Skip to main content

km mani

 

കേരളാ കോൺഗ്രസ്സ് എമ്മിന്റെ ചരൽക്കുന്ന് തീരുമാനം വന്നുകഴിഞ്ഞു. മാണി യു.ഡി.എഫിന്റെ ഭാഗമല്ലാതായി. 2014 ഒക്ടോബറിൽ അശനിപാതം പോലെ മാണിയുടെ മേൽ മദ്യവ്യാപാരി ബിജു രേമേശിൽ നിന്നു വന്നു വീണ ബാർ കോഴ ആരോപണത്തിൽ തുടങ്ങിയ അദ്ധ്യായത്തിന്റെ ഒന്നാം പർവ്വം അവസാനമായി ഇതിനെ കാണാം.  കെ.എം മാണി എൽ.ഡി.എഫിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായേക്കുമെന്ന് ഉറപ്പാകാൻ തുടങ്ങിയ സമയത്താണ് ഈ ആരോപണം അദ്ദേഹത്തിനു മേൽ പതിച്ചത്. അന്നു തന്നെ മാണിക്കറിയാമായിരുന്നു ഈ ആരോപണം എങ്ങനെ എവിടെ നിന്നുണ്ടായി എന്ന്. യു.ഡി.എഫ് മന്ത്രിസഭയ്ക്ക് കുഴപ്പം വരാതിരിക്കണമെന്ന് തീരുമാനിച്ചവർ തന്നെയാകും ഈ ആരോപണത്തിനു പിന്നിലെന്ന്. അവഹേളിതനായിട്ടും മാണി മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെയും കോൺഗ്രസ്സിന്റെയുൾപ്പടെ പിന്തുണയോടെ പിടിച്ചു നിന്നു.  ഒടുവിൽ അദ്ദേഹത്തിനെതിരെ കോടതി പരാമർശമുണ്ടായതിനെത്തുടർന്നാണ് അപമാനിതനായി അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്.

 

കെ.എം മാണിയുടെയും കേരളാ കോൺഗ്രസ്സിന്റെയും ശൈഥില്യത്തിലേക്കു പോലും പതനം നയിക്കുമോ എന്നു പോലും പലരും സംശയിക്കുകയുണ്ടായി. എന്നാൽ അവിടുന്നങ്ങോട്ട് മാണി സാവകാശം പാലായെ കേന്ദ്രീകരിച്ചുകൊണ്ട് ഊർജ്ജം സംഭരിക്കുകയായിരുന്നു. ആ ശ്രമത്തിൽ അദ്ദേഹം വിജയിച്ചു. അതാണ് യു.ഡി.എഫും കോൺഗ്രസ്സ് പാർട്ടിയും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായ തോൽവി ഏറ്റുവാങ്ങിയപ്പോൾ കേരളാ കോൺഗ്രസ്സ് എം മികച്ച താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പു വേളയിലും ബി.ജെ.പി നയിക്കുന്ന മുന്നണിയിലേക്ക് ചേക്കേറിയാലോ എന്ന ചിന്ത മാണിക്കും ചില നേതാക്കൾക്കും ഉണ്ടായിരുന്നു. അമിത് ഷായുമായി അതു സംബന്ധിച്ചുള്ള ചർച്ചകൾക്കടുത്തുവരെ എത്തിയിരുന്നു. അപ്പോഴും കേരളാ കോൺഗ്രസ്സിന്റെയും വർത്തമാനകാല രാഷ്ട്രീയത്തിന്റെയും അടിസ്ഥാനസ്വഭാവമായ വിലപേശലിൽ തട്ടിയാണ് അത് നടക്കാതെ പോയതെന്ന് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.

 

ഇപ്പോൾ കേരളാ കോൺഗ്രസ്സ് എല്ലാ രാഷ്ട്രീയ പാർട്ടികളുമായി സമദൂരം പാലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനർഥം 2016 ആഗസ്ത് അഞ്ചു വരെ യു.ഡി.എഫ് എടുത്തിരുന്ന നിലപാടിൽ നിന്ന് കടകവിരുദ്ധമായ നിലപാട് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ബി.ജെ.പി വർഗ്ഗീയ ഫാസിസ്റ്റ് പാർട്ടിയാണെന്നുള്ള കാഴ്ചപ്പാടിൽ നിന്നും മാണിയും കൂട്ടരും മാറിയിരിക്കുന്നു. ബി.ജെ.പിയുടെ വാതിൽ എപ്പോഴും ആരുടെ മുന്നിലും തുറന്നിട്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രഖ്യാപിച്ചിരിക്കുന്നു. കോൺഗ്രസ്സിൽ നിന്നിറങ്ങുകയും ഇടതുപക്ഷ മുന്നണി മാണിയുടെ മുന്നിൽ വാതിൽ അടച്ചിരിക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ്സിന്റെ സമദൂര സിദ്ധാന്തത്തിന് അർഥമില്ല. തുറന്നിട്ട വാതിലിലേക്ക് കയറുകയോ അല്ലെങ്കിൽ മാതൃമുന്നണിയിലേക്ക് തിരിച്ചു പോവുകയോ മാത്രമേ വഴിയുള്ളു.

 

മാണിയുടെ കേരളാ കോൺഗ്രസ്സ് ആയതിനാൽ വിലപേശൽ തന്നെയായിരിക്കും ഏതു മുന്നണിയിലേക്കുള്ള പ്രവേശത്തിന്റെയും ആധാരം. ബി.ജെ.പിയുമായി വിലപേശി ലാഭകരമായ ഒരു പ്രവേശം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും മാണിയും കൂട്ടരും യു.ഡി.എഫിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാണിയും ഒന്നു രണ്ടു നേതാക്കളും തമ്മിലുള്ള മാദ്ധ്യമ സാന്നിദ്ധ്യത്തിലെ കെട്ടിപ്പിടിയോടെ അത് നിസ്സാരം സാധ്യമാക്കാവുന്നതേ ഉള്ളു. ബി.ജെ.പിയുമായുളള വിലപേശൽ മാണി നടത്തുന്നത് തന്റെ മകനും എം.പിയുമായി ജോസ് കെ. മാണിക്ക് കേന്ദ്ര മന്ത്രിസഭയില്‍ പദവി ഉറപ്പിക്കുന്നതു സംബന്ധിച്ചായിരിക്കുമെന്നുള്ളത് അന്തരീക്ഷത്തിലുള്ള കാര്യമാണ്. ബി.ജെ.പി ഇത്തരം വിലപേശൽ രാഷ്ട്രീയത്തിന് വളം വച്ചു കൊടുക്കുമ്പോൾ അവരുടെ രാഷ്ട്രീയമായ നിലപാടും ചോദ്യപ്പെടുകയാണ്. മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷത്തേക്കാൾ ഉശിരോടെ പ്രക്ഷോഭം നടത്തിയത് ബി.ജെ.പിയാണ്. എന്തായാലും ഇപ്പോൾ മാണി സ്വീകരിച്ചിരിക്കുന്ന സമദൂരം വിലപേശലിന്റേതാണ്. ഇതിൽ രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയവുമില്ല കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയവുമില്ല. വെറും വ്യക്തിപര താൽപ്പര്യത്തിന്റെ വിലപേശൽ മാത്രം.