Skip to main content

അഴിമതിക്കേസില്‍ മലബാര്‍ സിമന്റ്‌സ് എം.ഡി കെ.പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പത്മകുമാറിനെ സര്‍ക്കാര്‍ മലബാര്‍ സിമന്റ്‌സ് എം.ഡി സ്ഥാനത്തുനിന്ന് നീക്കി. വ്യവസായവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

 

ചോദ്യം ചെയ്യാനായി വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിനെ കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്മകുമാറടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥരടെ ഓഫിസുകളിലും വസതികളിലും കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടത്തിയിരുന്നു.

 

ഡീലര്‍ഷിപ്പ് അനുവദിച്ചതിലെ ക്രമക്കേട്, ക്ലിങ്കര്‍ ഇറക്കുമതിയിലെയും സിമന്റ് വിതരണത്തിലെയും അഴിമതി, സ്റ്റോക്കും ലാഭവും പെരുപ്പിച്ചു കാണിച്ചതിലെ ക്രമക്കേട് എന്നിങ്ങനെ മൂന്ന്‍ കേസുകളാണ് പത്മകുമാറിന് എതിരെയുള്ളത്.

 

മലബാര്‍ സിമിന്റ്‌സിലെ ഒരു ജീവനക്കാരനും തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സംരക്ഷണ സമിതിയും കഴിഞ്ഞവര്‍ഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ എടുത്തത്.