Skip to main content
തിരുവനന്തപുരം

vayalar ravi, kk ragesh

 

കേരളത്തിൽ ഒഴിവു വരുന്ന മൂന്ന്‍ രാജ്യസഭാ സീറ്റുകളില്‍ കെ.കെ രാഗേഷ് സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥിയാകും. കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭാ കാലാവധി തീരുന്ന വയലാർ രവി വീണ്ടും മത്സരിക്കാനാണ് സാധ്യത. ഒരു സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകും യു.ഡി.എഫിന്റെ ഭാഗത്ത് നിന്ന്‍ മത്സരിക്കുക.

 

വയലാര്‍ രവി, പി. രാജീവ്‌ (സി.പി.ഐ.എം), എം.പി അച്യുതന്‍ (സി.പി.ഐ) എന്നിവരുടെ ഒഴിവിലേക്ക് ഏപ്രില്‍ 16-നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. എം.എല്‍.എമാരാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. നിയമസഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച് യു.ഡി.എഫിന് രണ്ടും എല്‍.ഡി.എഫിന് ഒരു സ്ഥാനാര്‍ഥിയേയും വിജയിപ്പിക്കാനാകും. ആറു വര്‍ഷമാണ് രാജ്യസഭാംഗങ്ങളുടെ കാലാവധി.  

 

യു.പി.എ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവ് വയലാർ രവിയുടെ പേര് വീണ്ടും ശുപാർശ ചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർ തമ്മിലുള്ള ചർച്ചയിൽ ധാരണയായി. വയലാര്‍ രവി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക.

 

1994 മുതല്‍ രാജ്യസഭാംഗമാണ് രവി. 1971 മുതല്‍ 1991 വരെ കേരള നിയമസഭയില്‍ അംഗമായിരുന്നു. 1982 മുതല്‍ 86 വരെ സംസ്ഥാനത്ത് ആഭ്യന്തര മന്ത്രിയും ആയിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ആയ കെ.കെ രാഗേഷ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുന്‍ രാജ്യസഭാംഗം പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ക്ക് മുസ്ലിം ലീഗില്‍ രാജ്യസഭാ സീറ്റിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.