Skip to main content

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍. 2013 ഏപ്രില്‍ ഒന്ന്‍ മുതല്‍ സര്‍വ്വീസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കിയതാണ് പ്രധാന പ്രഖ്യാപനം. മൂന്നു മണിക്കൂര്‍ നീണ്ട ബജറ്റ് അവതരണത്തിനിടെ ഈ ഭാഗം വായിക്കാന്‍ വിട്ടുപോയ മന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും എന്നും പ്രഖ്യാപനമുണ്ട്.

 

അധിക നികുതിഭാരം ഒഴിവാക്കിയ ബജറ്റ് ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂ വരവ് 58057.88 കോടി രൂപയും ചെലവ് 60,327.85 കോടിയും എന്നാണ് കണക്കാക്കിയിരിക്കുന്നത്. റവന്യു കമ്മി 2269.97 കോടി രൂപയാണ്. പ്രഖ്യാപിത അധിക ചെലവ് 1400.58 കോടിയും ഇളവുകള്‍ 67.88 കോടിയും അധിക വിഭവ സമാഹണം 1138.33 കോടി രൂപയുമാണ്.

 

മന്ത്രി മാണിയുടെ പതിനൊന്നാമത് ബജറ്റ് അവതരണം ആയിരുന്നു ഇത്.

 

പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍
  • ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളും; പലിശ രഹിത വായ്പ നല്‍കും
    കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കും; കാര്‍ഷിക വായ്പയ്ക്ക് റിസ്ക് ഇന്‍ഷുറന്‍സ്.
  • 3 ജില്ലകള്‍ ജൈവതാലൂക്കുകളാക്കും; ജൈവബ്രാന്റുകള്‍ക്കായി പ്രത്യേക സഹായം; ജൈവകൃഷിക്ക് 12 കോടി രൂപ.
  • നാളികേര വികസനത്തിന് 20 കോടി; നാളികേര വൈവിധ്യവല്‍ക്കരണത്തിന് ബയോപാര്‍ക്ക്; തെങ്ങില്‍നിന്നുള്ള നീര ഉല്‍പ്പന്നങ്ങള്‍ക്ക് പദ്ധതി; കൃഷിഭവനുകളില്‍ പച്ചത്തേങ്ങ സംഭരിക്കും.

 

  • ആര്‍ഭാട വിവാഹത്തിന് ചെലവേറും; ആര്‍ഭാട വിവാഹത്തിന്റെ മൊത്തം ചെലവിന്റെ മൂന്ന് ശതമാനം മംഗല്യനിധിയിലേക്ക്; നിര്‍ധന യുവതികളുടെ വിവാഹത്തിനായി മംഗല്യനിധി ഉപയോഗിക്കും; നിര്‍ധനര്‍ക്ക് വിവാഹത്തിന് 20,000 രൂപയുടെ സഹായം; വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം.
  • എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിക്കും; കര്‍ഷകര്‍ക്ക് 500, വിധവകള്‍ക്ക് 700, വികലാംഗര്‍ക്ക് 700 രൂപ ക്ഷേമ പെന്‍ഷന്‍; പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 7000രൂപയാക്കി; ആശാവര്‍ക്കര്‍മാര്‍ക്ക് 700 രൂപ.
  • ജില്ലാ ആസ്ഥാനങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍; സംസ്ഥാനം യാചകവിമുക്തമാക്കും; യാചക സംരക്ഷണ നിയമം കൊണ്ടുവരും; കുട്ടികളെ ഭിക്ഷയ്ക്ക് ഉപയോഗിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം.
  • എല്ലാ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്; തിരുവനന്തപുരം ആര്‍സിസി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ; സര്‍ക്കാര്‍ ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ സെന്റര്‍; മെഡിക്കല്‍ കോളേജുകളില്‍ പൊള്ളല്‍ ചികിത്സാ യൂണിറ്റ്.

 

  • സോളാര്‍ വ്യവസായ പാര്‍ക്കിന് 2 കോടി;   സൗരോര്‍ജ്ജ പദ്ധതി വ്യാപിപ്പിക്കാന്‍ 15 കോടി രൂപ; എന്‍.ടി.പി.സിയുടെ സഹായത്തോടെ കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കും;
  • സൈക്കിള്‍യാത്ര പ്രോത്സാഹിപ്പിക്കാന്‍ റോഡുകളില്‍ പ്രത്യേക ട്രാക്ക്; നഗരങ്ങളിലെ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ 10 കോടി; നഗരങ്ങളില്‍ മാലിന്യ സംസ്കരണത്തിന് 33 കോടി

 

  • കെഎസ്ആര്‍ടിസിക്ക് 186 കോടി വകയിരുത്തും; പ്രതിസന്ധി മറികടക്കാന്‍ കൂടുതലായി 100 കോടി; 500 ബസ്സുകള്‍ മാറ്റി പുതിയ ബസ്സുകള്‍ നിരത്തിലിറക്കും.
  • അടിസ്ഥാന സൗകര്യ വികസനത്തിന് 758 കോടി രൂപ; എല്ലാം ജില്ലാ ആസ്ഥാനങ്ങളിലും മൊബിലിറ്റി ഹബ്ബുകള്‍; റോഡുകളുടെ വികസനത്തിന് 855 കോടി; ദേശീയപാതകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും; വല്ലാര്‍പാടം മുതല്‍ പൊന്നാനി വരെ തീരദേശ ഇടനാഴി; പ്ലാസ്റ്റിക് റോഡ് നിര്‍മാണം വ്യാപിപ്പിക്കും.
  • ജലക്ഷാമം പരിഹരിക്കാന്‍ 7000 തടയണ: 400 കോടി; മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 50 കോടി; 14 ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കും; 1200 മെഗാവാട്ട് ലക്ഷ്യമിട്ട് ചീമേനിയില്‍ പദ്ധതി; കൂടുതല്‍ വൈദ്യുതി സബ്‌സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

 

 

  • വയനാട്, പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍ അരിമില്ലുകള്‍; എല്ലാ താലൂക്കുകളിലും തൃപ്തിന്യായവില ഭക്ഷണശാലകള്‍; സപ്ലൈകോയ്ക്ക് 100 കോടി; സഞ്ചരിക്കുന്ന 50 മാവേലിസ്‌റ്റോറുകള്‍; 140 റേഷന്‍ കടകള്‍ തുടങ്ങും; ന്യായവില ഭക്ഷണശാലകളില്‍ 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കും.

 

 

  • മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും; 3 കോര്‍പ്പറേഷനുകളില്‍ ഫിഷ് മാളുകള്‍; 50 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും; മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മറൈന്‍ അംബുലന്‍സ് സ്ഥാപിക്കും; പരപ്പനങ്ങാടിയില്‍ ഫിഷിംഗ് ഹാര്‍ബറിന് 65 കോടി.
  • ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംഭരണ പാര്‍ക്ക്; കയര്‍ മേഖലയില്‍ ഇന്‍ക്യുബേഷന്‍ സെന്‍ററിന് 20 കോടി; ബാംബു കോര്‍പ്പറേഷന് 3 കോടി; സഹകരണ മേഖലയ്ക്ക് 75 കോടി.

 

 

  • വിദ്യാഭ്യാസ മേഖലയ്ക്ക് 581 കോടി; മികവിന് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവാര്‍ഡ്; എംജി സര്‍വ്വകലാശാലയില്‍ നാനോ ശാസ്ത്രപഠനം; മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ഫീസിളവ്.
  • തൊഴില്‍ വികസനത്തിന് ആറിന പദ്ധതികള്‍; പോളിടെക്നിക്, ഐടിഐകളില്‍ പ്ലേസ്മെന്‍റ് സെല്ലുകള്‍; ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ 50 കോടിരൂപ.
  • യുവസംരഭകര്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ 20 കോടി; നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കെഎസ്എഫ്ഇയുടെ സംരംഭക പദ്ധതി
  • എല്ലാ ജില്ലകളിലെയും ഒരു ഗ്രാമത്തില്‍ കലാഗ്രാമം; ടൂറിസം വികസനത്തിന് 189 കോടി; വന്യജീവി ആക്രമണം നേരിടാന്‍ 10 കോടി; തിരുവനന്തപുരത്ത് സോയില്‍ മ്യൂസിയം.

 

  • ഗൃഹശ്രീ ഭവന പദ്ധതിക്ക് 90 കോടി സബ്‌സിഡി; എംഎല്‍എമാര്‍ക്ക് ഫ്ലാറ്റ് നിര്‍മിക്കാന്‍ 10 കോടി

 

  • പൊടിയരി, അവല്‍, മലര്‍, പാദരക്ഷ, സൗരോര്‍ജ ഉപകരണങ്ങള്‍, ഐസ്‌ എന്നിവയ്ക്ക് വില കുറയും.
  • സിഗരറ്റ്, ബിയറും വൈനും ഒഴികെയുള്ള മദ്യം, ആഡംബരകാര്‍, പ്ലാസ്റ്റിക് ബാഗ്, ഡിസ്‌പോസിബിള്‍ ഗ്ലാസ്സ്, വാങ്ങി 3 മാസത്തിനകം കൈമാറുന്ന ഭൂമി എന്നിവയ്ക്ക് വില കൂടും.