മുല്ലപ്പെരിയാര്‍പ്പേടി വീണ്ടുമിളക്കി വിടാന്‍ ശ്രമം

Glint Staff
Sun, 11-05-2014 06:11:00 PM ;

The Mullaperiyar Dam dispute between Kerala and Tamil Nadu കേരളവും തമിഴ്‌നാടും അയല്‍സംസ്ഥാനങ്ങളാണ്. അല്ലാതെ രണ്ട് ശത്രുരാജ്യങ്ങളല്ല. ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം ഏതാണ്ട് ഒരേ നാട്ടിലെ ആള്‍ക്കാര്‍ എന്ന പോലെയും. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്കുറവുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് ആവശ്യം. അത് അപകടാവസ്ഥയിലാണെങ്കില്‍ മറ്റൊരു ഡാം നിര്‍മ്മിക്കേണ്ടത് അത്യാവശ്യം. ഈ രണ്ട് ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായി രാഷ്ട്രീയനേതൃത്വം നീങ്ങുമ്പോള്‍ മാത്രമേ ഈ വിഷയത്തില്‍ പരിഹാരമുണ്ടാവുകയുള്ളു. എന്നാല്‍ ഇത് വിഷയമാക്കുന്ന  രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പ്പര്യം അതല്ല. ഇതില്‍ ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ പ്രവര്‍ത്തിക്കുന്നു. അവരുടെ ലക്ഷ്യം ഈ വിഷയം ഉയര്‍ത്തി ജനങ്ങളില്‍ ആശങ്കയുണ്ടാക്കി തങ്ങളാണ് ജനരക്ഷകര്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള വെമ്പലാണ്.

 

സംഘട്ടനങ്ങളാണ് ആസ്വാദനമൂല്യത്തില്‍ മുന്തിനില്‍ക്കുന്നതെന്ന മൂന്നാംകിട സിനിമാനിര്‍മ്മാതാക്കളുടെ മന:ശ്ശാസ്ത്രത്താല്‍ വാര്‍ത്ത നിശ്ചയിക്കപ്പെടുന്ന മാധ്യമാന്തരീക്ഷം, രാഷ്ട്രീയ നേതൃത്വത്തിന്റെ മനോവൈകല്യത്തിന് സ്വീകാര്യതയും പ്രചാരവും നേടിക്കൊടുക്കുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ സൃഷ്ടിച്ച മുല്ലപ്പെരിയാര്‍ പേടി ദേശീയ തലത്തില്‍ തന്നെ വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഡാം ഉടനടി പൊട്ടുമെന്നും നാലഞ്ച് ജില്ലയിലെ ജനങ്ങള്‍ ഒലിച്ചുപോകുമെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് അത്രയും ശ്രദ്ധ കിട്ടിയത്. ആ സമയത്ത് ദില്ലിയിലെത്തിയ മുഖ്യമന്ത്രിയെ ദേശീയമാധ്യമങ്ങള്‍ വളഞ്ഞു. ‘തമിഴ്‌നാടിന് വെള്ളം - കേരളത്തിന് സുരക്ഷ’ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വീണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അത്തരത്തില്‍ ദേശീയതലത്തില്‍ തന്നെ സംസ്ഥാനസര്‍ക്കാര്‍ പരസ്യവും നല്‍കി. മുല്ലപ്പെരിയാറിലുള്ള സാധാരണക്കാരും അതില്‍ താണവരും ഡാം പരിസരത്തുള്ള തങ്ങളുടെ വസ്തുവകകള്‍ വ്യാപകമായ തോതില്‍ കിട്ടിയ വിലയ്ക്ക് വിറ്റുതുടങ്ങി. അതൊരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു. ഭൂമാഫിയാ സംഘം ചുളുവിലയ്ക്ക് അങ്ങിനെ വില്‍ക്കപ്പെട്ട ഭൂമി വാങ്ങിക്കൂട്ടി. കുട്ടികള്‍ക്ക് ഡാംപൊട്ടല്‍ പേടിയില്‍ ഉറക്കം നഷ്ടപ്പെട്ടു. പലരും രാത്രികാലങ്ങളില്‍ ഉറക്കമുണര്‍ന്നിരുന്നു. അതു പലരിലും മനവ്യതിയാനങ്ങള്‍ക്കുമിടവരുത്തി. നാടുമുഴുവന്‍ ആഘോഷമെന്നോണം മുല്ലപ്പെരിയാര്‍ സംരക്ഷണത്തിനായി തെരുവിലറങ്ങി. സിനിമാതാരങ്ങള്‍ മുതല്‍ റിട്ട.ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യര്‍ വരെ. മുല്ലപ്പെരിയാറിന് ഒന്നും സംഭവിച്ചില്ല. കുറേ നാള്‍ മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധയകന്നു. ചിലര്‍ അതിസുഖമായി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കി. ക്രമേണ മുല്ലപ്പെരിയാര്‍ പേടി അണഞ്ഞു. അങ്ങിനെയിരുപ്പോഴാണ് ഏറ്റവുമൊടുവിലത്തെ സുപ്രീംകോടതി വിധി വത്. അത് തമിഴ്‌നാടിന്റെ വാദങ്ങള്‍ എല്ലാം അംഗീകരിച്ചുകൊണ്ട്. അവര്‍ വളരെ ജാഗ്രതയോടെ കേസ്സ് നടത്തിപ്പ് നോക്കി. കാരണം അവരുടെ ലക്ഷ്യം ഒന്നാണ്. അഞ്ചു ജില്ലകളിലെ കൃഷി നിലനിര്‍ത്തുക. അതിന് വിഘാതമുണ്ടാകുന്ന ഭരണമായാല്‍ അവര്‍ക്ക് തുടരാന്‍ പറ്റില്ലെന്നും ഭരണകക്ഷിക്ക് ബോധ്യമുണ്ട്. കേരളം പറയുന്ന കാര്യത്തില്‍ ആത്മാര്‍ഥതയില്ല എന്നതിന്റെ പ്രതിഫലനം കൂടിയാണ് സുപ്രീംകോടതി വിധി. അത്യാവശ്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ ജലനിരപ്പ് 136 അടിയില്‍ നിജപ്പെടുത്തുന്നതിന് അനുകൂലമായ ഉത്തരവെങ്കിലും കോടതിയിലൂടെ നേടാമായിരുന്നു.

 

ഇപ്പോള്‍ വീണ്ടും മാധ്യമങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് വെള്ളം അപഹരിക്കുന്നു. കബനിയും തമിഴ്‌നാട് കൈയ്യടക്കുന്നു എന്നൊക്കെയുള്ള മട്ടില്‍. കേരളത്തിന് യഥേഷ്ടം ജലം പ്രകൃതിയുടെ പ്രത്യേകതയാല്‍ ലഭ്യമാകുന്നുണ്ട്. ഏത് പശ്ചിമഘട്ടത്തിന്റെ നിലയാണോ ഈ ജലലഭ്യതയ്ക്ക് കാരണമാകുന്നത് അതേ പശ്ചിമഘട്ടത്തിന്റെ വിന്യാസപ്രത്യേകതയാണ് തമിഴ്‌നാട്ടില്‍ ജലദൗര്‍ലഭ്യവുമുണ്ടാക്കുന്നത്. കേരളത്തിന് ആവശ്യമായ അന്നമാണ് തമിഴ്‌നാട്ടില്‍ ഈ അഞ്ച് ജില്ലകളില്‍ വിളയിപ്പിക്കുന്നത് എന്നതും നാം മറന്നുകൂടാത്ത വസ്തുതയാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഈ രണ്ട് സംസ്ഥാനത്തേയും മുഖ്യമന്ത്രിമാര്‍ പരസ്പരം സംസാരിച്ച് പരിഹരിക്കാവുന്നതേ ഉള്ളു. അതിനിതുവരെ കേരളം മുന്‍കൈയ്യെടുത്തില്ല എന്നത് അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണ്. പരസ്പരവിശ്വാസമില്ലായ്മയാണ് അതിന് വിഘാതമായി നില്‍ക്കുന്നത്. കേരളത്തിന്റെ ആശങ്കകള്‍ ന്യായമെങ്കില്‍ ഇനിയും ചെയ്യാവുന്ന കാര്യമതാണ്. അതല്ല മറിച്ച് തങ്ങളുടെ രാഷ്ട്രീയനിലനില്‍പ്പും നേട്ടം കൊയ്യലുമാണ് ലക്ഷ്യമെങ്കില്‍ ദുരിതമനുഭവിക്കാന്‍ പോകുത് ലക്ഷക്കണക്കിന് നിരപരാധികളായ മലയാളികളും തമിഴരുമാണ്. മുല്ലപ്പെരിയാര്‍ പേടി പടര്‍ത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ മലയാളികള്‍ നേരിട്ട ആക്രമണങ്ങളും ഭീഷണിയും നമ്മുടെ മുന്നിലുണ്ട്. അതുപോലെ തീര്‍ഥാടകരായി ഇവിടെയെത്തിയ തമിഴരും ആക്രമിക്കപ്പെട്ടത്. വീണ്ടുവിചാരത്തിനും യുക്തിക്കും നീതിബോധത്തിനും മനുഷ്യത്വത്തിനും ദേശീയബോധത്തിനും തെല്ലും വിലകല്‍പ്പിക്കാത്ത നിലപാടാണ് എല്ലാ രാഷ്ട്രീയനേതൃത്വവും ഇക്കാര്യത്തില്‍ എടുത്തിരിക്കുന്നത്. അതിനാല്‍ സാധാരണ ജനങ്ങള്‍ വെറും ജനക്കൂട്ടവൈകാരികതയ്ക്ക് തുല്യമായ മാനസികതലത്തിലേക്ക് വഴുതിവീഴാതിരിക്കാന്‍ ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതാണ്.

Tags: