സംഗതിയുണ്ട്. അതാണ് അടിസ്ഥാന നിലവാരം. അതിൽ നിന്ന് വലിയ കയറ്റിറക്കങ്ങളില്ലാതെയാകും നിർദ്ദിഷ്ട വസ്തുക്കളുടെ കമ്പോള വില നിലവാരം. എന്തെങ്കിലും അനിയന്ത്രിതമായ സാഹചര്യം വരികയാണെങ്കിൽ ഈ ബഞ്ച്മാർക്കിംഗാണ് താഴുകയും ഉയരുകയും ചെയ്യുന്നത്.

 

പൊതുവായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ് ബഞ്ച്മാർക്കിംഗിന് ഉപയോഗിക്കപ്പെടുന്നത്. 1980-കളിൽ മലയാള സിനിമയിൽ മലയാളത്തിലെ ഇടത്തരം അശ്ലീലപദങ്ങളിൽ കടുപ്പമേറിയതെന്നും പൊതുസമൂഹത്തിന്റെ മുന്നിൽ അത് ഉപയോഗിക്കപ്പെടുന്നത് സാംസ്‌കാരികമായി മോശമാണെന്നും കരുതപ്പെട്ടിരുന്നവ എം.ടി.വാസുദേവൻ നായർ ഉപയോഗിക്കുകയുണ്ടായി. അത് താൻ ബോധപൂർവ്വമാണ് ഉപയോഗിച്ചതെന്ന് പിന്നീട് ജ്ഞാനപീഠ പുരസ്കാരം നേടിയ അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. അത്തരം അശ്ലീലപദ പ്രയോഗം അദ്ദേഹത്തിന്റെ സനിമയിൽ വന്നപ്പോൾ ഉണ്ടായ എതിർപ്പിന്റെ പശ്ചാത്തലത്തിൽ എം.ടി അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അതിനെ ന്യായീകരിച്ചുകൊണ്ട് പേരുവച്ചുതന്നെ മുഖപ്രസംഗവും എഴുതുകയുണ്ടായി. സിനിമയിലെ കഥാപാത്രത്തിന്റെ സാമൂഹിക പശ്ചാത്തലമനുസരിച്ചാണ് അത്തരം അശ്ലീലപദങ്ങൾ ഉപയോഗിക്കപ്പെടുന്നതെന്നും അതിനാൽ അതു ന്യായീകരിക്കപ്പെടുന്നുവെന്നും എം.ടി എഴുതി. വ്യംഗപ്രയോഗങ്ങളിലൂടെ ആ പദങ്ങളേക്കാൾ അശ്ലീലത നിറഞ്ഞുനിൽക്കുന്ന സിനിമയിലെ പ്രയോഗങ്ങൾ കേട്ട് ചിരിച്ചാസ്വദിക്കുന്ന സെൻസർ ബോര്‍ഡംഗങ്ങളാണ് കഥാപാത്രത്തിന്റെ നിലവാരമനുസരിച്ച്  ഉപയോഗിക്കപ്പെടുന്ന വാക്കുകളിൽ സാംസ്‌കാരിക രാഹിത്യം കാണുന്നതെന്നും അദ്ദേഹം പരിഭവപ്പെടുകയുണ്ടായി. എന്തായാലും എം.ടി വാസുദേവൻ നായർ താൻ തിരക്കഥയെഴുതിയ സിനിമയിൽ ഉപയോഗിച്ച അശ്ലീലപദം സിനിമയിലെ അശ്ലീലപദ പ്രയോഗത്തിന്റെ കാര്യത്തിൽ ബഞ്ച്മാർക്കായി.

 

എം.ടി.വാസുദേവൻ നായർ ഉപയോഗിച്ചതോടെ സിനിമയിൽ അത്തരം വാക്കുകൾ തങ്ങൾക്കുമുപയോഗിക്കാമെന്ന് മറ്റുള്ളവർക്ക് ആത്മവിശ്വാസമായി. തുടർന്നങ്ങോട്ട് നായകന് തന്നെ അൽപ്പം ദേഷ്യം വന്നാൽ ഉളുപ്പില്ലാതെ ആ അശ്ലീലപദവും ചിലപ്പോൾ അതിനേക്കാൾ വീര്യമുള്ളതും ഉപയോഗിക്കുന്നത് പതിവായി. ഉപയോഗിച്ച് മൂർച്ച പോയാൽ പിന്നീട് കൂടുതൽ മൂർച്ചയുള്ളത് ഉപയോഗിക്കപ്പെടും. ഇപ്പോൾ ന്യൂജനറേഷൻ സിനിമയിൽ മലയാളത്തിലെ ഏറ്റവും വീര്യം കൂടിയ പച്ചത്തെറി  ഉളുപ്പില്ലാതെ ഉപയോഗിക്കുന്ന അവസ്ഥയിലെത്തിനിൽക്കുന്നു. ഇത്രയും പറഞ്ഞത് സാംസ്‌കാരികമായി ചില മൂല്യങ്ങൾ അഥവാ വില എങ്ങിനെ ഇടിയുന്നു എന്നു കാട്ടാൻ വേണ്ടിയാണ്. വാക്കുകളുടെ കാര്യത്തിലെന്നപോലെ ജീവിതത്തെ നിർണ്ണയിക്കുന്ന പലകാര്യങ്ങളിലും മാധ്യമങ്ങളിലൂടെ ഈ ബഞ്ച്മാർക്കിംഗ് നടക്കുന്നുണ്ട്. 

 

john brittasകൈരളി ടി.വിയിൽ അതിന്റെ  മേധാവി ജോൺ ബ്രിട്ടാസിന്റെ ഒരു ടാക്ക്‌ഷോയുണ്ട്. അദ്ദേഹത്തിന്റെ തന്നെ പേരോടുകൂടിയ ജെബി ജങ്ങ്ഷന്‍. താൻ സ്വയം ഒരു വിജയമായി പ്രഖ്യാപിച്ചുകൊണ്ടാണ് ബ്രിട്ടാസ് ആ പരിപാടി ഓടിക്കുന്നത്. അതിൽ തെറ്റും ശരിയുമൊന്നുമില്ല. എന്നിരുന്നാലും ഒരു വിജയിയെ മാതൃകയാക്കാൻ കുറച്ചുപേരെങ്കിലും എപ്പോഴും ഉണ്ടാകും. മാതൃകയാക്കിയില്ലെങ്കിലും വിജയിയിലൂടെ പ്രസരിക്കപ്പെടുന്ന ചില ബഞ്ച്മാർക്കിംഗുകളുണ്ടാവും. അത് സമൂഹത്തെ ഗുണപരമായും ദോഷപരമായും ബാധിക്കും. അതിനു സംശയമില്ല. അത് ചിലപ്പോൾ ചെറിയ നോട്ടമാകാം, ഭാവമാകാം, വാക്കാകാം. അതിലൂടെ പ്രേക്ഷകനിൽ നിക്ഷേപിക്കപ്പെടുന്നത് മൂല്യങ്ങളുടെ ബഞ്ച്മാർക്കിംഗാണ്. മിക്കവാറും ഏതെങ്കിലുമൊരു തുറയിലെ വിജയിയെയായിരിക്കും ബ്രിട്ടാസ് തന്റെ ഷോയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക. ഇപ്പോൾ ആ ഷോയിൽ പങ്കെടുക്കുന്നവരെ പുകവലിയിൽ നിന്നും പരസ്യമായി പിന്തിരിപ്പിക്കുന്ന പതിവ് ബ്രിട്ടാസ് നടത്തിവരുന്നുണ്ട്. അത് നല്ല കാര്യം തന്നെ. കേരളാ കോൺഗ്രസ്സ് നേതാവ് പി.സി ജോർജിനെക്കൊണ്ടും നടനും സംവിധായകനുമായ ലാലിനെക്കൊണ്ടും പുകവലി അവസാനിപ്പിക്കുന്ന കാര്യത്തിൽ പരസ്യമായി ബ്രിട്ടാസ് തന്റെ ഷോയിലൂടെ ഉറപ്പ് വാങ്ങിയെടുത്തു. നല്ല കാര്യം.

 

അതേ സമയം ബ്രിട്ടാസ് മദ്യപാനത്തിന് കാൽപ്പനിക പരിവേഷം ഈ പരിപാടിയിലൂടെ ചാർത്തിക്കൊടുക്കുന്നു. മദ്യപാനത്തിനൊരു സംസ്‌കാരിക ബഞ്ച്മാർക്കിംഗ്. പണ്ടൊക്കെ  കള്ളുകുടിപോലും ആൾക്കാർ വളരെ മോശമായ ഒരേർപ്പാടായാണ് കണ്ടിരുന്നത്. അതുകൊണ്ട് കള്ളുകുടിയന്മാർക്കും സമൂഹത്തിൽ വലിയ വില കൽപ്പിക്കപ്പെട്ടിരുന്നില്ല. ക്രമേണ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരിലും സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിക്കുന്നവരിലും സാഹിത്യകാരന്മാരിൽ പ്രബലവിഭാഗത്തിലും മദ്യം ഉപയോഗിക്കുന്നത് ശീലമായപ്പോൾ മദ്യപാനം സർഗാത്മകതയുടെ പരിവേഷം വരെ നേടി. അത് ഫാഷനായിപ്പോലും മാറുകയുണ്ടായി. മദ്യപിക്കാത്തവൻ സർഗ്ഗാത്മകതയില്ലാത്തവൻ എന്നു തോന്നുന്നിടം വരെ ആ സംസ്‌കാരം വികസിച്ചു. പണ്ട് തലയിൽ മുണ്ടിട്ടുകൊണ്ട് കള്ള് ഷാപ്പിൽ കയറിയിരുന്നതെങ്കിൽ ഇന്ന് ബീവറേജസ് കോർപ്പറേഷന്റെ മുന്നിൽ ക്യൂ നിൽക്കുന്നവർ തങ്ങളുടെ മുഖം ടെലിവിഷൻ സ്‌ക്രീനിൽ കാണപ്പെടാൻ ആഗ്രഹിക്കുന്നു. മദ്യ ഉപയോഗത്തിന്റെ കാര്യത്തിൽ സാംസ്‌കാരികമായി  സംഭവിച്ച ബഞ്ച്മാർക്കിംഗിന്റെ ഫലമാണത്. ഇന്ന് കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹിക, സാമ്പത്തിക, ആരോഗ്യ, കുടുംബ പ്രശ്നമെന്നത് മദ്യപാനം വരുത്തിക്കൊണ്ടിരിക്കുന്ന അപകടങ്ങളാണ്. കേരളത്തിലെ കുടുംബ വ്യവസ്ഥിതി തന്നെ ഈ വിപത്തിൽ നിന്നും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. തുടർന്നുണ്ടാവുന്ന കുറ്റകൃത്യങ്ങളുടെ കാര്യം പറയുകയും വേണ്ട. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടാസ് തന്റെ ഷോയിലൂടെ മദ്യ ഉപയോഗത്തിന് കൂടുതൽ മാന്യതയും കാൽപ്പനികതയും സാമൂഹിക അംഗീകാരവും നേടിക്കൊടുക്കുന്നത്.അത് സമൂഹത്തിന് ദ്രോഹം ചെയ്യും.സംശയമില്ല.

 

lalലാലുമായുള്ള സംഭാഷണത്തിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് എത്തിനോക്കി അതുസംബന്ധിച്ചുള്ള വർത്തമാനത്തിനാണ് ബ്രിട്ടാസ് ഊന്നൽ നൽകിയത്. അതിൽ ലാലും അദ്ദേഹത്തിന്റെ അച്ഛനും തമ്മിലുള്ള ബന്ധം വളരെ വിശദമായി പരാമർശിക്കപ്പെടുകയുണ്ടായി. ലാലിനെ വളരെയധികം സ്വാധീനിച്ച, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വളരെ സ്‌നേഹനിധിയായിരുന്ന വ്യക്തിയായിരുന്നു അച്ഛൻ. അച്ഛന്റെ ഗുണങ്ങളിൽ എടുത്തുകാണിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മദ്യപാന ശീലമായിരുന്നു. രണ്ടെണ്ണം അടിച്ചിട്ടുള്ള ലാലിന്റെ അച്ഛനെക്കുറിച്ചുള്ള ഒർമ്മകൾ പങ്കുവയ്ക്കാൻ ബ്രിട്ടാസ് ആവശ്യപ്പെടുമ്പോൾ ലാൽ വികാരാധീനനാവുന്നു. അത് സ്വാഭാവികമാണ്. ലാലിന് അദ്ദേഹത്തിന്റെ അച്ഛൻ സ്‌നേഹനിധി തന്നെയായിരുന്നു. അദ്ദേഹം എന്തായിരുന്നോ ആ രീതിയിൽ അദ്ദേഹത്തെ സ്‌നേഹിക്കുന്ന മകനെയാണ് ലാലിലൂടെ കാണാൻ കഴിയുന്നത്. അത് ഒരു മകന്റെയും ആ അച്ഛന്റെയും നല്ല വശങ്ങൾ തന്നെ. അത് അവരുടെ സ്വഭാവത്തിന്റെ സവിശേഷതകളും ഔന്നത്യവുമാണ്. എന്നാൽ ആ സ്വഭാവം മദ്യം ഉപയോഗിച്ചതുകൊണ്ട് ഉണ്ടായതല്ല. അദ്ദേഹവും ഒരു കലാകാരനായിരുന്നു. എന്നാൽ ലാലിനോളം ആ കലാകാരൻ വളരാതെ പോയി. അതിന്റെ കാരണം ഒരുപക്ഷേ ഈ മദ്യപാനശീലം ആയിക്കൂടെന്നില്ല. അതവിടെ നിൽക്കട്ടെ.

 

മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് ആശുപത്രിക്കിടക്കയിൽ ഓക്‌സിജൻ മാസ്ക് ഉപയോഗിച്ചു കൊണ്ടിരുന്നപ്പോഴും നടൻ സലിംകുമാർ കൊണ്ടുവന്ന മദ്യം ഇരുവരും കൂടി ഉപയോഗിച്ചതും കാൽപ്പനികചിത്രംപോലെ ലാൽ അനുസ്മരിച്ചു. ഓക്‌സിജൻ മാസ്കിനെ തൊട്ടുകൂട്ടാൻ പോലെ ഉപയോഗിച്ചു ഇരുവരും മദ്യപിച്ചതുമൊക്കെ അതീവ കാൽപ്പനികത്വത്തോടെയാണ് ബ്രിട്ടാസ് അവതരിപ്പിക്കുന്നത്. ഇടയ്ക്കിടെ രണ്ടെണ്ണം അടിക്കുമ്പോൾ എന്നുള്ള ബ്രിട്ടാസിന്റെ പ്രയോഗം മദ്യ ഉപയോഗത്തെ സാധാരണവത്ക്കരിക്കുന്ന സാംസ്‌കാരികപ്രവൃത്തിയായി മാറുകയാണ്. രണ്ട് വിജയികൾ മദ്യത്തെയും അതിന്റെ ഉപയോഗത്തേയും ഉദാത്തവത്ക്കരിക്കുമ്പോൾ സമൂഹത്തിൽ നടക്കുന്ന ബഞ്ച്മാർക്കിംഗുണ്ട്. അച്ഛനും മക്കളും തമ്മിൽ ഒന്നിച്ചിരുന്ന് മദ്യപിച്ച് മാതൃകാ പിതൃപുത്രബന്ധത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യം. അതോടൊപ്പം മദ്യം എന്നത് ആഘോഷത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ അനുബന്ധ പ്രതീകമാക്കപ്പെടുകയും ചെയ്യുന്നു. തങ്ങൾ ചെയ്യുന്നതിനെ മഹത്വവത്ക്കരിച്ച് സ്വയം മഹത്വവൽക്കരിക്കപ്പെടുന്ന അവസ്ഥയിലേക്കു നീങ്ങാനുള്ള മാനസികാവസ്ഥയുടെ പ്രതിഫലനവും ഇവിടെ തെളിഞ്ഞുകാണാം.

 

പുകവലി  സാമൂഹ്യപ്രശ്‌നം തന്നെയാണ്. എന്നിരുന്നാലും അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വലിക്കുന്ന വ്യക്തിയെയാണ്. ആരോഗ്യപരമായി. എത്ര വലിയ പുകവലിക്കാരനാണെങ്കിലും പുകവലിയുടെ പേരിൽ ഒരു വ്യക്തി സാംസ്‌കാരികമായി നശിക്കുന്നില്ല. മനുഷ്യന്റെ പ്രാഥമികമൂല്യങ്ങളിൽ നിന്നും അകലുന്നില്ല. പുകവലിക്കാരായ മനുഷ്യസ്നേഹികളുടേയും സന്യാസിമാരുടേയും ഉദാഹരണം ധാരാളം. മാർക്‌സും വിവേകാനന്ദനുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. എന്നാൽ മനുഷ്യനെ മൃഗത്തിന്റെ അവസ്ഥയിൽ നിന്നും താഴേക്കു തള്ളിയിടുന്ന സ്വഭാവമാണ് മദ്യപാനം. ആത്മാഭിമാനം നഷ്ടമായ വ്യക്തികളാണ് മദ്യത്തിന് അടിമയാകുക. ചിലപ്പോൾ  ലോകം മുഴുവൻ ആരാധിക്കപ്പെടുന്നവരായിരിക്കാം. അതുകൊണ്ട് കാര്യമില്ല. വ്യക്തിപരമായി ആന്തരികമായി ദുരിതമനുഭവിക്കുന്നവർ കണ്ടെത്തുന്ന കുറുക്കുവഴി തന്നെയാണ് ആ ശീലം. അതു അങ്ങേയറ്റം സാമൂഹ്യവിപത്തായി മാറുമെന്നതിന് കേരളം പോലൊരു വേറൊരു ഉദാഹരണവുമില്ല. ആ നിലയ്ക്ക് പരിപാടിക്ക് കൊഴുപ്പുകൂട്ടാൻ വേണ്ടി ഇപ്പോൾ  കല്യാണമായാലും ആഘോഷമായാലും മരണമായാൽ പോലും മദ്യം അവിഭാജ്യഘടകമാണ്. ഏതാണ്ടതുപോലെ ടെലിവിഷൻ പരിപാടിയുടേയും കൊഴുപ്പുകൂടണമെങ്കിൽ രണ്ടെണ്ണം അടിച്ചതിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയും വിചാരം നടത്തിയാലേ പറ്റൂ എന്നൊരു ധാരണ ബ്രിട്ടാസിനെ പിടികൂടിയിട്ടുള്ളതായി തോന്നുന്നു. മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് പ്രസരിക്കപ്പെടുന്ന ഓരോ വാക്കിനും ഭാവത്തിനും ഉപയോഗിക്കുന്നവർ വില കൽപ്പിച്ചാൽ വിലയറിഞ്ഞ് അത് ഉപയോഗിക്കപ്പെടും. അവയ്ക്ക് വിലയുണ്ട്. അതാണ് മൂല്യം . അവയുടെ ബഞ്ച്മാർക്കിംഗിനെ എങ്ങിനെ ബാധിക്കുമെന്ന ചിന്തയുണ്ടായാൽ  ഇത്തരം നടപടികളിൽ നിന്ന് മാധ്യമതാരങ്ങൾക്ക് ഒഴിവായി നിൽക്കാൻ കഴിയും. അത്  സാമൂഹികമായി വലിയ സേവനവും കൂടിയാണ്. ഒന്നുമില്ലെങ്കിൽ ദ്രോഹമുണ്ടാകാതിരിക്കുകയെങ്കിലും ചെയ്യും.

Tags: