മിനി കൂപ്പര്‍ ജാഗ്രതക്കുറവോ രോഗലക്ഷണമോ ?

Gint Staff
Tue, 31-10-2017 02:09:05 PM ;

kodiyeri car issue, ldf

ശിഷ്യനെ കണ്ടാലറിയാം ഗുരുവിനെ എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെ അണികളിലൂടെ നേതാവിനെയും അറിയാം, നേതാവാണ് നേതൃത്വത്ത പ്രകടിപ്പിക്കുന്നത്. ആ പ്രകടനം പ്രസ്ഥാനത്തിന്റെ തത്വത്തിന്റെ പ്രയോഗമായിരിക്കും. എല്ലാ പ്രസ്ഥാനങ്ങളിലും അത് രാഷ്ട്രീയമോ അല്ലാത്തതോ ആയിക്കൊള്ളട്ടെ അണികള്‍ അടുക്കുന്നതും അകലുന്നതും ഈ തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ദേശീയ സമരകാലത്ത് ഗാന്ധിജിയുടെ സ്വാധീനം കേരളത്തിലെ ഉള്‍ഗ്രാമത്തിലെ സാധാരണ പ്രവര്‍ത്തകരിലും കാണാമായിരുന്നു. ആ പ്രവര്‍ത്തകരിലൂടെ നേതൃത്വത്തെയും, തത്വത്തെയും അറിഞ്ഞാണ് മറ്റുള്ളവര്‍ അതിലേക്ക് അടുത്തിരുന്നത്. ഇതാണ് ഗുരുത്വവും ഗുരുത്വാകര്‍ഷണ സിദ്ധാന്തവും ഇത് തന്നെയാണ് എക്കാലത്തും എവിടെയും ഏതുപ്രസ്ഥാനത്തിനും സംഭവിക്കുക.

 

ഇടത് പക്ഷവുമായി ബന്ധപ്പെട്ട് ഏതാനം നാളുകളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് തോമസ് ചാണ്ടി വിഷയം, മൂന്നാര്‍ ,എം.എം മണി, പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് എന്നിവയാണ്. ഒടുവില്‍ മാധ്യമ വിചാരണക്ക് പത്രമാക്കിയിരിക്കുന്നത് മിനി കൂപ്പര്‍ വിവാദമാണ്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനജാഗ്രതായാത്ര കൊടുവള്ളിയില്‍ എത്തിയപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചത് തുറന്ന മിനി കൂപ്പര്‍ കാറിലാണ്, അതിന്റെ ഉടമസ്ഥന്‍ കാരാട്ട് ഫൈസലാണ്. കാരാട്ട് ഫൈസല്‍ ഒരു ദശാബ്ദത്തിലേറെയായി കൊടുവള്ളിയില്‍ എല്‍.ഡി.എഫിന്റെ മുനിസിപ്പല്‍ കൗണ്‍സിലറാണ്. എം.എല്‍.എ കാരാട്ട് റസാഖിന്റെ അടുത്തയാളുമാണ്. കാരാട്ട് ഫൈസല്‍ കുപ്രസിദ്ധമായ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയാണ്. കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയിലെത്തിയപ്പോള്‍ മൃഷ്ടാന ഭോജനം ഒരുക്കി സ്വീകരിച്ചത്  ഇത്തരമൊരു അന്തരീക്ഷത്തിലാണ്.

 

ഫൈസലുമായി ബന്ധപ്പെട്ട കണ്ണികള്‍ എല്ലാം സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ കോഫെപോസ  അനുസരിച്ച്  കേസെടുക്കപ്പെട്ടിരിക്കുന്നവരാണ്. ജാഥയുടെ പേര് ജനജാഗ്രതായാത്രയെന്നാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന്  ബോധത്തിലേക്ക് വരുന്നതിനാണ് ജാഗ്രത എന്ന് പറയുന്നത്. ചുറ്റും ഉണ്ടാകുന്ന ഇലയനക്കം പോലും, അറിയാവുന്ന അവസ്ഥ. അത്തരം ചെറിയ സ്പന്ദനങ്ങളോടും പ്രതികരിക്കുന്ന അവസ്ഥയാണ് ജാഗ്രത. ബി.ജെ.പിയുടെ ജനരക്ഷായാത്രക്ക് ശേഷം വന്നതാണ് എല്‍.ഡി.എഫിന്റെ  ജനജാഗ്രതായാത്ര. വര്‍ഗീയതയും മതസ്പര്‍ധയും വര്‍ധിപ്പിക്കുന്നു എന്നാണ് ബി.ജെ.പിയ്‌ക്കെതിരെ എല്‍.ഡി.എഫ് ഉന്നയിക്കുന്ന മുഖ്യ ആരോപണം അതിനെതിരെയുള്ള ഉണര്‍ത്തലാണ്  ജനജാഗ്രതായാത്രയെന്നും അവര്‍ പറയുന്നു. ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം അഥവാ ജനായാത്ത സംവിധാനത്തില്‍ തിരഞ്ഞെടുക്കാനുള്ള രണ്ട് തിരിവുകളാണ് സാധാരണക്കാരുടെ മുന്നില്‍ നില്‍ക്കുന്നതത്. സി.പി.എമ്മിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വര്‍ഗീയതയും കള്ളക്കടത്തും, ഇതില്‍ ഏത് തിരഞ്ഞെടുക്കുന്നതാണ് ജാഗ്രത ആവശ്യമായത് എന്നുള്ള  കാര്യത്തില്‍ ജനം ബുദ്ധിമുട്ടും.

 

എന്തുകൊണ്ടാണ് ധനശക്തികളും കള്ളക്കടത്തുകാരും ക്രിമിനലുകളും സി.പി.എമ്മിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? എന്തുകൊണ്ട് അവര്‍ക്ക് ജനായത്ത സ്ഥാനങ്ങളിലും പാര്‍ട്ടി സ്ഥാനങ്ങളിലും എത്താന്‍ കഴിയുന്നു. ജില്ലാതലത്തിലെ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ തട്ടിപ്പ് കേസിലും തട്ടിക്കൊണ്ട്‌പോകല്‍ കേസിലും പിടിയ്ക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. എല്ലാ സംഭവങ്ങളിലും ഇങ്ങനെയുള്ളവര്‍ പാര്‍ട്ടി നേതൃത്വത്താലും ഭരണ നേതൃത്വത്താലും സംരക്ഷിക്കപ്പെടുകയും ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. മിനി കൂപ്പര്‍ സംഭവത്തെ സി.പി.എം വിശേഷിപ്പിച്ചത് കൊടുവള്ളിയിലെ പ്രാദേശീക നേതൃത്വത്തിന്റെ ജാഗ്രതക്കുറവ് എന്നാണ്. ജാഗ്രതക്കുറവാണോ അടിസ്ഥാന പരമയി സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണോ മിനി കൂപ്പറിലൂടെ പ്രകടമായിരിക്കുന്നത്.

 

 

 

 

Tags: