ശിവഗിരി തീര്‍ത്ഥാടനവുമായി എസ്.എൻ.ഡി.പി സഹകരിക്കുന്നില്ല. മദ്യനയത്തില്‍ ശിവഗിരി മഠം സ്വീകരിച്ച വ്യക്തമായ നിലപാടാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെക്കൊണ്ട് ഇവ്വിധം തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിൽ ശിവഗിരി മഠം വളരെ പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. ഏതാനും ദശകങ്ങളായി ശിവഗിരിയിൽ നിന്ന് സമൂഹത്തിലേക്ക് കാര്യമായ ഊർജ്ജമൊന്നും പ്രവഹിച്ചിരുന്നില്ല. അതിനു കാരണങ്ങൾ പലതാകാം. കാലത്തിന്റേതുൾപ്പടെ. കാലാതിവർത്തിയായി നിലനിൽക്കേണ്ട കുന്നാണ് ശിവഗിരിക്കുന്ന്. എന്നാൽ അങ്ങനെയുളള ഇടങ്ങൾ പോലും കാലത്തിന്റെ കെണിയിൽ പെട്ടുപോകുക സ്വാഭാവികം. സുകൃതികൾ പോലും ചുഴറ്റപ്പെടുന്നു എന്നുള്ള ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ വരികളുമായി ഈ ച്യുതിയെ ചേർത്തുവായിക്കാം. അതുകൊണ്ട് ശിവഗിരി അപ്രസക്തമാകുന്നില്ല. ഏതു സമയവും അതിന്റെ ഊർജ്ജത്തിലേക്കുള്ള മടങ്ങിവരവിന് അവസരമൊരുക്കുന്ന ചരിത്രവും ചൈതന്യവും ശിവഗിരിയിൽ അവശേഷിക്കുന്നു. ആ പാതയിലേക്കുള്ള മടങ്ങിവരവാണ് മദ്യത്തേയും അത് കൈകാര്യം ചെയ്യുന്നവരേയും തൊടേണ്ടെന്ന് ശിവഗിരി മഠം സന്യാസിമാർ നിശ്ചയിച്ചിരിക്കുന്നതില്‍ തെളിയുന്നത്. വർത്തമാനകാല മാനദണ്ഡപ്രകാരം രാഷ്ട്രീയസ്വാധീനകേന്ദ്രമാകേണ്ട ഇടമല്ല ശിവഗിരിമഠം. അതേസമയം മനുഷ്യജീവിതത്തെ കൂടതൽ അർഥവത്താക്കി മുന്നോട്ടുനയിക്കാൻ പര്യാപ്തമാകുന്ന വിധമുളള സ്വാധീനങ്ങൾ വ്യക്തിയിലും സമൂഹത്തിലും വരുത്തുവാനുള്ള ഉത്തരവാദിത്വം മഠത്തിനുണ്ട്. ആ തിരിച്ചറിവിലേക്കും അതുവഴി ശ്രീനാരായണഗുരുവിന്റെ ഉദ്‌ബോധനത്തിലേക്കും മനുഷ്യമനസ്സിനെ തിരിച്ചുവിടാനുളള ശ്രമങ്ങൾ മഠത്തിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചിരിക്കുന്നു എന്നത് ശുഭവാർത്തയാണ്. പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള പേപ്പറിൽ ദൈവദശകം എഴുതി ഐക്യരാഷ്ട്രസഭയ്ക്ക് അയക്കാനുള്ള മഠത്തിന്റെ ഉദ്യമം പ്രതീകാത്മമായി വഴിതെറ്റിയലയുന്നവരുടേയും വഴിതെറ്റരുതെന്ന് ആഗ്രഹിക്കുന്നവരുടേയും ശ്രദ്ധയെ ഗുരു ചൂണ്ടിക്കാട്ടിയ വഴിയിലേക്ക് തിരിച്ചുവിടാൻ സഹായിക്കുന്നതാണ്.
ശിവഗിരി മഠം എസ്.എൻ.ഡി.പിയുടെ പിടിയിൽ നിന്ന് പുറത്തു കടന്നു എന്നാല്‍ മഠം സ്വാതന്ത്ര്യത്തിന്റെ വഴി വീണ്ടെടുത്തു എന്നതാണ്. മഠത്തിന്റെ നിലപാടിൽ പ്രകോപിതനായ വെള്ളാപ്പള്ളി നടേശൻ മഠത്തിനെതിരെ പ്രതികാര നടപടികളും ആരംഭിച്ചുകഴിഞ്ഞു. തീർത്ഥാടനത്തിന് എത്തുന്നവർക്ക് വർഷങ്ങളായി വിശ്രമത്തിനും വാസത്തിനും സൗകര്യമൊരുക്കിയിരുന്നത് വർക്കല എസ്.എൻ.കോളേജിലായിരുന്നു. ഇക്കുറി കോളേജ് ആ ആവശ്യത്തിന് വിട്ടുകൊടുക്കാൻ പറ്റില്ലെന്ന് എസ്.എൻ.ഡി.പി അറിയിച്ചിരിക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ മകനും എസ്.എൻ.ഡി.പി യുവജന വിഭാഗം നേതാവുമായ തുഷാർ വെള്ളാപ്പള്ളി ,ശിവഗിരി മഠം മദ്യനയത്തിന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ സ്വാമിമാരെ അടച്ചാക്ഷേപിക്കാനും മടികാണിച്ചില്ല. ഇവർ സന്യാസിമാരോണോ എന്ന് സംശയമുള്ളതായും തുഷാർ വെള്ളാപ്പള്ളി പരസ്യമായി സംശയിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം മദ്യവിഷയം ചർച്ചയായപ്പോൾ , വിദേശമദ്യം കുടിക്കരുതെന്ന് ശ്രീനാരാണഗുരു പറഞ്ഞിട്ടില്ലെന്നും, കള്ള് മാത്രമേ കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളുവെന്നും അദ്ദേഹം ചാനലുകളിലൂടെ പറയുകയുണ്ടായി. കേരളത്തിലെ അറിയപ്പെടുന്ന ചരിത്രകാരന്മാർ ആരും തന്നെ അത് തിരുത്തിയിട്ടുമില്ല. അതിന്റെ ആത്മവിശ്വാസത്തിലാവണം സന്യാസലക്ഷണങ്ങൾ എല്ലാം വശമുളള വിധം ശിവഗിരി മഠം സന്യാസിമാരെ അദ്ദേഹം വിലയിരുത്തിയിരിക്കുന്നത്. ശിവഗിരി മഠാധിപതി സ്വാമി ഋതംഭരാനന്ദ എന്തായാലും എസ്.എൻ.ഡി.പിയുടേയും തുഷാർ വെള്ളാപ്പള്ളിയുടേയുമൊക്കെ നിലപാടും പ്രസ്താവനയും ചെറുചിരിയോടെ അവയർഹിക്കുന്ന അവജ്ഞയോടെ തളളിക്കളഞ്ഞിട്ടുണ്ട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ളിമീസ് ബാവയുമൊക്കെ പരസ്യമായി സർക്കാരിന്റെ മദ്യനയത്തെ അനുകൂലിക്കുമ്പോൾ കേരളത്തിൽ വിശ്വസിക്കുന്ന പ്രമാണമനുസരിച്ച് ഏറ്റവും വലിയ പ്രായോഗികത പ്രയോഗത്തിൽ വരുത്തിയ ശ്രീനാരായണഗുരു തുടക്കമിട്ട ശിവഗിരി മഠം വ്യക്തമായ നിലപാടെടുത്ത് മുന്നോട്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
ഒരു മതത്തിന്റേയും പരാമർശമില്ലാത്ത, ഏതുകാലത്തും എവിടെയും ആർക്കും സ്വീകാര്യമായ ദൈവദശകത്തിന്റെ പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ മഠം മദ്യത്തിന്റെ കാര്യത്തിൽ ഈ നിലപാട് സ്വീകരിച്ചത് മഠത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലെ തികഞ്ഞ പ്രായോഗികതയാണ്. മാത്രവുമല്ല ശിവഗിരി മഠം ഏതെങ്കിലുമൊരു ജാതിയുടേയോ മതത്തിന്റേയോ ആസ്ഥാനകേന്ദ്രമല്ല. ജാതി-മതഭേദമില്ലായ്മയിൽ വിശ്വസിക്കുന്നവരുടേയും അദ്വൈതബോധത്തിന്റെ വഴിയിലേക്ക് നീങ്ങുന്നവരുടേയും അതിനാഗ്രഹിക്കുന്നവരുടേയും ആസ്ഥാനകേന്ദ്രമാണ്. ആ നിലയ്ക്കും എസ്.എൻ.ഡി.പിയുമായുള്ള ബന്ധം വേർപെടുന്നതാണ് മഠത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ നല്ലത്. വർക്കല എസ്.എൻ കോളേജ് വിട്ടുകൊടുക്കാതെ ശിവഗിരി തീർത്ഥാടനത്തിനെത്തുന്നവരെ വലയ്ക്കുന്ന വിധം തീരുമാനമെടുക്കുന്ന എസ്.എൻ.ഡി.പി നേതൃത്വം മഠത്തെയല്ല ബുദ്ധിമുട്ടിക്കുന്നത്. മറിച്ച് അവിടെയെത്തുന്ന തീർത്ഥാടകരെയാണ്. അതുപോലും മനസ്സിലാക്കാനുള്ള പ്രായോഗിക രാഷ്ട്രീയ ബോധം വർത്തമാനകാല പ്രായോഗിക രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽ വെള്ളാപ്പള്ളി നടേശന് ഓർമ്മ വരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ബദൽ സൗകര്യം ഏർപ്പാടാക്കേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനുണ്ട്. എന്തായാലും കാർമേഘങ്ങളിൽ നിന്ന് മെല്ലെ ശിവഗിരിമഠം പുറത്തുവരുന്നത് സ്വാഗതാർഹം തന്നെ.