കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ.എം ദാമോദരന്‍ ഹാജരായി. വിജിലന്‍സ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി പരിഗണിച്ചിരുന്ന ദാമോദരന്‍ ഹാജരായത്.
സ്വകാര്യ കോഴി ഫാം കമ്പനിയുടെ നികുതിക്കുടിശിക എഴുതിത്തള്ളിയും ആയുർവേദ സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ നികുതി കുറച്ചും ഖജനാവിന് നഷ്ടം വരുത്തിയെന്ന്‍ ആരോപിച്ചാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.
കേസില്‍ വിജിലന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി ഈ മാസം 19ന് വിശദമായ വാദം കേള്‍ക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വഴിവിട്ട ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും മാണി വാദിക്കുന്നു.
നിയമോപദേശക സ്ഥാനത്തേക്ക് പ്രഖ്യാപനമുണ്ടായതിന് ശേഷവും വിവാദമായ കേസുകളില്‍ സര്‍ക്കാറിനെതിരെ ദാമോദരന്‍ ഹാജരായിരുന്നു. ഇത് വ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചതോടെയാണ് ദാമോദരന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന്‍ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.