Skip to main content

rama mohana rao

 

മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു തൊട്ടു പിന്നാലെയാണ് ചെന്നെയിൽ വർധ പ്രളയം സംഭവിച്ചത്. അതിനു തൊട്ടുപിന്നാലെയാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെ ഓഫീസുകളിലും ഔദ്യോഗിക വസതിയിലും മകന്റെ വസതിയിലുമൊക്കെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇപ്പോൾ രാമമോഹന റാവു രണ്ടു കാര്യം പറയുന്നു - ഒന്ന്, തനിക്കെതിരെ നടന്ന റെയ്ഡ് ഭരണഘടനാവിരുദ്ധമാണ്; രണ്ടാമത്തേത്, പുരട്ച്ചി തലൈവി ഇല്ലാത്ത തമിഴ്‌നാട്ടിൽ അരക്ഷിതത്വബോധം അനുഭവപ്പെടുന്നുവെന്നും അമ്മയുണ്ടായിരുന്നെങ്കിൽ റെയ്ഡ് നടക്കില്ലായിരുന്നുവെന്നും. താൻ തന്നെയാണ് ഇപ്പോഴും ചീഫ് സെക്രട്ടറിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. റെയ്ഡിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ ചുമതല മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയായ ഗിരിജാ വൈദ്യനാഥനു നൽകിയിരുന്നു.

 

ജയലളിതയുടെ കാലം വരെ തമിഴ്നാട്ടിൽ നടക്കുന്നതെന്തും പുരട്ച്ചി തലൈവിയുടെ ഇംഗിതത്തിനനുസരിച്ചായിരുന്നു. എന്നിരുന്നാലും ഇന്ത്യൻ യൂണിയനിലെ സംസ്ഥാനമാണ് തമിഴ്‌നാട്. ഇന്ത്യൻ സിവിൽ സർവ്വീസിലെ ചീഫ് സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരുദ്യോഗസ്ഥനാണ് ഇവ്വിധം പരസ്യമായി മാധ്യമങ്ങളോട് പറയുന്നത്. കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും ഈ സാഹചര്യത്തെ കൃത്യതയോടു കൂടി കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട്. റാവുവും പറയുന്നു, തന്റെ പക്കൽ നിന്ന് അനധികൃതമായി ഒന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെന്ന നിലയിൽ തന്റെ പക്കൽ മുൻ മുഖ്യമന്ത്രിമാരുടെ അതീവ രഹസ്യങ്ങളുമായിരുന്നു എന്നുമൊക്കെ.

 

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങൾക്കും അവരുടെ നിയന്ത്രണങ്ങൾക്കും രാജ്യത്തെ മറ്റേത് ഉദ്യോഗസ്ഥ സംവിധാനത്തേക്കാൾ വ്യക്തതയാർന്ന നിയമ-നിരീക്ഷണ സംവിധാനങ്ങളാണുള്ളത്. എന്നിട്ടും രാജ്യത്തെ ഒരു മുതിർന്ന ഐ.എഎസ്സ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് ഇവ്വിധം പറയാനിട വരുന്നത് അങ്ങേയറ്റം അപലപനീയമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ അമ്മയെ കുറിച്ചുള്ള ഭാഗം ലജ്ജാകരമാണ്. അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ റെയ്ഡൊന്നുമുണ്ടാകുമായിരുന്നില്ല എന്നദ്ദേഹം പറയുന്നു. അതിന് ദൂരവ്യാപകമായ അർഥതലങ്ങളാണുള്ളത്. അദ്ദേഹം ആ പ്രവസ്താവന കൊണ്ടുദ്ദേശിച്ചത് എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഊഹിക്കാവുന്നതേ ഉള്ളു. അധികാരത്തിന്റെ അപ്രമാദിത്വത്തിനു മുന്നിൽ ആദായനികുതിക്കാർ തന്റെ വീട്ടുപടിക്കൽ വരാൻ ധൈര്യം കാണിക്കില്ലായിരുന്നു എന്നു തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതിനർഥം മുന്‍പ് എന്തും ആകാമായിരുന്നു എന്നുള്ളതിന്റെ സൂചനയായി മാത്രമേ ആ പ്രസ്താവനയെ ഈ റെയിഡിന്റെ പശ്ചാത്തലത്തിൽ കാണാൻ കഴിയുകയുള്ളു. ജയലളിത കൊടിയ അഴിമതിക്കാരിയെന്ന് സമർഥിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം കൂടിയാണ് തനിക്കെതിരെയുള്ള റെയ്ഡെന്ന് ജനമനസ്സുകളിലേക്ക് കടത്തിവിടാനുള്ള തന്ത്രം കൂടിയാണ് ആ പ്രസ്താവനയുടെ പിന്നിലുള്ളത്.

 

അദ്ദേഹത്തെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയെന്നുള്ള അറിയിപ്പാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ അദ്ദേഹം പറയുന്നു ഇപ്പോഴും താൻ തന്നെയാണ് ചീഫ് സെക്രട്ടറിയെന്ന്. ഒരു സംസ്ഥാനത്തിന്റെ ജനായത്ത ഭരണകൂടം നിർവീര്യമായി മാറുന്നതിന്റെ ലക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ ഈ നിലപാടിലൂടെ വെളിവാകുന്നത്. അദ്ദേഹത്തിൽ നിന്ന് എന്തിന് ചീഫ് സെക്രട്ടറി സ്ഥാനം മാറ്റി ഗിരിജാ വൈദ്യനാഥനെ നിയമിച്ചു? ആ കാരണം ഉയർന്നു വരുമ്പോൾ എന്തുകൊണ്ട് അദ്ദേഹത്തെ സർവ്വീസിൽ നിന്ന് മാററി നിർത്തുന്നില്ല? സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം പരോക്ഷമായി കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചിരിക്കുകയുമാണ്. തന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് സംസ്ഥാന സർക്കാരിന്റെ അനുമതി നേടിയിട്ടാണോ എന്ന് പരസ്യമായി ചോദ്യമുന്നയിച്ച രാഹുൽ ഗാന്ധിക്കും മമതാ ബാനർജിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്താനും മറന്നില്ല. സർവ്വീസിൽ തുടർന്നുകൊണ്ട് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഈ വിധം പെരുമാറുന്നത് രാജ്യത്തെ ഫെഡറൽ സംവിധാനത്തിനും ഭരണസംവിധാനത്തിനു ഏൽക്കുന്ന കനത്ത ആഘാതങ്ങളാണ്. എല്ലാത്തിനുമുപരി അരാജകത്വം കടന്നുവരുന്നതുപോലുള്ള ധാരണ തമിഴ് ജനതയ്ക്കിടയിലുണ്ടാകാനും ഇത് വഴിവയ്ക്കുന്നു.

 

രാമമോഹന റാവുവിന്റെ പ്രസ്താവനയ്ക്കു മുൻപും പിൻപും തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പന്നീർ ശെൽവത്തിന്റെ പ്രതികരണം ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. അമ്മയുണ്ടായിരുന്നെങ്കിൽ തനിക്കീ ഗതികേട് വരില്ലായിരുന്നുവെന്ന് റാവു പറഞ്ഞതു തന്നെ പന്നീർ ശെൽവത്തെ വെട്ടിലാക്കാൻ വേണ്ടിത്തന്നെയാണ്. ആ ഒരു പ്രസ്താവനയോടെ റാവുവിന്റെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നിൽ കഴമ്പുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ ആ തോന്നൽ അസ്ഥാനത്തല്ല. റാവു തന്റെ നില സംരക്ഷിക്കാൻ വേണ്ടി പ്രത്യേക മാനസികാവസ്ഥയിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്ന തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെ അതിവിദഗ്ധമായി വിനിയോഗിക്കുന്നതാണ് ഇതിലൂടെ പ്രകടമാകുന്നത്.