Skip to main content

snakes

മഹാപ്രളയ സമയത്ത് വിഷജന്തുക്കള്‍ക്ക് മാളം നഷ്ടപ്പെടും. അവയൊക്കെ ഒഴുകി നടക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികള്‍ പറഞ്ഞിരുന്നു. വെള്ളമിറങ്ങുമ്പോള്‍ വന്‍തോതില്‍ വിഷപാമ്പുകളുടെയും മറ്റും സാന്നിധ്യമുണ്ടാകുമെന്ന് മുന്നറിയിപ്പും വന്നു. മറുവിഷം ലഭ്യമാകുന്ന ആരോഗ്യകേന്ദ്രങ്ങളുടെ വിവരവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ വിഷപാമ്പുകളുടെ കടിയേറ്റ് പ്രളയസമയത്തോ, ശേഷമോ ഇതുവരെ ആരും മരിക്കുകയുണ്ടായില്ല. സാധാരണ ദിവസങ്ങളില്‍ ഉണ്ടാകുന്ന വിഷ സാന്നിധ്യം പോലും ഈ കാലയളവില്‍  ഉണ്ടായില്ല എന്നുള്ളതാണ് ശ്രദ്ധേയം.

 

എന്നാല്‍ കേരളത്തെ ഈ മഹാപ്രളയത്തിലേക്ക് തള്ളിവിട്ട ശക്തികള്‍ വിഷംചീറ്റലുമായി ഇപ്പോള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നു. എങ്ങാനും ഈ സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിച്ചുപോകുമോ എന്നുള്ള ആശങ്കയിലാണ് ഇവരുടെ വിഷം ചീറ്റല്‍ തുടങ്ങിയിരിക്കുന്നത്. ഗാഡ്ഗില്‍ പറയുന്നത് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ എ.സി ഉപയോഗിക്കുന്നതും വാഹനം ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നാണ് വിഷം ചീറ്റലുകാര്‍ ഉന്നയിക്കുന്ന മറുന്യായം. ഇപ്പോഴും ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകിളില്‍ കഴിയുമ്പോഴാണ് മലമടക്കുകളിലെയും മലമുകളുകളിലെയും സുഖലോലുപതയിലിരുന്നുകൊണ്ട് ഇക്കൂട്ടര്‍ ഇവ്വിധം ആവശ്യപ്പെടുന്നത്. ആദ്ധ്യാത്മികതയും മതവും കൈകാര്യം ചെയ്യുന്നവര്‍ ആ മേഖലയിലേക്ക് ഒതുങ്ങാനുള്ള ഔചിത്യം കാണിക്കണം. അവരത് കാണിച്ചില്ലെങ്കില്‍, എത്ര മതചിഹ്നങ്ങള്‍  അലങ്കരിക്കുന്നവരാണെങ്കിലും അവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം.

 

പശ്ചിമഘട്ടത്തിലെ അനധികൃത പാറ ഘനനവും, മല കൈയേറ്റവും, വനം കൊള്ളയും എല്ലാം പഴയപടി തുടരണമോ എന്ന് ഇനി നിശ്ചയിക്കേണ്ടത് വൈദ്യുത മന്ത്രി എം.എം മണിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വവും, മത നേതൃത്വവുമല്ല. എറണാകുളം, തൃശൂര്‍, വയനാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ ജനങ്ങള്‍ തീരുമാനിക്കും മതപുരോഹിതന്മാര്‍ പറയുന്ന മുട്ട് ന്യായങ്ങള്‍ സ്വീകരിക്കണോ എന്ന്, ഗാഡിഗില്‍ റിപ്പോര്‍ട്ട് ഏടുത്ത് വെള്ളത്തില്‍ കളയണോ എന്ന്. അതിനാല്‍ മതമേലധ്യക്ഷര്‍ വീണ്ടും സ്ഥാപിതതാല്‍പര്യക്കാരുടെ സംരക്ഷണാര്‍ത്ഥം രംഗപ്രവേശനം ചെയ്യുന്ന പക്ഷം അവരെ അര്‍ഹിക്കുന്ന സ്ഥാനത്തിരുത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രദാനം ചെയ്യുന്ന അവസരം മുതലെടുത്താണ് ഏതാനും ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കുവേണ്ടി ഒരു ജനതയെയും ഒരു ഭൂപ്രകൃതിയെയും ഒറ്റുകൊടുക്കുന്നത്. ഈ ഒറ്റുകൊടുപ്പ് ജാതി മത ഭേദമന്യേ കേരളത്തില്‍ അനുവദിക്കപ്പെടരുത്.

 

പ്രളയകാലത്തുണ്ടായിരുന്ന ദുരിതത്തില്‍ ആശ്വാസമായി അനുഭവപ്പെട്ടത് കേരളീയ ജീവിതത്തെ വിഷലിപ്തമാക്കുന്ന ഒരു വിഷ ജീവിയുടെയും സാന്നിധ്യവും, ശബ്ദവും, രൂപവും കേള്‍ക്കുകയും കാണുകയും ചെയ്തില്ല എന്നതാണ്. പകരം ജാതി, മതം, ലിംഗഭേദം എന്നിവ ഒന്നുമില്ലാതെ കേരളീയ സമൂഹം ഒരുമനസ്സും ഒരു ശരീരവുമായി ഉയര്‍ത്തെഴുന്നേറ്റതാണ് കണ്ടത്. ഈ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഈ ദുരന്തം മലയാളിക്ക് നല്‍കിയിരിക്കുന്ന ഏറ്റവും വലിയ ഓണസമ്മാനം. ഇതിനെ തകര്‍ക്കാന്‍ ഒരു ശക്തിയെയും മലയാളി അനുവദിക്കരുത്.

 

 

Tags