സി.പി.ഐയിലൂടെ പൊതുസമൂഹത്തിന് നഷ്ടമാകുന്നത്

Glint Staff
Sun, 10-08-2014 10:53:00 AM ;

cpi

മൂന്നുപേർക്കെതിരെ നടപടിയെടുത്തുകൊണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ മൂന്നു കാര്യങ്ങൾ പ്രസക്തം: ജനങ്ങൾക്കിടയിൽ പാര്‍ട്ടിയെക്കുറിച്ചുള്ള മതിപ്പിന് കോട്ടം തട്ടുന്ന വിധം പെരുമാറാനിടയായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തിൽ പാർട്ടിക്കു തെറ്റ് പറ്റി. തീരുമാനങ്ങളെല്ലാം കൂട്ടായ നേതൃത്വസ്വഭാവത്തിലുള്ളതാണ്. 

 

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തെ തെരഞ്ഞെടുപ്പിനു ശേഷം സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയും ന്യായീകരിച്ചിരുന്നു. എന്നാൽ, ഈ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമെടുത്തവരൊഴികെ കേരളത്തിലെ ശരാശരി ജനങ്ങൾക്കും മറ്റുള്ളവർക്കും അറിയാവുന്ന കാര്യമായിരുന്നു ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കിയത് അദ്ദേഹത്തിന്റെ സ്ഥാനാർഥിയാവാനുള്ള യോഗ്യത കൊണ്ടല്ല എന്ന്. അത് മൂന്നാംസ്ഥാനത്തേക്ക് ഇടതുമുന്നണി സ്ഥാനാര്‍ഥി തള്ളപ്പെട്ടതിലൂടെ ബോധ്യപ്പെടുകയും ചെയ്തു. അപ്പോൾ പാർട്ടിക്കും മുന്നണിക്കും ജനാധിപത്യ മര്യാദകൾക്കും ജനങ്ങൾക്കും ഗുണകരമല്ലാത്ത തീരുമാനമാണ് അന്ന് എടുക്കപ്പെട്ടതെന്ന് വ്യക്തം. അങ്ങനെയങ്കിൽ ഇത്തരമൊരു തീരുമാനം എടുക്കത്തക്ക നിലയിലേക്ക് കൂട്ടായ നേതൃത്വം എത്തപ്പെട്ടു എന്നാണ് സൂചിപ്പിക്കുന്നത്. അതിനർഥം സി.പി.ഐയ്ക്ക് തെറ്റ് പറ്റി എന്നതാണ്. മൂന്ന് നേതാക്കന്മാരുടെ നിലപാടുകൊണ്ട് ഒരു സുപ്രഭാതത്തിൽ വന്നുപെട്ട അപചയത്തിന്റെ ഭാഗമായല്ല അതുണ്ടായത് എന്ന്. പാർട്ടിയെ ഗ്രസിച്ചിരിക്കുന്ന രോഗത്തിന്റെ ചെറിയൊരു ലക്ഷണമാണ് തിരുവനന്തപുരം സ്ഥാനാർഥിനിർണ്ണയത്തിൽ പ്രകടമായത്. ഈ രോഗലക്ഷണത്തിന്റെ മൂർഛിച്ച മറ്റൊരവസ്ഥയായിരുന്നു പന്ന്യൻ രവീന്ദ്രൻ സെക്രട്ടറിയായി നിയുക്തമാകുന്നതിന് മുൻപ് അരങ്ങേറിയ സംഭവവികാസങ്ങൾ.

 

പാർട്ടിയുടെ നിലയ്ക്ക് യോജിക്കാത്ത നടപടിക്ക് വിധേയരായ മൂന്നുപേരിൽ ഒരാൾ കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ അംഗമായിരുന്ന സി.ദിവാകരനാണ്. സ്ഥാനാർഥിനിർണ്ണയവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന സാമ്പത്തിക കുറ്റാരോപണത്തിന്റെ പേരിലാണ് പ്രധാനമായും നടപടി. സി.പി.ഐ അത് പരസ്യമായി പറയുന്നില്ലെങ്കിലും. ഇത് അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ ഉള്ള പ്രവർത്തനത്തേക്കുറിച്ചും സാധാരണ ജനങ്ങളുടെയിടയിൽ സംശയങ്ങൾ ജനിപ്പിക്കുന്നു. ഇപ്പോഴും സി.പി.ഐയുടെ നിയമസഭാകക്ഷി നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തില്‍ നിന്ന്‍ ഒരു വിശദീകരണം കേരളത്തിലെ പൊതുജനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.  

 

വിഭാഗീയതയുടെ പേരിലാണ് തങ്ങൾക്കെതിരെ നടപടിയുണ്ടായതെന്ന് അതിന് വിധേയമായവർ പറയുന്നു. അത് ശരിയായിരിക്കാം. അതേ സമയം ബെന്നറ്റ് സ്ഥാനാർഥിത്വത്തിന് വേണ്ടി നൽകിയ തുക വസ്തുതയായി തുടരുന്നു. അത് അവിതർക്കിതമായി സ്ഥാപിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ബെന്നറ്റ് ഇത്രയധികം തുക ഏതുവിധമായിരിക്കും സമാഹരിച്ചിട്ടുള്ളതെന്ന് തിരിച്ചറിയാനുള്ള ബോധം തെല്ലും പ്രവർത്തിക്കാതിരുന്നതാണ് ബെന്നറ്റിന് സീറ്റ് അനുവദിച്ചതിനേക്കാൾ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ വിഷയം. കമ്യൂണിസ്റ്റ് പാർട്ടികളെ വിമർശിക്കുന്നവർ പോലും ആ വിമർശനത്തിലും കടന്നാക്രമണത്തിലും അൽപ്പം ബഹുമാനം അവശേഷിപ്പിക്കാറുണ്ടായിരുന്നു. അതാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. അവർ ഈ രീതിയിലായിക്കഴിഞ്ഞാൽ മറ്റുള്ളവർക്ക് ഇതിലുമപ്പുറമാകാമെന്ന മാനസികാവസ്ഥ ഉണ്ടാകുന്നതിന് ഇത് സഹായകമാകുന്നു എന്നുള്ളതാണ് ദോഷകരമായ മറ്റൊരു വസ്തുത.

Tags: