ബാര്‍ കോഴ കേസ്: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

Fri, 23-09-2016 02:14:59 PM ;

ബാര്‍ കോഴക്കേസില്‍ മറ്റൊരു അന്വേഷണം കൂടി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി ആര്‍. സുകേശന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. 45 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. കേസ് ഡയറിയില്‍ കൃത്രിമം നടത്തിയെന്ന ഹര്‍ജിക്കാരന്റെ വാദം വാദം അംഗീകരിച്ചാണ് അന്വേഷണ ഉത്തരവ്.

 

കേസ് ഡയറിയില്‍ ചില വെട്ടിതിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. മാണിക്കെതിരായ തെളിവുകൾ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ശങ്കർ റെഡ്ഢി മൂന്ന് കത്തുകൾ സുകേശന്  അയച്ചതും കോടതി കണക്കിലെടുത്തു. രണ്ടാമത്തെ കത്തില്‍ കേസിലെ മുഖ്യസാക്ഷിയായ ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ഒഴിവാക്കണമെന്ന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

 

നേരത്തെ, കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആര്‍. സുകേശന്‍ തന്നെ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച് കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.   

Tags: