Skip to main content

priyanka-rahul

പ്രിയങ്ക ഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും നല്‍കി. ലക്ഷ്യം തിരഞ്ഞെടുപ്പ് തന്നെ. പ്രിയങ്കയ്‌ക്കൊപ്പം രാജസ്ഥാനില്‍ നിന്നുള്ള യുവ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയെയും പടിഞ്ഞറാന്‍ യു.പിയുടെ ചുമതലക്കാരനായി നിയമിച്ചിട്ടുണ്ട്. ഈ നീക്കങ്ങളിലൂടെ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് തങ്ങളുടെ മുന്നേറ്റമാണ്. ബി.ജെ.പിയെ മുഖ്യ എതിരാളിയായി പ്രഖ്യാപിച്ച് രാജ്യവ്യാപകമായി സഖ്യത്തിന് കോപ്പുകൂട്ടുന്നതിനിടെ തന്നെയാണ് യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസ് ശത്രുവാക്കുന്നത്.

 

ഉത്തര്‍പ്രദേശില്‍ എസ്.പിയും, ബി.എസ്.പിയും  എതിര്‍പ്പുകള്‍ മറന്ന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാന്‍ തീരുമാനിച്ചിരുന്നു. ബി.ജെ.പിയെ എങ്ങനെയും അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഖിലേഷ് യാദവും മായാവതിയും സഖ്യപ്രഖ്യാപന വേളയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനെ തങ്ങളുടെ സഖ്യത്തില്‍ ചേര്‍ക്കാന്‍ അവര്‍ തയ്യാറായില്ല. എങ്കിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയയിലും അവര്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി. സഖ്യത്തില്‍ ഇടം കിട്ടാത്തതിനെ തുടര്‍ന്നാണ് യു.പിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

 

ബി.എസ്.പി-എസ്.പി സഖ്യം തീര്‍ച്ചയായും ബി.ജെ.പിക്ക് വെല്ലുവിളിയാണ്. അതിനാല്‍ നിലവില്‍ ബി.ജെ.പി യു.പിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ മറ്റ് മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ത്രികോണ മത്സരത്തിനാകും യു.പിയില്‍ വേദിയൊരുങ്ങുക. അങ്ങിനെ വന്നാല്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണുണ്ടാവുക. 2014ലെ തിരഞ്ഞെടുപ്പ് വച്ച് നോക്കിയാല്‍ ഒന്‍പത് ശതമാനത്തിന്റെ, അത്ര ചെറുതല്ലാത്തതും നിര്‍ണായകുവുമായ വോട്ടിംങ് ശതമാനാണ് കോണ്‍ഗ്രസിന് യു.പിയില്‍ ഉള്ളത്. ആ സാഹചര്യത്തില്‍ എസ്.പി ബി.എസ്.പി സഖ്യത്തിന് പിന്തുണ കൊടുത്ത് ബി.ജെ.പിയുടെ പരമാവധി സീറ്റ് കുറയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്.

 

ഇതുവരെ പരസ്പരബഹുമാനത്തോടെയുള്ള പെരുമാറ്റമാണ് കോണ്‍ഗ്രസും എസ്.പി-ബി.എസ്.പി നേതാക്കളും പുറത്തെടുത്തിട്ടുള്ളത്.  തിരഞ്ഞെടുപ്പ് അടുക്കുന്തോറും അതില്‍ മാറ്റം വരും. പരസ്പര ആരോപണ പ്രത്യാരോപണങ്ങളിലേക്കും നയിക്കും. അത് കോണ്‍ഗ്രസിന്റെ വിശാല പ്രതിപക്ഷ ഐക്യ സ്വപ്‌നത്തിന് വിഖാതം മാത്രമേ സൃഷ്ടിക്കൂ. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാലാണ് ലക്ഷ്യമെങ്കില്‍ യാഥര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് യു.പിയില്‍ നിന്ന് ശ്രദ്ധമാറ്റി മറ്റിടങ്ങള്‍ കോണ്‍ഗ്രസ് തേടണം.

 

Tags
Ad Image