Skip to main content

വിവരാവകാശ നിയമപ്രകാരം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക്‌ മറുപടി നല്‍കണമെന്ന നിലപാടിലുറച്ച് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നിരസിച്ചെന്ന പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളുമെന്ന്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്  സര്‍ക്കാര്‍.

 

മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാകില്ലെന്നും ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുമാണ് സര്‍ക്കാന്‍ നിലപാട്. മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയതിനു ശേഷം മാത്രമേ വിവരം പുറത്തുവിടൂ. രഹസ്യ സ്വഭാവമുള്ള വകുപ്പുകളുടെ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

 
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി. ബിനുവിന്റെ അപേക്ഷയിലായിരുന്നു ഉത്തരവ്. 

 
വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.