Skip to main content

സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് ഇത് അറിയിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളെയും വരൾച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ സമിതി യോഗത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രഖ്യാപനം.  

 

കാലവര്‍ഷത്തില്‍ 34 ശതമാനവും തുലാവര്‍ഷത്തില്‍ 69 ശതമാനവും കുറവുണ്ടായെന്ന് റവന്യൂമന്ത്രി അറിയിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചാല്‍പോലും സംസ്ഥാനം കനത്ത വരള്‍ച്ച നേരിടേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു.

 

വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതോടെ ജല ഉപയോഗത്തിനു നിയന്ത്രണം വരും. സഹകരണ ബാങ്കുകളിൽനിന്നുൾപ്പെടെയുള്ള കാർഷിക വായ്പകൾക്കു മൊറട്ടോറിയം നിലവിൽ വരും. ഈ സ്ഥിതിയിൽ കേന്ദ്രസഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

 

നിലവിൽ ഡാമുകളിലെ ജലനിരപ്പു ശരാശരിയെക്കാൾ 22 ശതമാനത്തോളം കുറവാണ്. തുലാമഴ പ്രതീക്ഷിക്കുന്നത് പോലെ ലഭിച്ചില്ലെങ്കില്‍ വേനൽക്കാലത്തു വൈദ്യുതി നിയന്ത്രണത്തിനും സാധ്യതയുണ്ട്.

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന കുടിവെള്ളക്ഷാമം, കര്‍ഷകര്‍ നേരിടുന്ന ജല ദൗര്‍ലഭ്യം, നേരിടേണ്ടിവരുന്ന വൈദ്യുതി പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടി വി.എസ് ശിവകുമാര്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ കേന്ദ്ര സഹായം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമസഭയില്‍ ആവശ്യപ്പെട്ടു.

 

വിവിധതലങ്ങളില്‍നിന്ന് ലഭിച്ച 26 റിപ്പോര്‍ട്ടുകളുടെയും ദുരന്തനിവാരണ സമിതിയുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് നാലു വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ വരര്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്. ഞായറാഴ്ച ചേര്‍ന്ന ദുരന്തനിവാരണ സമിതിയുടെ അടിയന്തര യോഗം സാഹചര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 2012 ഡിസംബര്‍ 31നായിരുന്നു മുമ്പ് വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്.