ഗൾഫ് മലയാളികളെ വഞ്ചിച്ച ഏജൻസികളെ ശിക്ഷിക്കണം

Sat, 01-06-2013 01:15:00 PM ;


സ്വദേശിവത്ക്കരണത്തിന്റെ പേരില്‍ ഗൾഫ് രാജ്യങ്ങളില്‍ നിന്ന്‍ ഇന്ത്യൻ പൗരർ നാടുകടത്തപ്പെടുന്നതും ജയിലിലടയ്ക്കപ്പെടുന്നതും ദേശീയ-സംസ്ഥാന പ്രശ്‌നങ്ങൾ തന്നെ. സംശയമില്ല. അവർക്ക് ലഭ്യമാക്കാവുന്ന എല്ലാവിധ സഹായങ്ങളും പുനരധിവാസ പരിപാടികളും ആവിഷ്‌ക്കരിക്കേണ്ടതുമാണ്. ഈ പ്രശ്‌നമുണ്ടാവുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മർദ്ദത്തിലാകുന്നു. എല്ലാ ശ്രദ്ധയും ഈ ഗൾഫ് മലയാളികളുടെ രക്ഷയിലേക്കും പുനരധിവാസത്തിലേക്കും മാറുമ്പോൾ മറന്നുപോകുന്ന അഥവാ ബോധപൂർവ്വം തന്നെ വിസ്മരിക്കുന്ന ഒന്നുണ്ട്, ഈ ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും കബളിപ്പിക്കപ്പെട്ടവരാണ്. ഇവരെ കബളിപ്പിച്ച സ്വന്തം നാട്ടിലുള്ളവർ ഇപ്പോഴും സുഗമമായി അവരുടെ പഴയ പരിപാടികൾ തുടരുന്നു. ഇവർ വഞ്ചനയ്‌ക്കൊപ്പം, ഇപ്പോഴുണ്ടായിരിക്കുന്ന ദേശീയ സാഹചര്യം വച്ചുനോക്കുമ്പോൾ ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണ് നടത്തിയിട്ടുള്ളത്. ഇത്തരം കുറ്റകൃത്യത്തിലേർപ്പെട്ട സ്ഥാപനങ്ങളേയും വ്യക്തികളേയും അതിനു കൂട്ടുനിന്നവരേയും വെളിച്ചത്തുകൊണ്ടുവരികയും അവർക്ക് അർഹമായ ശിക്ഷലഭിക്കുമെന്ന്‍ ഉറപ്പാക്കുകയും ചെയ്യേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ബാധ്യതയും ഉത്തരവാദിത്വവുമാണ്.

 

മതിയായ രേഖകളില്ലാതെ അറസ്സ് ചെയ്യപ്പെട്ട് ഇപ്പോൾ കുവൈത്തിലെ ജയിലില്‍ കഴിയുന്നവരിലും നാടുകടത്തപ്പെടുന്നവരിലും കൂടുതല്‍ പേർ വീട്ടുജോലി വിസയായ ഇരുപതാം നമ്പർ വിസയില്‍ എത്തിയവരാണ്. പിന്നീടുള്ളവർ കുടുംബ വിസ എന്ന ഇരുപത്തി രണ്ടാം നമ്പർ വിസയിലും. ഈ രണ്ടു വിസയിലും കുവൈത്തിലെത്തി ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. പതിനെട്ടാം നമ്പർ വിസയാണ് തൊഴില്‍ വിസ. വൻതുക പ്രതിഫലമായി വാങ്ങിയാണ് മിക്ക ഏജൻസികളും ഇരുപത്തി രണ്ടാം നമ്പർ വിസയില്‍ ആൾക്കാരെ കയറ്റിവിട്ടത്. കുവൈത്ത് സ്വദേശികളെ സ്വാധീനിച്ചാണ് ഏജൻസികള്‍ വീട്ടുജോലി വിസ സംഘടിപ്പിക്കുന്നത്. അവിടെയെത്തുമ്പോഴാണ് പലരും തങ്ങൾ അകപ്പെട്ട കെണി അറിയുന്നത്. നാട്ടില്‍ ഉള്ളതെല്ലാം പണയപ്പെടുത്തിയോ, വിറ്റോ, കടംവാങ്ങിയോ ഒക്കെ ഏജൻസിക്ക് വിസയ്ക്കായി പണം നല്‍കിയവര്‍ വെറും കൈയ്യോടെ മടങ്ങാൻ നിവൃത്തിയില്ലാത്തതിനാല്‍ പിന്നീട് പലപ്പോഴും സ്വന്തം നിലയിലും നാട്ടിലെ പരിചയക്കാർ വഴിയുമൊക്കെയാണ് ഏതെങ്കിലും ജോലി തരപ്പെടുത്തുന്നത്.

 

നിയമവിധേയമല്ലാത്ത വിസയിലാണ്, വിശേഷിച്ചും അവിദഗ്ദ ജോലിക്കാര്‍ ഗൾഫ് രാജ്യങ്ങളിലെത്തിപ്പെടുന്നതെന്ന്‍ നേതാക്കൾക്കും ഭരണകൂടങ്ങൾക്കും നന്നായി അറിയാവുന്നതാണ്. അതിന്റെ തെളിവാണ് ഈ അടുത്ത സമയം വരെ വളരെ പ്രചണ്ഡമെന്നോണം പത്രമാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന പ്രവാസിമന്ത്രാലയത്തിന്റെ പരസ്യം. തൊഴില്‍ വിസയില്ലാതെ ഗൾഫ് രാജ്യങ്ങളില്‍ ജോലിയ്ക്ക് പോയാല്‍ ജോലി കിട്ടില്ല എന്നു മാത്രമല്ല ജയിലില്‍ കിടക്കേണ്ടിവരും എന്ന്‍ ഓർമ്മിപ്പിക്കുന്നതായിരുന്നു പരസ്യം. എന്തുകൊണ്ട് പ്രവാസി മന്ത്രാലയത്തിനോ, സംസ്ഥാന സർക്കാരിനോ, ഗൾഫിലേക്കു പോകുന്നവർ തൊഴില്‍ വിസയിലാണ് പോകുന്നതെന്ന്‍ ഉറപ്പ് വരുത്താൻ കഴിഞ്ഞില്ല. ശരിയായ സ്പോണ്‍സറെ ഏജൻസികൾ കണ്ടേത്തിയാല്‍ തൊഴില്‍ വിസ കിട്ടും. പക്ഷേ, അപ്പോൾ ലാഭവിഹിതം കുറയും. ഈ ചൂഷണനിലപാടാണ് ഇപ്പോൾ കൊടും വഞ്ചനയിലും രാജ്യദ്രോഹത്തിലും അവസാനിച്ചിരിക്കുന്നത്.

 

എംബസികളും വിസയുടെ കാര്യത്തില്‍ കണ്ണടയ്ക്കുകയാണുണ്ടായത്. ഇതിലേക്കാണ് ഇപ്പോൾ വഴിയാധാരമായ ഗൾഫ് മലയാളികൾക്കുവേണ്ടി കണ്ണീരൊഴുക്കുകയും സർക്കാരുകളെ കുറ്റപ്പെടുത്തുന്നവരുടേയും ശ്രദ്ധ തിരിയേണ്ടത്. വെള്ളാപ്പള്ളി നടേശനും സുകുമാരൻനായർക്കും, ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ചുറ്റും സമയം ചിലവഴിക്കുന്ന  മുഖ്യധാരാ മാധ്യമങ്ങളും സൗകര്യപൂർവ്വം  ഇക്കാര്യം കണ്ടില്ലെന്നു നടിക്കുന്നു. ഒളിക്ക്യാമറയുടെ ആവശ്യമില്ലാതെ കാണാവുന്ന കാര്യങ്ങളാണ് ഇവ. ഇവിടെയാണ് കേരളത്തിലെ ഈ ഏജൻസികളുടെ ശക്തി തിരിച്ചറിയേണ്ടത്. ഈ ഏജൻസികൾക്ക് അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പിൻബലം ഉണ്ട്. അതാണ് ഈ വിഷയം ഒരു ഒമ്പതുമണിച്ചർച്ചയ്ക്കുപോലും കാര്യമായി വിഷയീഭവിക്കാതിരുന്നത്.

 

കഴിഞ്ഞവർഷാവസാനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് കേരളത്തിലെ മൂന്ന്‍ മേഖലാ പാസ്‌പ്പോർട്ട് ഓഫീസർമാരേയും അടിയന്തര സന്ദേശം നല്‍കി മലപ്പുറത്ത് മീറ്റിംഗിനു വിളിച്ചുവരുത്തുകയുണ്ടായി. ആ മീറ്റിംഗില്‍ മന്ത്രിക്കു പുറമേ ഉണ്ടായിരുന്നത് മുസ്ലീംലീഗിന്റെ മലപ്പുറത്തെ പ്രാദേശികനേതാക്കൾ. അവരില്‍ നിന്നുള്ള പരാതി  കേട്ട് പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു പാസ്‌പ്പോർട്ട് ഓഫീസർമാരെ മന്ത്രി അവിടെ വിളിച്ചുകൂട്ടിയത്. പാസ്‌പ്പോർട്ടില്‍ പേരുമാറ്റുക ഉള്‍പ്പെടെയുള്ള കൃത്രിമം കാട്ടിയതിനെത്തുടർന്ന്‍ പാസ്‌പ്പോർട്ട് റദ്ദാക്കപ്പെട്ടവർക്ക് വീണ്ടും പാസ്‌പ്പോർട്ട് ലഭ്യമാക്കുക എന്നതായിരുന്നു യോഗത്തില്‍ പങ്കെടുത്തവരുടെ ആവശ്യം. പാസ്‌പ്പോർട്ടില്‍ കൃത്രിമം കാട്ടുക എന്നത് ശിക്ഷാർഹമായ കുറ്റമാണ്.

 

വാഗ്ദാനം ചെയ്ത ജോലിക്ക് വിപരീതമായി വിസ നല്‍കി ഗൾഫിലേക്ക് ആളെ കൊണ്ടുപോകുന്ന ഏജൻസികളെ ഒന്നു താക്കീതു ചെയ്യാൻപോലും ഇതുവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കോ സംവിധാനങ്ങൾക്കോ കഴിഞ്ഞിട്ടില്ല. ഒരു ചോദ്യരൂപത്തിലോ, ഉപക്ഷേപരൂപത്തിലോ ഈ വിഷയം നിയമസഭയിലും വന്നിട്ടില്ല. സർക്കാരുകളുടെ അറിവോടെ തന്നെയാണ് ഈ ആളെക്കടത്തല്‍ നടന്നിട്ടുള്ളത്. ഇത്തരം ഏജൻസികൾ മിക്കതും തഴച്ചുവളർന്നു കഴിഞ്ഞവയാണ്. അവയുടെ പ്രവർത്തനം ഇനിയും പഴയപടി തുടർന്നുകൊണ്ടിരിക്കും. മറ്റൊരുവിധത്തിലായിരിക്കും ആളുകള്‍ പറ്റിക്കപ്പെടുക. ഭാവിയില്‍ സാധാരണം ജനം കബളിപ്പിക്കപ്പെടാതിരിക്കാൻ ഈ വിഷയത്തില്‍ സമഗ്രമായ ഒരു ജൂഡിഷ്യല്‍ അന്വേഷണം നടന്നാല്‍ വെളിവാകുന്നത് രാജ്യത്ത് നടന്ന ഏറ്റവും വലിയ വഞ്ചനയുടേയും ദ്രോഹത്തിന്റെയും ചിത്രമായിരിക്കും. ഇന്നത്തെ രാഷ്ട്രീയ-ഭരണ പശ്ചാത്തലത്തില്‍ അത്തരമൊരു അന്വേഷണത്തിനുള്ള സ്വാഭാവിക സാധ്യത തീരെ കുറവാണ്. എന്നിരുന്നാലും അത് അത്യാവശ്യമാണ്. അല്ലെങ്കില്‍ വരാനിരിക്കുന്ന വൻദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും.

 

ഒരു ചെറിയ ട്രാഫിക് നിയമം തെറ്റിച്ചാല്‍ പിടിക്കപ്പെടുകയും പിഴയടക്കേണ്ടിയും വരുന്നു കേരളത്തില്‍. അതു വേണ്ടതു തന്നെയാണ്. അങ്ങിനെയെങ്കില്‍ നിയമവിരുദ്ധമായ രേഖകളുമായി ഗൾഫ് നാടുകളിലെത്തി ജോലിചെയ്യുന്നവർ ജയിലിലടയ്ക്കപ്പെട്ടാലും നാടുകടത്തപ്പെട്ടാലും എങ്ങിനെയാണ് അവിടുത്തെ സർക്കാരുകളെ കുറ്റം പറയുക. എന്തിന്റെ പേരിലാണ് ആ സർക്കാരുകളെ ഇവിടുത്തെ ഭരണാധിപർക്ക് സമീപിക്കാൻ കഴിയുക. ഈ അവസ്ഥയ്ക്ക് കാരണം അവിടുത്തെ സർക്കാരുകളല്ല. ഇവിടുത്തെ സർക്കാരുകളും സംവിധാനങ്ങളുമാണെന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതാണ്.

Tags: