വിവരചോരണത്തിന് മണികെട്ടാന്‍ കഴിയുമോ

Sat, 26-10-2013 03:30:00 PM ;

surveillance state

 

ഐക്യരാഷ്ട്രസഭയുടെ മുന്‍കൈയില്‍ ഇന്റര്‍നെറ്റ്‌ സ്വകാര്യത ഉറപ്പ് വരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. യു.എസ് രഹസ്യാന്വേഷണ ഏജന്‍സി എന്‍.എസ്.എ 35 ലോകനേതാക്കളുടെ ഫോണ്‍ സംഭാഷണമടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഐക്യരാഷ്ട്ര പൊതുസഭയില്‍ ഒരു പ്രമേയം കൊണ്ടുവരാന്‍ ബ്രസീലും ജര്‍മനിയും വ്യാഴാഴ്ച ആരംഭിച്ച ശ്രമത്തിന് ഇതിനകം ഇന്ത്യയടക്കം 19 രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചു.

 

യു.എന്‍ പൊതുസഭയുടെ പ്രമേയങ്ങള്‍ അനുസരിക്കാന്‍ നിയമപരമായ ബാധ്യത അംഗരാഷ്ട്രങ്ങള്‍ക്കില്ല. ഈ പ്രമേയങ്ങള്‍ പ്രധാനമായും ഒരു ധാര്‍മിക ഉത്തരവാദിത്വമാണ് രാഷ്ട്രങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്. എന്നാല്‍, എന്‍.എസ്.എയുടെ ലോകവ്യാപകമായ വിവരശേഖരണ പദ്ധതികള്‍ വെളിച്ചത്ത് വന്നതിന് ശേഷം ഇത്തരം നടപടികള്‍ നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ആദ്യ ശ്രമമെന്ന നിലയില്‍ ഈ നീക്കം പ്രാധാന്യമര്‍ഹിക്കുന്നു. അതേസമയം, സഖ്യകക്ഷികളുടേയും സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുടേയും സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായ വെളിപ്പെടുത്തലുകള്‍ യു.എസിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ടെങ്കിലും എല്ലാ രാഷ്ട്രങ്ങളും ചാരപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വിവരങ്ങള്‍ ചോര്‍ത്താറുമുണ്ടെന്ന നിലപാടാണ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ആവര്‍ത്തിക്കുന്നത്.

 

അതായത്, പൂച്ചക്കാര് മണികെട്ടും എന്ന ചോദ്യം യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത് മറ്റ് പൂച്ചകളാണ് എന്നതാണ് ഈ കഥയിലെ വൈരുധ്യം. അതുകൊണ്ടുതന്നെയാണ് പൊതുസഭാ പ്രമേയം പോലെ വേദനിക്കാത്ത ഒരു മയിപ്പീലിത്തല്ലിലൂടെ യു.എസ്സിന് ഒരു താക്കീത് നല്‍കാന്‍ മാത്രം ഈ രാഷ്ട്രങ്ങള്‍ മുതിരുന്നത്. സാധാരണ പൌരരുടെ സ്വകാര്യതയുടെ പേരിലാണെങ്കിലും നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് പ്രധാനമായും പാശ്ചാത്യ രാഷ്ട്രങ്ങളെ അലട്ടുന്ന പ്രശ്നം. തങ്ങള്‍ കൂടി ഭാഗമായ ഈ കാലഘട്ടത്തിലെ കാതലായ രാഷ്ട്രീയ പ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ ഈ നേതാക്കള്‍ തയ്യാറാകുന്നില്ല.

 

surveillance stateനാം ജീവിക്കുന്ന ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത് ഡിജിറ്റല്‍ യുഗം എന്നാണ്. അറിവിന്‌ മേലുള്ള കുത്തകകള്‍ പൊളിച്ചു അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തിനുള്ള സാധ്യതകള്‍ തുറന്നു എന്നതാണ് ഇതിന്റെ രാഷ്ട്രീയ ഫലം. ഇത് പ്രതികൂലമായി ബാധിക്കുന്നത് ഭരണകൂടത്തെയാണ്, ആ ഭരണകൂടം ജനാധിപത്യമാണെങ്കിലും അല്ലെങ്കിലും. കാരണം, ഇന്നോളമുള്ള ഭരണകൂടങ്ങള്‍ അവയുടെ അധികാരത്തിന് ആധാരമാക്കിയിട്ടുള്ളത് വിവരങ്ങള്‍ക്കും അറിവിനും മേലുള്ള ആധിപത്യമാണ്. പോലീസ് അടക്കമുള്ള ഉപകരണങ്ങളിലൂടെ ജനങ്ങളുടെ ഇടയില്‍ നിന്ന് വിവരശേഖരണം നടത്തുകയും പാഠപുസ്തകങ്ങള്‍ അടക്കമുള്ള ഉപകരണങ്ങളിലൂടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ ജനങ്ങളിലേക്ക് അറിവായി വിനിമയം ചെയ്യുന്നതുമാണ് ഭരണകൂടം അധികാരത്തിന് സമ്മതി നിര്‍മ്മിക്കുന്ന ദ്വിമുഖ രീതി. ഇവ രണ്ടിനും പുതിയ യുഗം വെല്ലുവിളി ഉയര്‍ത്തുന്നു. വ്യവസായ വിപ്ലവത്തിന് സമാന്തരമായി ആവിര്‍ഭവിച്ച ബഹുജനമാധ്യമങ്ങളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലെ നവ-സാമൂഹ്യ മാധ്യമങ്ങളിലേക്ക് എത്തുമ്പോള്‍ ഓരോ വ്യക്തിയും വിവരത്തിന്റെ ഉല്‍പ്പാദകയായി മാറുന്നു. ബൗദ്ധിക സ്വത്തവകാശങ്ങളെയും പകര്‍പ്പവകാശങ്ങളെയും സംബന്ധിച്ചുള്ള പരമ്പരാഗത നിയമങ്ങളെ വെല്ലുവിളിച്ച ഇന്റര്‍നെറ്റ്‌ സമൂഹം സമാന്തരമായ വിജ്ഞാന പദ്ധതികള്‍ വികസിപ്പിച്ചെടുക്കുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ നിന്നാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടതുപോലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് ചാലകമാകാന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് കഴിയുന്നത്.

 

എന്‍.എസ്.എയില്‍ കരാര്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന എഡ്വേര്‍ഡ് സ്നോഡനും അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു.എസ് സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളായി പരിഗണിക്കേണ്ട അക്രമങ്ങള്‍ വെളിപ്പെടുത്തിയ ചെല്‍സിയ മാനിംഗിനേയും പോലുള്ളവര്‍ ഭരണകൂട താല്‍പ്പര്യങ്ങളെ സാമാന്യേന സ്വീകരിക്കാന് വിസമ്മതിക്കുന്ന ഒരു ജനതയുടെ പ്രതീകങ്ങളാണ്. ഭരണകൂടത്തിന്റെ കയ്യിലുള്ള ചില ആയുധങ്ങളെങ്കിലും അത്രതന്നെ ശക്തമായി ജനതയുടെയും പക്കലുള്ള ഒരു യുഗമായി, ഒരുപക്ഷെ ചരിത്രത്തിലെ ആദ്യയുഗമായി, ഡിജിറ്റല്‍ യുഗം ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെ ഒരു വെല്ലുവിളിയായി കാണുന്ന ഭരണകൂടങ്ങള്‍ ഡിജിറ്റല്‍ യുഗത്തിന്റെ ഭരണകൂടങ്ങള്‍ അല്ല. ഡിജിറ്റല്‍ യുഗം സമൂഹത്തില്‍ സുതാര്യത സാധ്യമാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. രാഷ്ട്രീയത്തിനും ഭരണത്തിനും അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആകില്ല എന്ന് ലോകനേതാക്കള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പഴയ രീതികളില്‍ മുന്നോട്ടുപോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

Tags: