Skip to main content

 

ആറന്മുളയിലെ നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നല്‍കിയ അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. ഒരു വര്‍ഷം നീണ്ട വാദങ്ങള്‍ക്കൊടുവില്‍ ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച്‌ ബുധനാഴ്ച പുറപ്പെടുവിച്ച വിധി വിമാനത്താവളത്തിനെതിരെ ഒരു നാട് ഒന്നടങ്കം നടത്തിയ സമരത്തിന്റെ കൂടി വിജയമായി. മതിയായ യോഗ്യതയില്ലാത്ത കമ്പനി കൃത്യമായ പഠനം നടത്താതെയും പൊതുജനങ്ങളില്‍ നിന്ന്‍ വേണ്ടത്ര തെളിവെടുപ്പ് നടത്താതെയുമാണ് പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് ആറന്മുളയിലെ സമരസമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ടുവെച്ച ആശങ്കകള്‍ ശരിവെച്ചുകൊണ്ടാണ് ട്രൈബ്യൂണലിന്റെ വിധി വന്നത്.

 

പദ്ധതി പ്രദേശത്തെ 400 ഏക്കര്‍ നെല്‍പാടമാണെന്നും പദ്ധതിയ്ക്കായി 10-12 അടിയെങ്കിലും മണ്ണിട്ട്‌ നികത്തേണ്ടി വരുമെന്നുമുള്ള സുപ്രധാന വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട് നല്‍കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആറന്മുള പുഞ്ചയുടേയും സമീപത്തെ കുന്നുകളുടേയും വില മതിക്കാനാകാത്ത നാശം മറച്ചുവെക്കാനാണ് ഈ ഒഴിവാക്കലുകള്‍ എന്നായിരുന്നു ആരോപണം. 2008-ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ജില്ലാ കളക്ടറും പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടും ഭരണപക്ഷത്തെ അഞ്ചുപേരടക്കം 72 നിയമസഭാംഗങ്ങള്‍ പദ്ധതിയില്‍ എതിര്‍പ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടും ഗതാഗത വിഷയത്തിലുള്ള പാര്‍ലിമെന്ററി സമിതി പ്രതികൂലമായ നിലപാടെടുത്തിട്ടും വിമാനത്താവളത്തിന് അനുകൂലമായ നിലപാടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചിരുന്നത്.

 

സര്‍ക്കാറിന്റെ ഈ നിലപാടാകട്ടെ അടിസ്ഥാനപരമായ ഒരു നയസമീപനത്തില്‍ നിന്നുളവാകുന്നതാണെന്ന് കാണാം. ഈ നയസമീപനത്തിന്റെ മറ്റൊരു പ്രതിഫലനമാണ് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളോടുള്ള സര്‍ക്കാറിന്റെ നിലപാട്. ദക്ഷിണേന്ത്യയുടെ ആവാസവ്യവസ്ഥയുടെ നട്ടെല്ലായ പശ്ചിമഘട്ടം നിലനില്‍പ്പിന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഈ മലനിരകളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കാനാണ് ഗാഡ്ഗില്‍ കമ്മിറ്റിയും പിന്നീട് കസ്തൂരിരംഗന്‍ കമ്മിറ്റിയും നിയുക്തരായത്. എന്നാല്‍, ആറന്മുളയില്‍ നിന്ന്‍ വ്യത്യസ്തമായി കേരളത്തില്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന്‍ വന്നത് ഈ പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടുകള്‍ക്ക് എതിരായിട്ടായിരുന്നു. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഈ ജനകീയ പ്രക്ഷോഭത്തോട് ചേര്‍ന്ന്‍ നില്‍ക്കുന്നതായിരുന്നു ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട്. ആത്യന്തികമായി രണ്ട് വിഷയങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ചത് പരിസ്ഥിതിയേയും പ്രകൃതിവിഭവങ്ങളേയും മനുഷ്യന്റെ ഉപഭോഗത്തിനുള്ള ഉപാധിയായി കാണുന്ന ഒരു സമീപനത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളാണെന്ന് കാണാം.  

 

അതായത്, സര്‍ക്കാറിന് ഈ വിഷയത്തില്‍, പ്രതിലോമകരമെങ്കിലും, ഒരു സ്ഥിരത അവകാശപ്പെടാന്‍ കഴിയും. അതേസമയം, കേരളീയ ജനത ഈ വിഷയത്തില്‍ പുലര്‍ത്തുന്ന വൈരുദ്ധ്യമാണ് ശ്രദ്ധേയം. ആറന്മുളയില്‍ വിമാനത്താവള പദ്ധതിയ്ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിലപാടിന്റെ പേരില്‍ സമരം ചെയ്യുന്ന അതേസമയത്ത് പരിസ്ഥിതി സംരക്ഷണ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയും സമരം ചെയ്യുകയാണ് കേരളീയ ജനത. രണ്ട് വിഷയങ്ങളിലും ജനത സ്വയം നയിച്ചതല്ല സമരങ്ങള്‍ എന്ന്‍ വ്യക്തമാണെന്നതിനാല്‍ ഈ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കേരളത്തിലെ മതനേതൃത്വങ്ങളെയാണ് ഈ രണ്ട് സമരങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്നത്.

 

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുള്ള സമരം നടക്കുന്നത് കത്തോലിക്കാ മത നേതൃത്വത്തിന്റെ കീഴിലാണ്. ഹൈറേഞ്ചു മേഖലയില്‍ കത്തോലിക്കാ വിശ്വാസികള്‍ കൂടുതലായി അധിവസിക്കുന്നു എന്നതാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും സഭയുടെ നിലപാട് യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കുന്നത് പല വ്യവസായ താല്‍പ്പര്യങ്ങളേയുമാണെന്ന് ആരോപണമുണ്ട്. ആറന്മുള സമരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നത് ആറന്മുള പൈതൃക സംരക്ഷണ സമിതിയാണ്. പ്രദേശത്തെ പരിസ്ഥിതിയ്ക്ക് വരുന്ന നാശമെന്നതിനെക്കാളേറെ വിമാനത്താവളം ആറന്മുള ക്ഷേത്രത്തിന് വരുത്തുന്ന മാറ്റങ്ങള്‍ ആയിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ നയിച്ച ഈ സമരസമിതിയുടെ പ്രധാന പ്രചോദനമായിരുന്നതെന്ന്‍ കാണാം. ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ (ക്ഷയത്തിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം) എന്ന ക്ഷേത്ര സങ്കല്‍പ്പത്തില്‍ അന്തര്‍ലീനമായ പാരിസ്ഥിതിക സമീപനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് ഹിന്ദു ഐക്യവേദി ഈ നിലപടെടുത്തിരിക്കുന്നതെന്ന് കരുതാന്‍ ഉപോല്‍ബലകമായി മറ്റ് തെളിവുകള്‍ ഒന്നുമില്ല. അത് വ്യക്തമാകാന്‍ പുതുതായി പണികഴിക്കപ്പെടുന്നതോ പുനര്‍നിര്‍മ്മിക്കപ്പെടുന്നതോ ആയ ക്ഷേത്രങ്ങളുടെ നിര്‍മ്മിതി പരിശോധിച്ചാല്‍ മതിയാകും. അതേസമയം, സങ്കുചിതമായ മതവാദ സമീപനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചരിത്രം ഹിന്ദു ഐക്യവേദിയ്ക്കുണ്ടുതാനും.

 

ചുരുക്കത്തില്‍ ഈ രണ്ട് വിഷയങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മതസംഘടനകള്‍ സ്വാര്‍ത്ഥമായ താല്‍പ്പര്യങ്ങളെ പിന്തുടരുന്നുണ്ടെന്ന് അനുമാനിക്കാവുന്നതാണ്. ആറന്മുളയില്‍ ഇത് പരിസ്ഥിതിയ്ക്ക് അനുകൂലമായി വന്നു എന്നതുകൊണ്ട് അത് കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തിന് ഗുണകരമാകും എന്ന്‍ കരുതാന്‍ ന്യായമില്ല. പരിസ്ഥിതി കേന്ദ്രിതമായ ഒരു രാഷ്ട്രീയവും വികസന സമീപനവും രൂപീകരിച്ചെടുക്കുന്നതിന് കേരളീയ സമൂഹത്തിന് ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഹരിത ട്രൈബ്യൂണലിന്റെ ആറന്മുള വിധി അതിന് കരുത്താകും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഈ വിധിയ്ക്ക് സാമൂഹികമായ തുടര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെയായിരിക്കും അതിനുള്ള ശരിയായ അവസരം.