മായാവതിയുടെ ചെപ്പടിവിദ്യ

Glint staff
Tue, 18-07-2017 06:59:36 PM ;

mayavathi

പ്രതിപക്ഷത്തിന്റെ ദുരവസ്ഥ ബി.എസ്.പി നേതാവ് മായാവതി പ്രയോജനപ്പെടുത്തുന്നു. അവര്‍ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയി.  രാജ്യസഭാംഗത്വത്തില്‍ നിന്ന് മായാവതി ‌രാജിവെക്കുകയും ചെയ്തു.ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുളള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അവര്‍ വേട്ടയാടപ്പെടുകയാണെന്നും ആരോപിച്ചുകൊണ്ടാണ് മായാവതി പാര്‍ലമെമെന്റില്‍ സ്വയം കൊടുങ്കാറ്റായി മാറിയത്. ദിശാബോധവും നേതൃത്വവുമില്ലാതെ അലയുന്ന പ്രതിപക്ഷത്തിന്റെ നേതൃത്വത്തിന് തന്നേക്കാള്‍ മററാരുമില്ല എന്ന  പ്രഖ്യാപനമാണ് മായാവതി ഇറങ്ങിപ്പോക്കിലൂടെയും രാജിവെക്കലിലൂടെയും നടത്തിയത്.
    
തന്റെ മുന്‍പില്‍ പെട്ടൊന്നൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്നുകണ്ടാണ് മായാവതി ദലിത് വിഷയത്തില്‍ പിടിച്ചുകൊണ്ട് പുതിയ അടവെടുത്തിരിക്കുന്നത്.വെറും ഒമ്പതു മാസം മാത്രമേ മായാവതിക്ക് ഇനി രാജ്യസഭയില്‍ കാലാവധി അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. എം പിമാര്‍ വെറും പത്തൊന്‍പതും.അതാണ് രാജി തനിക്ക് പ്രതിപക്ഷ നേതൃനിരയിലേക്കു വരാനുള്ള മുലധനമായി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത്. ദലിതരുടെയും ന്യൂനപക്ഷത്തിന്റെയും പേരില്‍ മായാവതി നടത്തുന്നത് സ്വന്തം നിലനില്‍പ്പിനുള്ള തന്ത്രങ്ങളാണെന്ന് വ്യക്തമാണ്.
      
മായാവതിയും ലല്ലുപ്രസാദ് യാദവുമൊക്കെ പ്രതിപക്ഷത്ത് അണിനിരക്കുമ്പോള്‍ ഉത്തരം ലഭിക്കേണ്ട വലിയ ചോദ്യം അഴിമതിയാണോ അതോ വര്‍ഗ്ഗീയതയാണോ ഏറ്റവും വലിയ വിപത്ത് എന്നുള്ളതാണ്. മായാവതിയെപ്പോലെ ലല്ലുവും വര്‍ഗ്ഗീയതയതയ്‌ക്കെതിരെയുള്ള പോരാട്ടമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന്നര്‍ഥം അവരൊഴികെയുള്ള പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും രാഷ്ട്രീയ കക്ഷികളും നേതാക്കളും പൂര്‍ണ്ണമായി അഴിമതി വിമുക്തമാണ് എന്നല്ല. എന്നാല്‍ ഇവര്‍ക്കെതിരെയുളള അഴിമതി ആരോപണങ്ങള്‍ തള്ളിക്കളയാനാകാത്ത വിധം തെളിഞ്ഞുകൊണ്ടിരിക്കുന്നവയാണ്. വന്‍ അഴിമതിയില്‍ പെട്ടവരും നിയമ  നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന നേതാക്കളെ വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നേതൃത്വത്തില്‍ കൂട്ടുമ്പോള്‍ അഴിമതിക്കാര്‍ക്ക് സാമൂഹ്യപരമായും നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടാനുളള വഴിയായി വര്‍ഗ്ഗീയതയ്‌ക്കെതിരെയുളള പോരാട്ടം മാറുന്ന കാഴ്ചയാണ് കാണുന്നത്. ബിഹാറില്‍ ലല്ലുപ്രസാദിന്റെയും കുടുംബത്തിന്റെയും കാര്യം അതാണ് വ്യക്തമാക്കുന്നത്. ലല്ലുവിനും കുടുംബത്തിനുമെതിരെയുളള നടപടികളെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട ഗതികേട് കോണ്‍ഗ്രസ്സിനു വന്നുവെന്നതു തന്നെ പ്രതിപക്ഷ കൂട്ടായ്മയുടെ ദൗര്‍ബല്യത്തേയാണ് എടുത്തു കാണിക്കുന്നത്.
    
മായാവതിയുടെ രാഷ്ട്രീയമായ ഉദ്ദേശശുദ്ധി അറിയാന്‍ ഇപ്പോഴത്തെ നടപടി തന്നെധാരാളം. ദളിതരുടെയും ന്യൂനപക്ഷത്തിന്റെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്നു.ഇത്തരം പ്രശ്‌നങ്ങളുടെ നിലനില്‍പ്പാണ് തങ്ങളുടെ നിലനില്‍പ്പിനാധാരം എന്നുള്ളത് മറ്റാരേക്കാളും നന്നായി ഇവര്‍ക്കറിയാം

 

Tags: