Skip to main content
കൊച്ചി

 

കേരളത്തിലെ നിക്ഷേപസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കുന്ന നിക്ഷേപകര്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സ്വകാര്യവ്യക്തിക്കോ സംരംഭത്തിനോ കൈവശം വയ്ക്കാവുന്നത് പരമാവധി 15 ഏക്കര്‍ ഭൂമി മാത്രമാണ്. അഞ്ച് കോടി രൂപയുടെ നിക്ഷേപമുള്ളതോ 20 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതോ ആയ സംരംഭത്തിന് ഒരേക്കര്‍, 50 കോടി നിക്ഷേപിക്കുന്നവര്‍ക്ക് പത്ത് ഏക്കര്‍ എന്നിങ്ങനെ അധിക ഭൂമിക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദ്വിദിന ആഗോള പ്രവാസി കേരളീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നിക്ഷേപം നേടിത്തരികയും ചെയ്യുന്ന സ്വകാര്യ സംരംഭങ്ങളെ പൊതു ആവശ്യമായി കണക്കാക്കാമെന്നും അവയ്ക്ക് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള പുത്തന്‍ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്തി കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുവാന്‍ പ്രവാസി നിക്ഷേപകര്‍ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങള്‍ പലമടങ്ങു വര്‍ദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രവാസി സംഗമം ഊന്നല്‍ നല്‍കുന്നത് വിദേശത്തുള്ള വനിതകളുള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായിരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.

 

സംസ്ഥാനത്തിന് 85,000 കോടിയുടെ വിദേശവരുമാനമുണ്ടാക്കിത്തരുന്ന പ്രവാസികളാണ് കേരളത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറയെന്ന് ധനകാര്യ മന്ത്രി കെ.എം മാണി വിശേഷിപ്പിച്ചു. പരിശീലനം നേടിയ യുവസംരംഭകര്‍ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 20 ലക്ഷം രൂപവരെ പലിശയില്ലാതെ വായ്പയും പത്തുശതമാനം മൂലധന പങ്കാളിത്തവും നല്‍കുന്നുണ്ട്. വിദേശത്തുനിന്നു തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഈ പദ്ധതി ഉപയോഗിക്കാവുന്നതാണെന്ന് മാണി നിര്‍ദ്ദേശിച്ചു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി വളര്‍ത്തുന്നതിന് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കണ്ണൂര്‍ വിമാനത്താവളം, കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതികളില്‍ പ്രവാസികളുടെ നിക്ഷേപം ഫിഷറീസ്, തുറമുഖ, എക്‌സൈസ് വകുപ്പു മന്ത്രി കെ. ബാബു അഭ്യര്‍ഥിച്ചു.

 

പ്രൊഫ. കെ.വി തോമസ് എംപി, നോര്‍ക്ക വകുപ്പു മുന്‍മന്ത്രി എം.എം ഹസ്സന്‍, കൊച്ചി മേയര്‍ ടോണി ചമ്മണി, മരട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശ്രീ ദേവരാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍മാരായ എം.എ. യൂസഫലി, സി.കെ മേനോന്‍, ഡയറക്ടര്‍മാരായ രവി പിള്ള, സി.റ്റി കുരുവിള, സി.ഇ.ഒ പി. സുദീപ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

നിക്ഷേപാവസരങ്ങള്‍, തിരിച്ചെത്തുന്നവരുടെ പുനരധിവാസം, പ്രവാസി മലയാളികളായ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ആഗോള പ്രവാസി സംഗമം ചര്‍ച്ചചെയ്യും.