Skip to main content
Update 08/03/2013
അച്ചന്‍കോവിലാറ്റില്‍നിന്ന് കായംകുളം താപനിലയത്തിലേക്കുള്ള പമ്പിങ് വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു. മണിയാര്‍ ഡാം തുറന്നാണ് ആറ്റില്‍ വെള്ളം എത്തിച്ചത്. എന്നാല്‍ വെള്ളത്തിലെ ഉപ്പുരസത്തിന്റെ അളവ് ഉപയോഗിക്കാവുന്നതിന്റെ പരമാവധിയായ 400 യൂണിറ്റാണ്. അതിനാല്‍ വെള്ളം സംഭരിക്കാതെ നിലയത്തിന്റെ  പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ്. നിലയത്തിലെ വൈദ്യുതി ഉത്പാദനം 350 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് എന്‍.ടി.പി.സി. അറിയിച്ചു.

തിരുവനന്തപുരം: കായംകുളം താപനിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം നിലച്ചേക്കും. ബോയിലര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ  ശുദ്ധജലം മൂന്നു ദിവസത്തേക്ക് കൂടിയേ അവശേഷിക്കുന്നുള്ളൂ എന്ന് എന്‍.ടി.പി.സി. കായംകുളം നിലയം ജനറല്‍ മാനേജര്‍ സി.വി. സുബ്രഹ്മണ്യം അറിയിച്ചു. നിലയത്തിലെ സംഭരണിയില്‍ നിന്നാണ് ഇപ്പോള്‍ ജലം ഉപയോഗിക്കുന്നത്.

 

നിലയത്തിലേക്ക് വെള്ളമെടുക്കുന്ന അച്ചന്‍കോവിലാറില്‍ ജലനിരപ്പ്‌ താഴ്ന്ന് ഉപ്പു വെള്ളം കയറാന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. 350 മെഗാവാട്ട് ഉത്പാദനശേഷിയുള്ള നിലയം ഇപ്പോള്‍ 150 മെഗാവാട്ട് മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു.

 

പരീക്ഷാക്കാലമായതിനാല്‍ മാര്‍ച്ച് 23 വരെ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കിയിരിക്കുന്നതിനാല്‍ ഊര്‍ജ്ജപ്രതിസന്ധി രൂക്ഷമായേക്കും. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇപ്പോള്‍ പ്രതിദിനം 58 ദശലക്ഷം യൂണിറ്റാണ്. ഇതില്‍  മൂന്നര ദശലക്ഷം യൂണിറ്റ് കായംകുളം നിലയത്തില്‍ ഉത്പാദിപ്പിക്കുന്നതാണ്.

 

കക്കാട് ജല പദ്ധതിയില്‍ ഉത്പാദനം കൂട്ടി അങ്ങിനെ കിട്ടുന്ന അധിക ജലം അച്ചന്‍ കോവിലാറില്‍ എത്തിക്കാനാണ് കെ.എസ്.ഇ.ബി. ആലോചിക്കുന്നത്. ഇതു വിജയിച്ചില്ലെങ്കില്‍ പകല്‍ സമയത്തും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.