Skip to main content

മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും ലോക്സഭാംഗവുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. ഹൃദയസ്തംഭനം നേരിട്ട് ചൊവ്വാഴ്ച രാവിലെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദ് ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.15-നാണ് മരിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയായിരുന്നു അഹമ്മദ് കുഴഞ്ഞുവീണത്. മൃതദേഹം ഇന്ന്‍ കേരളത്തിലേക്ക് കൊണ്ടുവരും. കബറടക്കം നാളെ കണ്ണൂരില്‍.

 

മലപ്പുറം മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന അഹമ്മദിന്റെ ബജറ്റ് അവതരണ ദിനത്തിലെ മരണം വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ആദരസൂചകമായി സഭ പിരിയുന്ന കീഴ്വഴക്കം തുടര്‍ന്ന്‍ ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന് വിവിധ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണവാര്‍ത്ത സ്ഥിരീകരിക്കുന്നതിന് മുന്‍പ് അഹമ്മദിനെ കാണാന്‍ തങ്ങളെ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്ന് നേരത്തെ കുടുംബാംഗങ്ങളും പരാതി ഉയര്‍ത്തിയിരുന്നു.

 

യു.പി.എ മന്ത്രിസഭയില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള അഹമ്മദ് 25 വര്‍ഷം ലോക്സഭാംഗവും 18 വര്‍ഷം നിയമസഭാംഗവുമായിരുന്നു. 1982-87 കാലയളവില്‍ സംസ്ഥാന വ്യവസായ മന്ത്രിയുമായിരുന്നു. ആദ്യ യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പിലും രണ്ടാം യു.പി.എ മത്രിസഭയില്‍ റയില്‍വേ, വിദേശകാര്യം, മാനവ വിഭവ ശേഷി വികസനം എന്നീ വകുപ്പുകളിലും സഹമന്ത്രിയായിരുന്നു.