കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണം വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിശ്ചിത ദൂരം നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്നും ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ തന്നെയാകും ആദ്യഘട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെട്രോയുടെ ഇതുവരെയുള്ള നിര്‍മ്മാണ പുരോഗതിയില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 ജൂണിനകം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങള്‍ മൂലം ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേ സര്‍വീസ് ആരംഭിക്കാന്‍ കഴിയൂ എന്ന്‍ പദ്ധതി നടപ്പിലാക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) ഉപദേശകന്‍ എ. ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജനുവരി ആറ് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ട്.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണ് മെട്രോ റെയിലിന്റെ ആദ്യ ഘട്ടം വിഭാവനം ചെയ്തിരുന്നത്. ഇതിനെ ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ ഒരു ഭാഗമായും അതിന് ശേഷം മറ്റൊരു ഭാഗമായും തിരിച്ചാണ് നിര്‍മ്മാണം ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ഭാഗത്ത് പ്രവര്‍ത്തനം മന്ദഗതിയിലാണ്.
മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള ഭാഗമെങ്കിലും 2016 ജൂണിനകം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സ്ഥലമേറ്റെടുപ്പ് ഉദ്ദേശിച്ച രീതിയില്‍ നടക്കാത്തതിനാല്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രം മെട്രോ നിര്‍മാണം നടത്തി സര്‍വീസ് തുടങ്ങുമെന്നാണ് ഡി.എം.ആര്‍.സി അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണു സ്ഥലമേറ്റെടുപ്പ് വൈകുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്ഥലമേറ്റെടുക്കുന്ന നിയമത്തില്‍ വന്ന മാറ്റവും മറ്റൊരു കാരണമായി പറയുന്നു. ഇതു സംബന്ധിച്ച ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല.
അതേസമയം, നിര്‍മ്മാണം വൈകുന്നതിന് സ്ഥലമേറ്റെടുപ്പാണ് കാരണം എന്ന്‍ പറയുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്ന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) പ്രതികരിച്ചു. 1,116 തൂണുകളില്‍ 983 എണ്ണത്തിനും ആവശ്യമായ സ്ഥലം കൈമാറിക്കഴിഞ്ഞതായി കെ.എം.ആര്‍.എല്‍ അധികൃതര്‍ പറയുന്നു. ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള ഭാഗത്തെ 818 തൂണുകളില്‍ 18 എണ്ണത്തിന്റെ ഭൂമി കൈമാറ്റം മാത്രമേ ബാക്കിയുള്ളൂ. മെട്രോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് അധിക സ്ഥലം ആവശ്യമില്ലെങ്കിലും 50 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാകേണ്ടിടത്ത് 25 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ എന്നും കെ.എം.ആര്‍.എല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.