എല്ലാ വിദ്യാർഥികൾക്കും സൗജന്യയാത്ര വേണ്ടെന്ന് കെ.എസ്.ആർ.ടിസി

Fri, 23-12-2016 04:29:14 PM ;

കെ.എസ്.ആർ.ടിസിയിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യയാത്ര അനുവദിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജിംഗ് ഡയറക്ടര്‍ എം.ജി രാജമാണിക്യം കത്ത് നൽകി. സര്‍ക്കാര്‍, എയിഡഡ് കൊളേജ്- സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സൗജന്യം ചുരുക്കണമെന്നും സ്വകാര്യ കൊളേജ്- സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യയാത്ര നൽകേണ്ടതില്ലെന്നുമാണ് ഗതാഗത സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം.

 

ലക്ഷങ്ങൾ ഫീസ് നൽകി പഠിക്കുന്ന സ്വകാര്യ സ്കൂളുകളിലേയും കോളേജുകളിലേയും കുട്ടികൾക്ക് ഒരു കാരണവശാലും സൗജന്യയാത്ര അനുവദിക്കാനാവില്ലെന്നാണ് കത്തില്‍ പറയുന്നത്. കൺസെഷന് വരുമാന പരിധി നിശ്ചയിക്കണമെന്നും ആവശ്യമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നത് മൂലം പ്രതിദിനം ഒന്നര ലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുന്നുവെന്നും വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാകുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്.

 

അതേസമയം, കത്തിനെ കുറിച്ച് അറിയില്ലെന്ന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. സൗജന്യയാത്ര സംബന്ധിച്ച് തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

യു.ഡി.എഫ് ഭരണ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോൾ 2015 ഫിബ്രവരി ഒന്നു മുതലാണ് സംസ്ഥാനത്ത് പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചത്.

 

140 കിലോമീറ്ററിൽ കൂടുതൽ സ്വകാര്യ ബസുകൾക്ക് യാത്ര അനുവദിക്കരുതെന്നും ഇപ്പോൾ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്‌ പെർമിറ്റുകളുള്ള എല്ലാ സ്വകാര്യ ബസുകളും ഓർഡിനറിയാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: