ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കോഴക്കേസില്‍ കുറ്റപത്രം നല്കിയാലും രാജി വെക്കില്ലെന്ന ധനകാര്യ മന്ത്രി കെ.എം മാണിയുടെ അഭിപ്രായം വ്യക്തിപരമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ യു.ഡി.എഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച യു.ഡി.എഫ് യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന അരുവിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് ആര്.എസ്.പി ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച തീരുമാനം യോഗം മുഖ്യമന്ത്രിയ്ക്ക് വിട്ടു ഈ സ്ഥാനത്തിനും ആര്.എസ്.പി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
തനിക്കെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങളില്‍ യോഗത്തില്‍ മാണി അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ബുധനാഴ്ച രാവിലെ മാണി മന്ത്രിസ്ഥാനം ഒഴിയണം എന്ന് സൂചിപ്പിച്ച് കെ.പി.സി.സി വക്താവ് പന്തളം സുധാകരന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിപ്പിട്ടിരുന്നു. മാണിയ്ക്ക് ഇനി വിശ്രമമാണ് ആവശ്യമെന്നും ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും സുധാകരന് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ സാധിക്കുമെന്നും സുധാകരന് കുറിച്ചിരുന്നു.
എന്നാല്‍, സുധാകരന്റെ അഭിപ്രായം പാര്‍ട്ടിയുടേത് അല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും പ്രതികരിച്ചു. വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ വക്താക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും സുധീരന് അറിയിച്ചു. തുടര്‍ന്ന്, തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതായി വിശദീകരിച്ച സുധാകരന് ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിക്കുന്നതായി പറഞ്ഞു.