Skip to main content

വായ്പാ തിരിച്ചടവ് വൈകി ജപ്തി ഭീഷണി നേരിടുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പുതിയ കടാശ്വാസ പദ്ധതി കൊണ്ടുവരും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നെടുത്ത അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ ഉദ്ദേശിച്ചിച്ചുള്ളതാണ് മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി എന്ന പേരുള്ള ഒറ്റത്തവണ കടാശ്വാസ പദ്ധതി. പലിശയിനങ്ങളില്‍ എടുത്ത തുകയുടെ അത്രയും തിരിച്ചടച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ബാക്കിയുള്ള കടം സര്‍ക്കാര്‍ ഉത്തരവിലൂടെ എഴുതിത്തള്ളും.

 

നിലവില്‍ പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കരുതപ്പെടുന്നു. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി രണ്ട് കടാശ്വാസ പദ്ധതികള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. ഇതിന്റെ പരിധിയില്‍ വരാത്തവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്.

 

സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്, പട്ടികജാതി - പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ കോർപറേഷനുകള്‍, സംസ്ഥാന വനിതാ വികസന കോർപറേഷന്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, റവന്യൂ വകുപ്പ്  എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം.