Skip to main content

sitaram yechury

 

ഭാവിയിലെ സോഷ്യലിസത്തേക്കാൾ വർത്തമാനകാലത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് സി.പി.ഐ.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ചെയ്യേണ്ടത്. കാര്യങ്ങളിലെ വ്യക്തതയോടൊപ്പം ശരീരഭാഷയിലൂടെ സ്ഫുരിക്കുന്ന ഊർജ്ജസ്വലതയും ആത്മവിശ്വാസവുമാണ് യെച്ചൂരിയുടെ പ്രത്യേകത. എന്നാൽ പാർട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗത്തിനു ശേഷം ഞായറാഴ്ച പത്രസമ്മേളനത്തിലും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിലും സംസാരിച്ച യെച്ചൂരി ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നഷ്ടോർജ്ജത്താലാണ്.

 

എല്ലാം ശരിയാക്കാമെന്ന ഉറപ്പിൽ അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ ഇപ്പോൾ വളരെ പരിതാപകരമായ അവസ്ഥയിലാണ്. കൊലക്കേസ്സിൽ പ്രതിയായ എം.എം മണി മന്ത്രിയായി തുടരുന്നതിൽ യെച്ചൂരിക്ക് ആത്മവിശ്വാസത്തോടെ പറയാൻ മറുപടിയില്ല. നഗ്നമായ സ്വജനപക്ഷപാതത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്ന ഇ.പി ജയരാജനും ആ അഴിമതിയിൽ പങ്കാളിയായ പി.കെ ശ്രീമതി എം.പി.യും ഇപ്പോഴും പാർട്ടിയുടെ കേന്ദ്രക്കമ്മറ്റിയിൽ തുടരുന്നു. സ്വജനപക്ഷപാതം പാർട്ടി സെക്രട്ടേറിയറ്റിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെക്കൊണ്ട് രാജി വയ്പിച്ചത്. അതിനേക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേകിച്ചൊരു കമ്മീഷന്റെ ആവശ്യമില്ല. ജയരാജന്റെ ഒഴിവിൽ നിയമിക്കപ്പെട്ട മണി കൊലക്കേസ് പ്രതി. കൊലക്കുറ്റത്തെ സ്വജനപക്ഷപാതത്തിന്റെ അത്രയും ഗുരുതരമായ കുറ്റമായി പാർട്ടി കാണാത്തതാണോ ഈ സമീപനത്തിലൂടെ പ്രകടമാക്കുന്നതെന്നും വിശദീകരിക്കാൻ യെച്ചൂരിക്ക് ബാധ്യതയുണ്ട്. ഇത് പുറത്തേക്കു വിടുന്ന സന്ദേശം വിനാശകരവും പ്രാകൃതവുമാണ്. പാർട്ടിക്കുവേണ്ടി കൊലപാതകം ആസൂത്രണം ചെയ്യുന്നത് പോരായ്മയായി പാർട്ടി കാണുന്നില്ലെന്നുള്ളതാണ് ആ സന്ദേശം.

 

കേരള ചരിത്രത്തിൽ അഴിമതിക്കും പൊതുസ്ഥാനങ്ങളിരിക്കുന്നവരുടെ യോഗ്യതയില്ലായ്മയ്ക്കുമെതിരെ ഏറ്റവും കൂടുതൽ സമരങ്ങൾ നടത്തിയിട്ടുള്ള പാർട്ടിയാണ് സി.പി.ഐ.എം. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള സി.പി.ഐ.എം നേതാക്കൾ ജനങ്ങളിൽ നിക്ഷേപിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരും നേതാക്കളും പുലർത്തുന്നത്. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സർക്കാരിൽ ഒരു കൊലക്കേസ് പ്രതി മന്ത്രിയായിരുന്നിട്ടില്ല. മണിയുടെ കേസ്സ് സാധാരണയിൽ നിന്നും വ്യത്യസ്ഥവുമാണ്. കാരണം അത് അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞതാണ്. അതിന്റെ പേരിലാണ് കേസ്സ് വന്നതു പോലും. അദ്ദേഹത്തിന്റെ ഡിസ്ചാര്‍ജ് പെറ്റീഷന്‍ കോടതി തള്ളിയതോടെ സംശയത്തിന്റെ ആനുകൂല്യം ഇനി അദ്ദേഹം അര്‍ഹിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മണി മന്ത്രിസഭയിൽ തുടരുവോളം സർക്കാരിന്റെ വിശ്വാസ്യത കൂടി ഓരോ നിമിഷവും ചോർന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്.

mm mani and ep jayarajan

 

ഭരണരംഗത്തെ കാര്യമാണെങ്കിൽ വളരെ ദയനീയം. പിണറായി വിജയൻ ഒഴിച്ചാൽ മറ്റെല്ലാ മന്ത്രിമാരും ഓർമ്മിപ്പിക്കുന്നത് അവരുടെ പരാജയത്തെയാണ്. ഏതു ദിശയിലേക്കാണ് ഈ സർക്കാർ നീങ്ങുന്നതെന്നു പോലും നിശ്ചയമില്ലാത്ത അവസ്ഥ. ഒരുപക്ഷേ തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ പരാജയം മനസ്സിലാക്കിയിട്ടാവണം മുഖ്യമന്ത്രി മറ്റ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു ചേർത്ത് ഭരണം കാര്യക്ഷമമാക്കാൻ നിർദ്ദേശം നൽകിയത്.

 
ഈ വർത്തമാനകാല യാഥാർഥ്യങ്ങൾ കേരള ജനതയുടെ ജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പുത്തരിക്കണ്ടം മൈതാനിയിൽ സോഷ്യലിസം വാഴുന്ന പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കന്നതിന് കേരള ജനതയുടെ പിന്തുണ യെച്ചൂരി ആവശ്യപ്പെട്ടത്. ആ ആവശ്യം ഉന്നയിച്ചപ്പോൾ യെച്ചൂരിയുടെ മുഖത്തു തന്നെ ആത്മവിശ്വാസക്കുറവ് പ്രകടമാകാൻ കാരണം താൻ പൊള്ളയായ കാര്യമാണല്ലോ പറയുന്നതെന്ന ഭാവത്തിന്റെ മിന്നലാട്ടം പ്രകടമായി പോയതുകൊണ്ടായിരിക്കാം. കേരളത്തിൽ ഒരു നല്ല ഭരണമെങ്കിലും കാഴ്ചവയ്ക്കാതെ സോഷ്യലിസ്റ്റ് ഇന്ത്യയെന്ന സ്വപ്ന യാഥാർഥ്യത്തിനു വേണ്ടി അഭ്യർഥിക്കുമ്പോൾ അതു കേൾക്കുന്നവർക്ക് ഫലിതത്തിനപ്പുറം ഒന്നും തോന്നാനിടയില്ല. ആ ഫലിതമായിരിക്കാം യെച്ചൂരിയുടെ മുഖത്തും ആ ഭാവത്തെ സൃഷ്ടിച്ചത്.