സൗദി സ്വദേശിവല്‍ക്കരണം: ആശങ്കയ്ക്കു വകയില്ല

Thu, 04-04-2013 11:45:00 AM ;

സൗദി അറേബ്യയില്‍ ഇപ്പോള്‍ നടക്കുന്ന സ്വദേശിവല്‍ക്കരണശ്രമത്തിന്റെ ഭാഗമായുള്ള നടപടികള്‍ ശുഭസൂചനകള്‍ നല്‍കുന്നു. വിജനമായ കമ്പോളങ്ങളും ഏതാണ്ട് അടച്ച നിലയിലായ വിദ്യാലയങ്ങളുമൊക്കെയാണ് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനു സമീപമുള്ള ഒരു വ്യാപാരകേന്ദ്രത്തിന്റെ കാര്യമെടുക്കാം.അവിടെ രണ്ടായിരത്തിനു മുകളില്‍ വിവിധ കച്ചവട സ്ഥാപനങ്ങളുണ്ട്. അവയില്‍ കഷ്ടിച്ച് നാല് സ്ഥാപനങ്ങളാണ് തദ്ദേശീയരായവര്‍ നടത്തുന്നത്. മറ്റുള്ളവയെല്ലാം തദ്ദേശീയനായ ഒരാളുടെ പേരില്‍ ലൈസന്‍സ് എടുത്തുകൊണ്ട് മലയാളികളുള്‍പ്പെടെയുള്ളവര്‍ നടത്തുന്നതാണ്.

 

കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട തടി സംബന്ധമായ പണിക്കാവശ്യമായ വസ്തുക്കള്‍ വില്‍ക്കപ്പെടുന്ന കടകളുടെയിടയില്‍ പെയിന്റും അനുബന്ധവസ്തുക്കളുടേയും കച്ചവടം നടത്തുന്നയാളാണ് ചങ്ങനാശ്ശേരി സ്വദേശിയായ വിജയചന്ദ്രന്‍. ഇരുപത്തിയഞ്ചു  വര്‍ഷമായി വിജയചന്ദ്രന്‍ അവിടെ കച്ചവടം തുടങ്ങിയിട്ട്. ഇപ്പോള്‍ രണ്ട് കടകളാണ് അദ്ദേഹം അവിടെ നടത്തിവരുന്നത്. മൂന്നാമതൊരു കടകൂടി തുറക്കാന്‍ തയ്യാറെടുപ്പെല്ലാം നടത്തിയിരിക്കുമ്പോഴാണ് നിതാഖത് എന്ന സ്വദേശിവല്‍ക്കരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതോടെ ആ കടയുടെ ഉദ്ഘാടനം തല്ക്കാലം ഉപേക്ഷിച്ചു. നിന്നു തിരിയാന്‍ ഇടമില്ലാതിരുന്ന ഈ പ്രദേശം ഇപ്പോള്‍ വിജനമാണെന്ന്‍ വിജയചന്ദ്രന്‍ പറയുന്നു. അതിണര്‍ഥം സൗദി അറേബ്യയിലെ നിര്‍മാണമേഖല ഏതാണ്ട് പൂര്‍ണമായും സ്തംഭനത്തിലായിരിക്കുന്നു എന്നാണ്.

 

ഇന്ത്യന്‍ എംബസിയുടെ ഉള്‍പ്പടെയുള്ള സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നിരിക്കുന്നു. നൂറ്റമ്പതോളം അധ്യാപകരുളള, കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള സ്‌കൂളും ഇപ്പോള്‍ അടച്ചിട്ടവയില്‍ പെടുന്നുണ്ട്. അവിടെ ഇരുപത് അധ്യാപകര്‍ മാത്രമാണ് അവിടുത്തെ നിയമമനുസരിച്ചുള്ള വിസയില്‍ ഉള്ളത്. മറ്റുള്ളവരെല്ലാം വിസിറ്റ് വിസ, വീട്ടമ്മ എന്നീ വിഭാഗത്തില്‍ എത്തിപ്പെട്ടവരായിരുന്നു. ഇന്ത്യന്‍ എംബസി നടത്തുന്ന സ്‌കൂളില്‍ പോലും അങ്ങിനെയുള്ളവരായിരുന്നു.

 

കേന്ദ്രമന്ത്രിമാര്‍ വന്നതുകൊണ്ടോ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടോ പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടാകില്ലെന്നാണ് വിജയചന്ദ്രന്റെ അഭിപ്രായം. കാരണം സൗദി സര്‍ക്കാറും ഉദ്യോഗസ്ഥരുമൊക്കെ വെറും അടിമകളോടെന്ന വിധമാണ് തങ്ങളോട് പെരുമാറുന്നതെന്ന്‍  വിജയചന്ദ്രന്‍ പറയുന്നു. ഇപ്പോഴും ശക്തമായ രീതിയില്‍ നിതാഖത് പരിശോധന നടക്കുന്നുണ്ട്. വിജയചന്ദ്രന്റെ സ്ഥാപനത്തിലും പരിശോധന നടന്നു. സ്ഥാപനത്തില്‍ പ്രവൃത്തിയെടുക്കുന്ന പന്ത്രണ്ട് പേരില്‍ എട്ടുപേരും കടകളുടെ രേഖാമൂലമുള്ള ഉടമസ്ഥനായ അറബിയുടെ സ്‌പോസര്‍ഷിപ്പില്‍ എത്തിയവരാണ്. മറ്റ് നാലുപേരെ കടകളില്‍ നിന്ന്‍ പിന്‍വലിച്ചു. അവര്‍ നാട്ടിലേക്കു പോയിട്ടില്ല. ഇപ്പോള്‍ കട രേഖാമൂലം അറബിയുടെ പേരിലാണെങ്കിലും ആ അറബി കടയിലിരിക്കണമെന്ന്‍ നിര്‍ബന്ധമില്‍. ആ സ്ഥിതി മാറ്റി യഥാര്‍ഥ കടയുടമ കടയില്‍ എപ്പോഴുമുണ്ടായിരിക്കണമെന്ന നിയമവും കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുള്ളതായി വിജയചന്ദ്രന്‍ സൂചിപ്പിച്ചു.

 

ശരിയായ രേഖകളുമായി യഥാര്‍ഥ സ്പോണ്‍സറുടെ കീഴില്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇപ്പോഴും പ്രശ്‌നമില്ല. ഇപ്പോള്‍ ജോലിനഷ്ടപ്പെട്ട എല്ലാവര്‍ക്കും ആ വിധം ജോലിക്കു കയറുക ഉടന്‍ എളുപ്പമുള്ള കാര്യമല്ല. ഇപ്പോള്‍ ആളൊഴിഞ്ഞ കമ്പോളവും വ്യാപാരസ്ഥാപനങ്ങളുമാണ് പ്രതീക്ഷയ്ക്കിട നല്‍കുന്നത്. ഈ രീതിയില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്താനോ അവിടുത്തെ സാധാണ ജനജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനോ കഴിയില്ല. സ്വദേശിവല്‍ക്കരണ അജണ്ട സജീവമാണെന്ന്‍ തദ്ദേശീയരേയും വിദേശീയരേയും ഒരേ സമയം ബോധ്യപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായും ഇതിനെ കാണാവുന്നതാണത്രെ. ഈ രീതിയിലാണ് സ്വദേശിവല്‍ക്കരണം സൗദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അടുത്ത രണ്ട് ദശകകാലത്തേക്ക് മലയാളികളുള്‍പ്പടെയുള്ളവര്‍ക്ക് ഒരാശങ്കയ്ക്കുമിടയില്ലെന്ന്‍, ഇപ്പോള്‍ ജോലിയില്‍ നിന്ന്‍ മാറിനില്‍ക്കേണ്ടിവന്ന വിജയചന്ദ്രനോടൊപ്പമുണ്ടായിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുലൈമാന്‍ പറയുന്നു. നാട്ടില്‍ മാധ്യമങ്ങളും പ്രതിപക്ഷവും ഭരണപക്ഷവുമൊക്കെ പെരുപ്പിച്ചു കാണിക്കുംപോലെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്നും സലൈമാന്‍ കൂട്ടിച്ചേര്‍ത്തു. ഇടവേള സമയത്ത് സുലൈമാന്‍ നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. 'വേണമെങ്കില്‍ എനിക്കും എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ പറയാം പണി നഷ്ടപ്പെട്ടു വന്നിരിക്കുകയാണെന്ന്. സംഗതി ശരിയുമാണ്.എന്നാല്‍ തികച്ച് രണ്ട് മാസം പോലും വീട്ടില്‍ നില്‍ക്കാന്‍ പറ്റുമോ എന്ന്‍ കണ്ടറിയാം.' സുലൈമാന്‍ പറഞ്ഞു.

 

ടെലിവിഷനിലൂടെ നാട്ടിലെ കാര്യങ്ങളൊക്കെ സശ്രദ്ധം വീക്ഷിക്കുന്ന സുലൈമാന്‍  ഇപ്പോഴത്തെ ഈ പ്രശ്‌നത്തെ ഇത്രയ്ക്കധികം ഊതിവീര്‍പ്പിക്കുന്നത് കേരളരാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാറുന്ന സംഭവവികാസങ്ങളെ മൂടാന്‍ കൂടിയാണെന്ന്‍ അഭിപ്രായപ്പെടുന്നു. അഥവാ ഇണി അവിടെക്കിടന്ന്‍ ആരെങ്കിലും എന്തെങ്കിലും പരിശ്രമിച്ചാല്‍ തന്നെ പ്രയോജനമൊന്നുമില്ലെന്നും സുലൈമാന്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ മുന്നിലാണ് മലയാളികളുള്‍പ്പടെയുള്ളവര്‍ അടിമകളെപ്പോലെ ജീവിച്ചുകൊണ്ട് പണിയെടുക്കുന്നത്. അതിനൊരു മാറ്റം വരുത്താന്‍ അവര്‍ക്കു കഴിയാതിരിക്കുന്നു എന്നുള്ളതു പോകട്ടെ, എംബസിയുടെ തങ്ങളോടുള്ള സമീപനവും പൊതുവേ സൗദിസര്‍ക്കാരിന്റേതു പോലെ തന്നെയാണെന്നും സുലൈമാന്‍ കുറ്റപ്പെടുത്തി.

 

ഉന്നത നൈപുണികള്‍ ആവശ്യമുള്ള മേഖലകളില്‍ യോഗ്യരായ തദ്ദേശീയരുടെ അഭാവവും കൂടുതലായും ദക്ഷിണേഷ്യന്‍ വംശജര്‍ ജോലിയെടുക്കുന്ന അവിദഗ്ധ മേഖലകളില്‍ പ്രവേശിക്കാനുള്ള തദ്ദേശീയരുടെ വൈമനസ്യവുമാണ് സൗദി അറേബ്യ നേരിടുന്ന പ്രശ്നം. ഇത് പരിഹരിക്കുന്ന രീതിയില്‍ തദ്ദേശീയരായവരെ സജ്ജമാക്കുന്ന വിദ്യാഭ്യാസ പരിപാടിയോ തൊഴില്‍ പരിശീലന പരിപാടിയോ ഒന്നും ശാസ്ത്രീയമായ രീതിയില്‍ സൗദി സര്‍ക്കാര്‍ ഇപ്പേഴും ആരംഭിച്ചിട്ടില്ല. അന്താരാഷ്ട്ര നാണ്യ നിധിയുടെ കണക്കുകള്‍ അനുസരിച്ച് 2010ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 10 ശതമാനമാണ്. ജനസംഖ്യയില്‍ യുവാക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന സൗദി അറേബ്യയില്‍ പശ്ചിമേഷ്യയില്‍ പടര്‍ന്ന മുല്ലാപ്പൂ വിപ്ലവങ്ങളും ഭരണാധികാരികളെ ഇത്തരം നടപടികള്‍ക്ക് പ്രേരിപ്പിച്ചിരിക്കണം.

Tags: